-
ജുബൈല്‍ : സമകാലിക ഇന്ത്യയില്‍ അര്‍ത്ഥം നഷ്ടപ്പെട്ട ചില പദങ്ങളില്‍ ഒന്നാണ് ദേശ സ്‌നേഹമെന്നും അനേകായിരം ധീരദേശാഭിമാനികളായ മനുഷ്യര്‍ മത-ജാതി-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി ഒരുമിച്ചു നിന്ന് പോരാടി തങ്ങളുടെ ജീവ രക്തം നല്‍കി സംരക്ഷിച്ചു പോന്ന ഇന്ത്യയുടെ അതി മഹത്തായ പാരമ്പര്യങ്ങള്‍ക്കും മതേതര മൂല്യങ്ങള്‍ക്കും തികച്ചും വിരുദ്ധമായ ആശയങ്ങളും ചിന്തകളും ദേശ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഭരണഘടനാ സംരക്ഷണ യജ്ഞത്തില്‍ ചേര്‍ന്ന് നിന്ന് ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹികളുടെ കടമെയെന്നു ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ജുബൈലിലെ സാമൂഹിക സംഘടനാ കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പൗരത്വ ഭേതഗതിയും ഫാഷിസ്റ്റ് അജണ്ടകളും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടിയ ദേശസ്‌നേഹികളുടെ പിന്‍തലമുറ നാടിന്റെ പാരമ്പര്യ പൈതൃകങ്ങളെ ശിഥിലമാക്കാന്‍ ഒരുങ്ങുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റുകളുടെ ഒളിയജണ്ടകള്‍ക്ക് കീഴൊതുങ്ങേണ്ടി വരുന്നതും, അവരുടെ ദേശസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നതും, ഒറ്റുകാരെയും ദേശദ്രോഹികളെയും ദേശ സ്‌നേഹികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും കാവലാളാവേണ്ട ഭരണകൂടം തന്നെ അനീതി നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമ്പോള്‍, ഉന്നതമായ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ അപകടകരമാംവിധം മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്നത്തെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ കേവലം ഒരു മുസ്ലിം പ്രശ്‌നമായി ചുരുക്കി ക്കെട്ടാതെ ഇത് ഇന്ത്യക്കാരന്റെ പ്രശ്‌നമായി മനസ്സിലാക്കുകയും, മതേതര കാഴ്ചപ്പാടുള്ള എല്ലാവരും ഒന്നിച്ച് പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും സെമിനാര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിനെ രക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടത്. ജനങ്ങളെ തെരുവിലിറക്കാന്‍ എളുപ്പമാണ് എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടി സാധിക്കേണ്ടതുണ്ട്. രാജ്യത്ത് കലാപം ഉണ്ടാക്കുക എന്നത് വര്‍ഗീയമായി ചിന്തിക്കുന്നവരുടെ എന്നത്തെയും അജണ്ടയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നുഴഞ്ഞുകയറി തല്‍പരകക്ഷികള്‍ അക്രമത്തിന് വഴിമരുന്നിടും. അതിനാല്‍ രാജ്യത്ത് കലാപം ഉണ്ടാക്കുന്ന വൈകാരിക ആഹ്വാനങ്ങളില്‍ നിന്ന് പിന്തിരിയുകയും, ക്രിയാത്മകമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. തീവ്രമായി ചിന്തിക്കുന്ന സംഘടനകള്‍ പ്രതിഷേധത്തിന് നേതൃത്വം ഏറ്റെടുക്കുന്ന സാഹചര്യം ഇല്ലാതിരിക്കാന്‍ മുഖ്യധാര സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു
വര്‍ഗീയമായി ചിന്തിക്കുന്നവര്‍ പൗരത്വബില്‍ അടക്കമുള്ള ഫാസിസ്റ്റുകളുടെ അജണ്ടകളെ നിസ്സാരമായി സമീപിക്കും, ന്യൂനപക്ഷ വിഭാഗത്തിലെ വൈകാരികമായി പ്രതികരിക്കുന്നവര്‍ ഭീതി വിതക്കാനുള്ള ശ്രമങ്ങളും നടത്തും. ഇത് രണ്ടിന്റെയും ഇടയിലാണ് യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണമെന്നും സാംസ്‌കാരിക നേതാക്കള്‍ വ്യക്തമാക്കി. ഭൗതികമായ കാരണങ്ങള്‍ അവസാനിക്കുന്നിടത്ത് നിരാശരാകുന്നവരല്ല വിശ്വാസികള്‍. അതിനപ്പുറമുള്ള വഴിയിലൂടെ നമ്മെ സഹായിക്കാന്‍ പ്രപഞ്ച നാഥന്‍ ഉണ്ടെന്ന അടിയുറച്ച വിശ്വാസം കാത്ത് സൂക്ഷിക്കുന്ന വിശ്വാസികള്‍ ഭയപ്പെടേണ്ടതില്ല. മറ്റാര്‍ക്കുമില്ലാത്ത നിര്‍ഭയത്വം ഉള്ളവരാണ് വിശ്വാസികള്‍. സൃഷ്ടാവിന്റെ തൃപ്തി നേടാന്‍ കൂടുതല്‍ വിശുദ്ധിയും ഭക്തിയും ജീവിതത്തില്‍ പുലര്‍ത്തുകയും അവനില്‍ ഭരമേല്‍പിക്കുകയും ഒപ്പം മതേതര ജനാധിപത്യ വിശ്വാസികളോടൊപ്പം ചേര്‍ന്ന്, വ്യക്തിത്വം കാത്തുസൂക്ഷിച്ച്, ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..