PPA
മനാമ: കൊറോണയുടെ ഭീതിദമായ ഈ കാലത്തും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും തിരിച്ചറിയണമെന്നു ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രോഗ്രസിവ് പാരന്റ്‌സ് അലയന്‍സ് (പി.പി.എ) രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലിം, കണ്‍വീനര്‍ വിപിന്‍ പി.എം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി സ്‌കൂളായ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കുകയെന്ന വലിയ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തോളം കുട്ടികള്‍ക്കാണ് കഴിഞ്ഞ അധ്യയന വര്‍ഷം ഫീസിളവു നല്‍കിയത്.
കുട്ടികളുടെ പഠനസഹായം ആവശ്യപ്പെട്ടുള്ള 1500ലേറെ അപേക്ഷകളാണ് ഇപ്പോള്‍ സ്‌കൂളില്‍ വന്നിട്ടുള്ളത്. ഇതോടപ്പം അര്‍ഹതപ്പെട്ട പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള കംപ്യൂട്ടര്‍, ടാബ് എന്നിവ നല്‍കുന്നതടക്കം ആവശ്യമായ സഹായം സ്‌കൂള്‍ ചെയ്തുവരുന്നു. ഒരുവിഭാഗം അധ്യാപകരും രക്ഷാകര്‍ത്താക്കളും സന്നദ്ധ സേവന തല്‍പരരായ സംഘടനകളും, ഭരണസമിതിയുടെയും, അവരെ പിന്തുണക്കുന്നവരുടെയും സത്യസന്ധതയും ഉദ്ധേശശുദ്ധിയും മനസ്സിലാക്കി ഭരണസമിതിയോടപ്പം ചേര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് അവശ്യമായ സഹായം ചെയ്തുവരുന്നുണ്ട്. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഈ അധ്യാപക-രക്ഷകര്‍തൃ- സാമൂഹ്യ സഘടനാ സമൂഹം നിര്‍വഹിക്കുന്നത്. സ്‌കൂള്‍ സ്റ്റാഫിന്റെ ഇന്‍ഡെമിനിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ആരംഭകാലം മുതല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന റിസര്‍വ് ഫണ്ട്, റിഫ കാമ്പസിന്റെ നിര്‍മാണത്തിന് ലോണ്‍ എടുക്കാനെന്ന പേരില്‍ നിര്‍മാണഘട്ടത്തില്‍ ഭരിച്ച ഭരണസമിതി ബാങ്കില്‍ ജാമ്യ സംഖ്യയായി കെട്ടിവച്ചതിന്റെ ഫലമായി വലിയ സാമ്പത്തിക പ്രയാസമാണ് സ്‌കൂള്‍ നേരിടുന്നത്. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ഇന്‍ഡെമിനിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനു സ്‌കൂള്‍ ഫെയറില്‍ നിന്നും കുട്ടികളുടെ ഫീസില്‍നിന്നും ഒരു വിഹിതം നീക്കിവെക്കേണ്ടതായിവരുന്നു.
