Photo: Pravasi Mail
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് (എം.ഒ.എച്ച്) വേണ്ടി കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റമദാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എം.ഒ.എച്ച് ആവശ്യപ്പെട്ട പ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും സഫമക്ക പോളിക്ലിനിക്കിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രവാസി സമൂഹം ഏറ്റെടുത്തു. മാര്‍ച്ച് 25-ന് മലാസിലെ പുതിയ ലുലു മാളില്‍ നടന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ നീണ്ടു നിന്നു. കേളിയുടേയും, കേളി കുടുംബ വേദിയുടെയും പ്രവര്‍ത്തകര്‍ക്ക് പുറമെ നിരവധി മലയാളികളും, ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരുമായ ആയിരത്തോളം ആളുകള്‍ ക്യാമ്പിനെത്തിയിരുന്നു. രക്തം ദാനം ചെയ്യുന്നതിനായി അറുന്നൂറോളം പേര്‍ തയ്യാറായെങ്കിലും 539 പേരുടെ രക്തം സ്വീകരിക്കാനേ സാധിച്ചുള്ളൂ. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടത്താനുദ്ദേശിച്ച മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടര്‍മാരുടെ അസൗകര്യത്തെ തുടര്‍ന്ന് നടത്താന്‍ സാധിച്ചില്ലെന്ന് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷമീര്‍ കുന്നുമ്മല്‍ അറിയിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് അത്യാവശ്യ ഘട്ടങ്ങളിലെല്ലാം രക്തത്തിനായി കേളിയെ സമീപിക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള മദീന ബസപകടം, മക്ക ക്രയിന്‍ ദുരന്തം എന്നിവയിലെല്ലാം കേളിയുടെ രക്തദാനം വളരെ സഹായകമായിട്ടുള്ളതായി റിയാദ് ബ്ലഡ് ബാങ്ക് ഡയറക്റ്റര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരി പറഞ്ഞു. 2 മൊബൈല്‍ യൂണിറ്റ് അടക്കം ഒരേ സമയം 22 പേരുടെ രക്തം എടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. 48 മെഡിക്കല്‍ സ്റ്റാഫ്, 70 വളണ്ടിയര്‍മാര്‍ എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
ക്യാമ്പിന്റെ സമാപന ചടങ്ങില്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു എടപ്പുറത്ത് ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതവും ക്യാമ്പ് കോഡിനേറ്റര്‍ ഷമീര്‍ കുന്നുമ്മല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയും സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ങഛഒ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മലാസ് ബ്രാഞ്ച് മാനേജര്‍ മുജീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ഉപഹാരവും, സര്‍ട്ടിഫിക്കറ്റും ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരിയില്‍ നിന്നും കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ ഏറ്റുവാങ്ങി. കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദി പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, ജീവകാരുണ്യ കമ്മറ്റി അംഗം സുജിത്ത്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു ഏടപ്പുറത്ത്, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, സലീം മടവൂര്‍, അനില്‍, സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, ചെയര്‍മാന്‍ ബിജു തായമ്പത്ത്, നൗഷാദ്, കേളി വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട് എന്നിവര്‍ ക്യാമ്പ് നിയന്ത്രിക്കുന്നതിന് നേതൃത്വം നല്‍കി.
ഫോട്ടോ : കേളിയുടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പില്‍ നിന്നും
Content Highlights: Huge crowd participation for Keli Mega Blood Donation Camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..