ഇന്റർ കേളി ഫുട്‌ബോൾ ജേതാക്കളായ ടീം ഉമ്മുൽ ഹമാം
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം ഉമ്മുല്‍ ഹമാം ജേതാക്കളായി. റിയാദിലെ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍, ഒന്‍പത് ടീമുകളുടെയും മാര്‍ച്ച് പാസ്റ്റോടെ തുടക്കം കുറിച്ച ടൂര്‍ണമെന്റില്‍ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ സല്യൂട്ട് സ്വീകരിക്കുകയും തുടര്‍ന്ന് കിക്കോഫ് നടത്തി ഉദ്്ഘാടന കര്‍മം നിര്‍വ്വഹിക്കുകയും ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതമാശംസിച്ചു.
പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ത ബ്ലാസ്റ്റേഴ്സ്, ഫാല്‍ക്കണ്‍ അല്‍ഖര്‍ജ്, അല്‍ അര്‍ക്കാന്‍ മലാസ് എന്നിവര്‍ നേരിട്ടും ഗോള്‍ ശരാശരിയില്‍ ടീം ഉമ്മുല്‍ ഹമാമും സെമിയില്‍ പ്രവേശിച്ചു. ആദ്യ സെമിയില്‍ ടീം ഉമ്മുല്‍ ഹമാം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബത്ത ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നപ്പോള്‍ രണ്ടാം സെമി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയും പെനാല്‍ട്ടി ഷൂടൗട്ടിലൂടെ അല്‍ അര്‍ക്കാന്‍ മലാസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫാല്‍ക്കണ്‍ അല്‍ ഖര്‍ജ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.
ഫൈനല്‍ മല്‍സരത്തില്‍ എ ടു സെഡ് ദുബായ് മാര്‍ക്കറ്റ് മനേജര്‍ നവാസ്, കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍, സ്പോട്സ് കമ്മറ്റി ആക്ടിങ് ചെയര്‍മാന്‍ റിയാസ് പള്ളാട്ട്, സ്‌പോട്‌സ് കമ്മറ്റി അംഗം സെയ്ദ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ രണ്ടാം പകുതിയിലെ നാലാം മിനുട്ടുല്‍ അഷ്ഫാഖ് നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ടീം ഉമ്മുല്‍ ഹമാം ജേതാക്കളായത്.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി മൊയ്തു (ഫാല്‍ക്കണ്‍ അല്‍ഖര്‍ജ്), മികച്ച കളിക്കാരനായി റാഷിദ് (ഫാല്‍ക്കണ്‍ അല്‍ഖര്‍ജ്), ടോപ്പ് സ്‌കോറര്‍ ആയി ജിഷാദ് (ബത്ത ബ്ലാസ്റ്റേഴ്സ്), മികച്ച ഡിഫന്റര്‍ ആയി ജനീദ് (ബത്ത ബ്ലാസ്റ്റേഴ്സ്),ഫൈനലിലെ മികച്ച കളിക്കാരനായി അഷ്ഫാഖ് (ടീം ഉമ്മുല്‍ ഹമാം) എന്നിവരെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും ജനുവരി 7ന് നടക്കുന്ന കേളിദിന കലാപരിപാടികളുടെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..