മന്ത്രി എ.കെ. ബാലൻ
ജിദ്ദ: ആഗോളതലത്തില്‍ മലയാളികളെ ഭാഷാടിസ്ഥാനത്തില്‍ കണ്ണിചേര്‍ത്തുകൊണ്ട് ലോകത്തിന്റെ നാനാ കോണുകളിലേക്കും മാതൃഭാഷാ പഠനവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതില്‍ മലയാളം മിഷന്‍ അത്ഭുതകരമായ നേട്ടമാണ് കൈവരിച്ചതെന്ന് സാംസ്‌കാരിക-നിയമ മന്ത്രിയും മലയാളം മിഷന്‍ ഉപാധ്യക്ഷനുമായ എ.കെ. ബാലന്‍. സമീപകാല ചരിത്രത്തില്‍ ഭാഷാ പ്രചാരണത്തിനും ഭാഷാവബോധത്തിനും ഇത്രയേറെ പ്രാധാന്യമേറിയ ഒരു കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വിദേശരാജ്യങ്ങളിലും രണ്ടു ഇന്ത്യന്‍ നഗരങ്ങളിലുമായി പേരിനു മാത്രം പ്രവര്‍ത്തിച്ചിരുന്ന മലയാളം മിഷന്‍ ഇന്ന് ലോകത്തെ 41 രാജ്യങ്ങളിലും 24 ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 45,000 അധികം പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ മാതൃഭാഷാ പഠനം നടത്തുന്ന ബ്രഹത്തായ ഭാഷാ-സാംസ്‌കാരിക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷന്റെ സൗദി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രവേശനോത്സവം ഓണ്‍ലൈനില്‍ ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ചില സ്‌കൂളുകള്‍ മലയാളം പഠിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും കുട്ടികള്‍ മലയാളം സംസാരിച്ചാല്‍ ശിക്ഷിക്കുകയും ചെയ്തിരുന്ന പഴയകാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിയമ നിര്‍മ്മാണത്തിലൂടെ മലയാളം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവേശനോത്സവത്തില്‍ മലയാളം മിഷന്‍ ഡയറക്ടറും എഴുത്തകാരിയുമായ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവ ചടങ്ങില്‍ ജിദ്ദ കേരളൈറ്റ് ഫോറം കണ്‍വീനര്‍ വി.കെ. റഊഫ്, മലയാളം ന്യൂസ് പത്രാധിപര്‍ മുസാഫിര്‍, ജിദ്ദ മീഡിയാ ഫോറം ചെയര്‍മാന്‍ ജലീല്‍ കണ്ണമംഗലം, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത്, പ്രസിഡന്റ് എം.എം.നയീം, ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി, ജെ.എന്‍.എച്ച് ഡയറക്ടര്‍ വി.പി.മുഹമ്മദലി, വിവിധ സംഘടനാ നേതാക്കളായ ശ്രീകുമാര്‍ മാവേലിക്കര, നസീര്‍ വാവാക്കുഞ്ഞ്, ബഷീര്‍ പരുത്തിക്കുന്നന്‍, എ.എം.അബ്ദുല്ല കുട്ടി, സലാഹ് കാരാടന്‍, അബ്ദുല്‍ ലത്തീഫ്, സന്തോഷ് കാവുമ്പായി, ഷാനവാസ് കൊല്ലം, ഇസ്മായില്‍ കല്ലായി, അബ്ദുല്‍ അസീസ് സലാഹി, ഉബൈദ് തങ്ങള്‍, മുസാഫിര്‍ പാണക്കാട്, സാജു അത്താണിക്കല്‍, തോമസ് മാത്യു നെല്ലുവേലില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മലയാളം മിഷന്‍ ജിദ്ദ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് പത്തനാപുരം സ്വാഗതം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..