.
ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരെന്റ്‌സ് ഫോറം (ഇസ്പാഫ്), ജിദ്ദ, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രസിഡന്റ് ഡോ:മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ:മുസഫ്ഫര്‍ ഹസ്സന്‍, മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ മുഹ്‌സിന്‍ ഹുസൈന്‍ ഖാന്‍, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ജസീം അബു മുഹമ്മദ്, ഡോ:പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസ്സന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതിന്റെ പരിഹാരത്തിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികളും ആവശ്യപ്പട്ടു.
സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. ഇന്നത്തെ തൊഴില്‍ നിയമങ്ങളും മറ്റു നിയമ വിഷയങ്ങളും പുതിയ കരാറില്‍ ഏര്‍പ്പെടുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നും കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആയ യാത്ര സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കുന്നതില്‍ മാനേജ്മന്റ് കമ്മിറ്റി പ്രത്യേകം നിഷ്‌കര്‍ഷത പുലര്‍ത്തുകയും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു എന്നും വിശദീകരിച്ചു.
നിലവില്‍ 9 മുതല്‍ 12 വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള യാത്ര സൗകര്യം ലഭ്യമാക്കിയെന്നും കെജി വിദ്യാത്ഥികള്‍ക്ക് അടുത്ത മൂന്ന് ആഴ്ചകള്‍ക്ക് ഉള്ളില്‍ യാത്ര സൗകര്യം ലഭ്യമാക്കും എന്നും അറിയിച്ചു. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള യാത്ര സൗകര്യം വേനലവധിക്ക് ശേഷം ലഭ്യമാകും എന്നും അറിയിച്ചു.
യാത്ര പ്രശ്നത്തിന് പുറമെ മറ്റു വിഷയങ്ങളും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രിന്‍സിപ്പാലിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. അതില്‍ സ്‌കൂളിന്റെ മുന്നില്‍ ഉള്ള യാത്ര കുരുക്ക്, ടോയ്‌ലറ്റിന്റെ അവസ്ഥ, കുടിവെള്ള ശീതീകരണ സംവിധാനം, ലൈബ്രറി സൗകര്യത്തിലെ അപര്യാപ്തത തുടങ്ങിയവ പരിഹരിക്കുന്നതിനായി ഇതിനകം നടപടി സ്വീകരിച്ചു തുടങ്ങിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ ഇരുന്നു ചര്‍ച്ച ചെയ്യുവാനും അതിന്റെ പരിഹാര നടപടികള്‍ കൂടിയാലോചിക്കാനും വരും നാളുകളില്‍ കൂടിക്കാഴ്ചകള്‍ തുടര്‍ന്നും നടത്താന്‍ വേണ്ടിയുള്ള ഇസ്പാഫിന്റെ നിര്‍ദേശം മാനേജ്‌മെന്റ് കമ്മിറ്റി തത്വത്തില്‍ അംഗീകരിച്ചു.
അധ്യാപകരില്‍ ശരിയായ യോഗ്യത ഉള്ളവരുടെ കുറവും കോവിഡിന് ശേഷം ഓഫ്ലൈന്‍ ക്ലാസ്സില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളും മാനേജ്മെന്റ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും പരിഹരിക്കാന്‍ ഉള്ള നടപടികള്‍ പ്രിന്‍സിപ്പള്‍ ഏറ്റെടുത്തു നടപ്പിലാക്കുമെന്നും അറിയിച്ചു.
കോ-എഡ്യൂക്കേഷന്‍ നടപ്പാക്കിയതുമൂലം കുട്ടികളുടെ സെഷന്‍ മാറിയത് കൊണ്ട് അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, ആവശ്യമുള്ള പാരന്റ്‌സ് പ്രിന്‍സിപ്പാള്‍, എച്ച്.എം എന്നിവര്‍ക്ക് ഇമെയില്‍ അയച്ചു പരിഹാരം തേടാവുന്നതാണ്. ആവശ്യമുള്ള നടപടി പ്രിന്‍സിപ്പാള്‍ ഉടന്‍ സ്വീകരിക്കുന്നതാണ്.
ചര്‍ച്ചയില്‍ പ്രസിഡന്റിന് പുറമെ ഇസ്പാഫിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ഫസ്ലിന്‍, ജാഫര്‍ ഖാന്‍, റഫീഖ് പെരൂള്‍, അഹമ്മദ് യൂനുസ്, അഡൈ്വസര്‍മാരായ മുഹമ്മദ് ബൈജു, സലാഹ് കാരാടന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Jeddah, Indian school parents forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..