ജിദ്ദ: ലോകത്തിലെ എല്ലാ വിഭാഗം വിശ്വാസികളും ആദരിക്കുന്ന വിശ്വപ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച ബി.ജെ.പി. വക്താക്കള്‍ നൂപുര്‍ ശര്‍മ, നവീന്‍ ജിൻഡൽ എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടി സ്വീകരിച്ച് അര്‍ഹമായ ശിക്ഷ നല്കി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സും അഭിമാനവും വീണ്ടെടുക്കണമെന്ന് ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അമേരിക്ക, ഖത്തര്‍, കുവൈറ്റ് സൗദി അറേബ്യ, ഒമാന്‍, ഇറാന്, അന്‍പതോളം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. അടക്കം ഇതിനെതിരെ രംഗത്ത് വരികയും ലോകത്ത് ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. പല രാഷ്ട്രങ്ങളും ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ച് വരുത്തി താക്കീതും മുന്നറീപ്പും നല്‍കിയത് ഗൗരവമുള്ള കാര്യമാണ്. തല്‍ക്കാലത്തേക്ക് ഇവരെ സസ്പെന്‍ഡ് ചെയ്ത് തല ഊരാനുള്ള ബി.ജെ പി. നീക്കം ലോകം മുഖവിലക്ക് എടുക്കാന്‍ പോവുന്നില്ല. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് ജയിലിടക്കുകയും അവരുടെ സ്വത്ത് കണ്ട് കെട്ടുകയുമാണ് നാഗ്പൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കണ്ടത്. ഇത് കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ച് കളിക്കുള്ള ഉദാഹരണമാണ്.
രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട് അതിന് ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും സാമാന്യ ബോധമെങ്കിലും വേണം. വര്‍ഗ്ഗീയ വിഭ്രാന്തിയില്‍ സ്ഥലകാലബോധമില്ലാത്തവര് ഭരണകര്‍ത്താക്കളും പാര്‍ട്ടി വക്താക്കളുവെക്കെ ആയതിന്റെ ദുരന്തമാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. ഏറ്റവും വലിയ വര്‍ഗ്ഗീയ വാദി ഏറ്റവും വലിയ നേതാവാവുന്ന കാഴ്ചയും ഏറ്റവും വലിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രഭാഷകര്‍ താരമാവുന്ന രീതിയാണ് ബി.ജെപിയില്‍ കാണുന്നത്.
അറബ് ഗള്‍ഫ് രാജ്യങ്ങളുമായി നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്ന ഇന്ത്യയുടെ സൗഹൃദത്തിന് കോട്ടം തട്ടിയാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും ഒഴിഞ്ഞ് മാറാനാവില്ല. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത് ഈ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ ഇന്ത്യക്ക് ഉണ്ടാവാന്‍ പോവുന്ന പ്രത്യാഘാതത്തെ കുറിച്ച് ഊഹിക്കാന്‍ പോലും കഴിയാത്തത്ര ശുരുതരാവസ്ഥയായിരിക്കും സംഭവിക്കുക.
നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയും പ്രകൃതി വാതകങ്ങളും മാത്രമല്ല ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഗള്‍ഫ് മേഖല അതിന് പുറമെ ഇന്ത്യന്‍ വ്യാവസായിക വാണിജ്യ നിക്ഷേപക കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ യഥേഷ്ടം വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ബി.ജെ.പിക്ക് വാരിക്കോരി പണം കൊടുക്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ഖജനാവ് നിറയുന്നത് പോലും ഗള്‍ഫിലെ വന്‍കിട നിക്ഷേപമാണ്.
ഹിന്ദി ബെല്ററിലെ അക്ഷരവെളിച്ചം കടക്കാത്ത ഓണംകേറാ മൂലകളാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കാഷായ വേഷക്കാരായ വിവരദോഷികള്‍ വിളിച്ചു പറയുന്ന വിടുവായത്തങ്ങള്‍ക്ക് ഒരു രാജ്യം തന്നെ വില കൊടുക്കേണ്ടി വരും. ഇന്ത്യന്‍ ഭരണാധികാരികളായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ കുറിച്ച് വളരെ ആദരവോടും മതിപ്പോടും കൂടിയായിരുന്നു പണ്ട് വിദേശ രാജ്യങ്ങളിലെ സാധാരണക്കാര്‍ പോലും സംസാരിച്ചിരുന്നത്. എന്നാലിന്ന് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ മറ്റു നാട്ടുകാര്‍ക്കിടയില്‍ നിരന്തരം തല താഴ്ത്തേണ്ട ദുരവസ്ഥയുണ്ടാക്കിയത് നമ്മുടെ ഭരണകൂടങ്ങളാണ്.
ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലും നിര്‍മ്മിക്കാന്‍ സ്വന്തം രാജ്യത്ത് ഭൂമിയും സൗകര്യവും നല്കി മതവും ജാതിയും ഭാഷയും വേഷവും ദേശവും നോക്കാതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുകയും ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന പോലും നല്കിയ ഗള്‍ഫ് ഭരണകൂടങ്ങളെ പിണക്കാതിരിക്കണമെങ്കില് ഇന്ത്യയിലെ വര്‍ഗ്ഗീയ വിഷജന്തുക്കളെ കൂട്ടിലടക്കേണ്ടി വരുമെന്ന് ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ബഹുസ്വര മതേതര രാജ്യമായ ഇന്ത്യയുടെ അന്തസ്സും അഭിമാനവും ഭരണകൂടങ്ങള്‍ കളഞ്ഞു കുളിക്കുമ്പോള്‍ രാജ്യസ്നേഹികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി. ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..