-
ദോഹ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തര്‍ എയര്‍വെയ്സിനും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും പരസ്പരം യാത്രക്കാരെ കൊണ്ടുപോകാനാവും.
ആഗസ്ത് 18 മുതലാണ് കരാര്‍ നിലവില്‍ വരിക. ഇന്ന് രാവിലെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്റ്ററേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ മാസം 18 മുതല്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് ധാരണ.
ഉത്തരവ് പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിവാര സര്‍വീസുകളില്‍ ഖത്തര്‍ എയര്‍വെയ്സിനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും സീറ്റുകള്‍ തുല്യമായി വീതിച്ചു നല്‍കും. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്ക് വിധേയമായി ആയിരിക്കും സര്‍വീസ്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകളില്‍ ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് വരാന്‍ അനുമതിയുണ്ടാവും. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍, ക്വാറന്റീന്‍ ബുക്കിങ് തുടങ്ങിയ നിബന്ധനകള്‍ ബാധകമായിരിക്കും.
ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഇല്ലാത്തത് കാരണം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതിന് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. എയര്‍ ബബിള്‍ കരാര്‍ വന്നതോടെ ഈ പ്രശനത്തിന് പരിഹാരമാവും.
ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകള്‍ അതത് വിമാന കമ്പനികള്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി വില്‍പ്പന നടത്തും. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..