അംന സെബിന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പുരസ്‌കാരം കൈമാറുന്നു
റിയാദ് : കേളി കലാസാംസ്‌കരികവേദിയുടെ അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാരത്തിന്റെ 2019 - 20 വര്‍ഷത്തിലെ വിതരണോല്‍ഘാടനം റിയാദില്‍ നടന്നു.ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിതരണം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അതത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ മേഖല കേന്ദ്രീകരിച്ചും, ജില്ലാതലങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു വിതരണം നടത്തിയിരുന്നത്.
എസ്.എസ്.എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. കേളി സെക്രട്ടറിയേറ്റ് അംഗവും ജോയിന്റ് ട്രഷററുമായ സെബിന്‍ ഇഖ്ബാലിന്റെ മകള്‍ അംന സെബിന്‍ ആണ് റിയാദില്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥിയായ അംന സെബിന്‍ പത്താം ക്ലാസ്സിലെ സ്‌കൂള്‍ സെക്കന്‍ഡ് ടോപ്പ് സ്‌കോറര്‍ കൂടിയാണ്.
ബത്തയില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, ഗോപിനാഥന്‍ വേങ്ങര, സുധാകരന്‍ കല്ല്യാശ്ശേരി, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആര്‍.സുബ്രഹ്‌മണ്യന്‍, സുരേഷ് കണ്ണപുരം, സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ അംന സെബിന് പുരസ്‌കാരം കൈമാറി. സെക്രട്ടറിയേറ്റ് അംഗം ജോസഫ് ഷാജി ചടങ്ങിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..