ഹാജിമാർ മിനായിലേക്ക്
മിന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം ആരംഭിച്ചു. വാര്‍ഷിക ഹജ്ജ് തിര്‍ത്ഥാടനത്തിന്റെ ആദ്യ ചടങ്ങുകള്‍ ആരംഭിച്ചതോടെ ഒരു ദശലക്ഷം തീര്‍ഥാടകര്‍ ജീവിതത്തിലെ ആത്മീയ യാത്രയിലാണ്. വിശാലമായതും ചരിത്രമുറങ്ങുന്നതുമായ മിന താഴ്വാരം തല്‍ബിയ്യത്ത് മന്ത്രധ്വനികളാല് മുഖരിതമാണ്. എങ്ങും ശുഭ്രവസ്ത്രധാരികളായ ഹാജിമാര്‍. ഹജ്ജ് കര്‍മ്മത്തിന്റെ പ്രഥമ ദിനമായ ഇന്ന് തീര്‍ത്ഥാടകര്‍ മിനയില്‍ കഴിച്ചുകൂടുകയാണ്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ഹാജിമാര്‍ മിനായില്‍ എത്തിത്തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാര്‍ ഇന്നും മിനായിലെത്തും. തീര്‍ത്ഥാടകരുടെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ ഹറമില്‍ കഅബയെ വലംവെച്ചശേഷം മിനായിലെത്തിയിരിക്കുന്നത്. പുണ്യ സ്ഥലങ്ങളിലെ ചൂട് 42 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതോടെ പലരും കുട പിടിച്ചാണ് സൂര്യ ചൂടില്‍നിന്നും രക്ഷതേടുന്നത്.
പ്രവാചകന് മുഹമ്മദ് നബി അവസാന പ്രഭാഷണം നടത്തിയ അറഫാത്ത് പര്‍വതത്തില്‍ നാളെ നടക്കുന്ന പ്രധാന ചടങ്ങായ അറഫ സംഗമത്തിന് മുന്നോടിയായാണ് ഹറമില്‍നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള മിനയിലെ വിശാലമായ കൂടാര നഗരത്തില്‍ ഹാജിമാര്‍ പ്രാര്‍ത്ഥനയുമായി കഴിയുന്നത്.
തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ സൗദി അധികൃതര്‍ വന്‍ ക്രമികരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇസ്ലാമിലെ രണ്ട് വിശുദ്ധ നഗരമായ മക്കയിലും മദീനയിലുമായി 23 ആശുപത്രികളും 147 ഹെല്‍ത്ത് സെന്ററുകളും തീര്‍ഥാടകരെ സേവിക്കാനായി സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
മിനായില്‍ തീര്‍ഥാടകരെ ചികിത്സിക്കാന്‍ നാല് ആശുപത്രികളും 26 ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. രോഗികള്‍ക്കായി 1,000-ലധികം കിടക്കകളും ഹീറ്റ്സ്ട്രോക്ക് രോഗികള്‍ക്ക് പ്രത്യേകമായി 200-ലധികം കിടക്കകളും തയ്യാറാണ്. കൂടാതെ 25,000-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയത്തും ഹാജിമാരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സജീവമായുണ്ട്.
ഏകദേശം 1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന് മുഹമ്മദ് നബിയുടെ കാലം മുതല്‍ പിന്തുടര്‍ന്ന ആചാരമനുസരിച്ച് പ്രവാചകന്മാരായ ഇബ്രാഹിമിന്റെയും ഇസ്മാഈലിന്റെയും കാല്‍പ്പാടുകള്‍ പിന്തുടര്ന്നാണ് ഹജജ് കര്‍മ്മം നടക്കുന്നത്. ശാരീരികമായും സാമ്പത്തികമായും കഴിവുള്ള എല്ലാ ഇസ്ലാം മത വിശ്വാസികളും അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ തീര്‍ത്ഥാടനം നടത്തണമെന്ന് ഖുര്‍ആന്‍ പറയുന്നു.
കൊറോണ വൈറസ് പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷം കുറഞ്ഞ തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തിയായിരുന്നു ഹജജ് കര്‍മ്മം നടന്നത്. അതിനുശേഷമാണ് ഈ വര്‍ഷം വിപുലമായി ഹജജ് കര്‍മ്മം നടക്കുന്നത്. വിദേശത്ത് നിന്ന് 8,50,000 പേര് ഉള്‍പ്പെടെ പൂര്‍ണ്ണമായും വാക്സിനേഷന് എടുത്ത ഒരു ദശലക്ഷം പേരാണ് ഈ വര്‍ഷത്തെ ഹജ്ജിനെത്തുക. 2019 ല്‍ ലോകമെമ്പാടുമുള്ള ഏകദേശം 2.5 ദശലക്ഷം മുസ്ലിങ്ങള്‍ ഹജ്ജില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതിനുശേഷം കൊറോണയുടെ കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. 2020-ല്‍ സൗദിയില്നിന്നുള്ളവര് മാത്രമാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. 2021-ല്‍ പൂര്‍ണ്ണമായും വാക്സിനേഷന് ലഭിച്ച സൗദിയില്‍നിന്നുള്ള 60,000 പേര് ഹജ്ജ് നിര്‍വ്വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..