ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ സണ്ണി ജോസഫ് എം എൽ എ. പ്രസംഗിക്കുന്നു | Photo: Pravasi mail
മനാമ: ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും കാത്ത് പുലര്‍ത്താന്‍ ജീവന് ബലിയര്‍പ്പിച്ച നേതാക്കള്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ.
ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തില്‍ വീണ്ടും മഹാത്മജിയുടെ ഫോട്ടോ കാണുമ്പോള്‍ നെഞ്ചിലേക്ക് വെടി വയ്ക്കാന്‍ മടി ഇല്ലാത്ത ആളുകളാണ് രാജ്യം ഭരിക്കുന്നത്.
സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന നടപടികള്‍ക്ക് ശേഷം സിക്ക് വിഭാഗക്കാരായ സ്വന്തം അംഗരക്ഷകരില്‍ നിന്ന് ആക്രമണം ഉണ്ടാകും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വകവയ്ക്കാതെ, സിഖ് വിഭാഗത്തില്‍പെട്ട ആളുകളെ ഒഴിവാക്കിയാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് മുറിവേല്ക്കും എന്നും, അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല എന്നും വിശ്വസിച്ചുകൊണ്ട് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയ നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധി.
ശ്രീപെരുമ്പത്തൂരില്‍ എരിഞ്ഞമര്‍ന്ന രാജീവ് ഗാന്ധിയുടെ ഛിന്നഭിന്നമായ ശരീരം വാരി എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍കിടന്ന വെള്ളകളറില് ഉള്ള ഷൂ മൂലമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതശരീരം ഒരു നോക്ക് നേരില്‍ കാണുവാന്‍ പോലും സാധ്യമാകാതെ അടച്ച പെട്ടിയില്‍ സോണിയഗാന്ധിയുടെയും, കൊച്ചു കുട്ടികളായ രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മുന്നില്‍ എരിഞ്ഞടങ്ങിയപ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീണ കണ്ണീര് കണങ്ങള്‍ ഈ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത് ആയിരുന്നു. അങ്ങനെ നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവിതം ഹോമിച്ച പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്. ചില കാലഘട്ടങ്ങളില്‍, ചില നേതാക്കളുടെ പ്രവര്‍ത്തനം മൂലം സംഘടനക്ക് ചില പോരായ്മകള്‍ വന്നിട്ടുണ്ട് എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ എല്ലാ വിഭാഗം ആളുകളെയും യോജിപ്പിച്ചു കൊണ്ട് ഇന്ത്യയെ മുന്നിട്ട് നയിക്കുവാന്‍ സാധിക്കുകയുള്ളു എന്നും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.
ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി ,പ്രമുഖ ഗായകനും, സോഷ്യല്‍ ആക്റ്റിവിസ്റ്റും ആയ യുസഫ് കാരക്കാട് മുഖ്യ അതിഥിയായി പങ്കെടുത്തുകൊണ്ട് മത സൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന മാപ്പിളപാട്ടുകള്‍ ആലപിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് രവി കണ്ണൂര്‍, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജേഷ് ബാലന്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, ഒഐസിസി നേതാക്കളായ ജവാദ് വക്കം, മനു മാത്യു, ജോയ് എം ഡി, ചെമ്പന്‍ ജലാല്‍, ജെസ്റ്റിന് ജേക്കബ്, ഷമീം കെ. സി, ജി ശങ്കരപ്പിള്ള, പവിത്രന് പൂക്കുട്ടി, നിജില്‍ രമേശ്, രമേശന് കണ്ണൂര്‍, അഷ്റഫ് കണ്ണൂര്‍, ടോം ജോസഫ്, നിസ്സാര്‍ കുന്നംകുളത്തിങ്കള്, ഉണ്ണികൃഷ്ണപിള്ള, സല്‍മാനുല്‍ ഫാരിസ്, റംഷാദ് അയിലക്കാട്, എന്നിവര്‍ നേതൃത്വം നല്കി. പ്രമുഖ വ്യവസായി ഇബ്രാഹിം വി. പി യെ അനുമോദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അജിത് കുമാര്‍ സ്വാഗതവും, ജില്ലാ ട്രഷറര്‍ അനീഷ് ജോസഫ് നന്ദിയും അറിയിച്ചു. കൃഷ്ണ രാജീവ് പരിപാടി നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..