ജി.സി.സി യില്‍ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ മുന്‍കാല ഭരണസമിതികള്‍ വരുത്തിവച്ച ബാങ്ക്ലോണ്‍ അടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകളുമായാണ് മുന്നോട്ടുപോകുന്നത്. അഭ്യുദയകാംഷികളായ സുമനസുകളില്‍ നിന്നു ലഭിക്കുന്ന സഹായത്തോടൊപ്പം ഫീസ് ഇനത്തില്‍ പിരിക്കുന്ന തുകയില്‍ നിന്നും സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനും, സാമ്പത്തിക പരാധീനത ഉള്ളവരെ സഹായിക്കുന്നതിനായി കുറച്ച് പണമെങ്കിലും കണ്ടെത്തണം എന്ന നിലപാടാണ് പി.പി.എ യുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഉള്ളത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സ്‌കൂളിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് വളരെ ഖേദകരമാണ്. ഇത്തരക്കാരുടെ ലക്ഷ്യം ഒരിക്കലും സ്‌കൂളിന്റെ ന•യല്ല. സ്‌കൂളിനെതിരെ ചിലര്‍ പ്രചരിപ്പിക്കുന്ന ആരോപണം അഡ്മിഷന്‍ ഫീസായി വാങ്ങുന്ന തുകയിലെ എ.സി, ബില്‍ഡിംഗ് മെയ്ന്റനന്‍സ് ഫീസ്, ലൈബ്രറി ഫീസ്, ഫങ്ക്ഷന്‍ ഫീസ് അടക്കമുള്ളവ എല്ലാമാസവും വാങ്ങുന്നു എന്നാണ്. ഇതെല്ലാം വര്‍ഷത്തില്‍ ഒറ്റത്തവണ വാങ്ങുന്നതാണ് എന്നത് ഫീസിന്റെ ഡീറ്റൈല്‍ നോക്കിയാല്‍ തന്നെ മനസിലാകും. ഇതെല്ലം തന്നെ സ്‌കൂളിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും, ലൈബ്രറി അടക്കമുള്ളവയുടെ വിദ്യാഭ്യാസ സംബന്ധമായ വികസനത്തിനും വേണ്ടി മാറ്റിവക്കുന്നതാണ്. ഈ വര്ഷം കുട്ടികള്‍ക്ക് പാഠപുസ്തകം അതിന്റെ വില മാത്രം സ്വീകരിച്ച് സൗജന്യമായി വീട്ടില്‍ എത്തിക്കുക കൂടി ചെയ്തിരുന്നു.
പി.പി.എയുടെ നേതൃത്വത്തിലുള്ള കമ്മറ്റി വന്നതിന് ശേഷം കഴിഞ്ഞ അഞ്ചര വര്‍ഷത്തിനുള്ളില്‍ ജനറല്‍ ബോഡിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അംഗീകരത്തോടെ ഒരു തവണ മാത്രമാണ് വളരെ നാമമാത്രമായി ഫീസ് വര്‍ദ്ധിപ്പിച്ചത്. അതും രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കുവാന്‍ രണ്ട് തവണയായിയാണ് നടപ്പാക്കിയത്. സ്‌കൂളില്‍ നിന്നും പട്ടാപകല്‍ വിലകൂടിയ സാധനങ്ങള്‍ ആരോകടത്തിക്കൊണ്ടു പോയി എന്നതരത്തില്‍ മറ്റൊരു ആരോപണം ഇത്തരക്കാര്‍ ഉന്നയിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. പി പി.എയുടെ ഭരണസമിതി വന്നതിന് ശേഷം ഏര്‍പ്പെടുത്തിയ ശക്തമായ സെക്യൂരിറ്റി സംവിധാനത്തിന്റെ ഫലമായി പ്രസ്തുത സംഭവം പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട് ആ വ്യക്തിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നതില്‍ ഉത്തരവാദിത്തരാഹിത്യം കാണിച്ച മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ക്കും എതിരായി നിയമപരമായ നടപടിസ്വീകരിക്കുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത്തരത്തില്‍ മാതൃകാപരമായ സമീപനമാണ് സ്‌കൂള്‍ ഭരണസമിതി സ്വീകരിച്ചുവരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ തെളിവ് സഹിതം വ്യക്തമാക്കുവാന്‍ ആരോപണം ഉന്നയിച്ചവര്‍ തയ്യാറാവണം. അല്ലെങ്കില്‍ നിയമപരമായ നടപടിക്ക് വിധേയമാകേണ്ടതായിവരും. അതിന് ഭരണസമിതി യാതൊരുതരത്തിലും ഉത്തരവാദികള്‍ ആയിരിക്കുകയില്ല്‌ലെന്ന് കൂടി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ കൊറോണയുടെ ഭീതിതമായ കാലത്ത് പോലും വന്ന പത്തും പന്ത്രണ്ടും ക്ലാസുകളിലെ റിസള്‍ട്ടും, കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തു സ്‌കൂള്‍ നടത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മികവിന്റെ ഉദാഹരണങ്ങളാണെന്ന് പ്രോഗ്രസിവ് പാരന്റ്‌സ് അലയന്‍സ് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..