
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്താനായി പ്രമുഖ വ്യവസായി ഗൾഫാർ പി മുഹമ്മദാലി ഒമാന്റെ പുതിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് നെ മസ്കറ്റിൽ സന്ദർശിച്ചപ്പോൾ
(കഴിഞ്ഞദിവസം അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ പ്രമുഖ മലയാളിവ്യവസായിയും മസ്കറ്റ് ആസ്ഥാനമായ ഗൾഫാർ ഗ്രൂപ്പിന്റെ സഹസ്ഥാപകനുമായ പി. മുഹമ്മദാലി അനുസ്മരിക്കുന്നു)
ആധുനിക ഒമാന്റെ ശില്പിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദ്. 1970-ലാണ് അദ്ദേഹം ഒമാൻ സുൽത്താനായത്. രണ്ടുവർഷങ്ങൾക്കുശേഷമാണ് ഞാൻ കുഞ്ഞുസ്വപ്നങ്ങളുമായി ഒമാനിലെത്തിയത്.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞ് ഭരണം കാഴ്ചവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. എല്ലാ വർഷവും ഒന്നോ രണ്ടോ തവണ ഏതെങ്കിലുമൊരു ജില്ലയിലെത്തി അവിടുത്തെ ജനങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പന്നർമുതൽ സാധാരണക്കാർവരെയുള്ളവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം സദാ ഭരണം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു.
ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച രാഷ്ട്രത്തലവനായിരുന്നു സുൽത്താൻ ഖാബൂസ്. അദ്ദേഹം ഇന്ത്യയിൽ കുറച്ചുകാലം പഠിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയുടെ ശിഷ്യനായിരുന്നു അദ്ദേഹം. സുൽത്താൻ ഖാബൂസിന്റെ പിതാവ് സഈദ് ബിൻ തൈമൂറും ഇന്ത്യയിലാണ് കോളേജ് വിദ്യാഭ്യാസം നടത്തിയത്- അജ്മേറിലെ മയോ കോളേജിൽ. മുത്തച്ഛൻ ഒരിടയ്ക്ക് ഇന്ത്യയിലിരുന്ന് ഒമാൻഭരണം നടത്തിയിട്ടുണ്ട്.
അതുകൊണ്ടൊക്കെത്തന്നെയാവാം ഇന്ത്യയ്ക്ക് എല്ലാക്കാലത്തും അദ്ദേഹം ഒരു പ്രത്യേക പരിഗണന നൽകിയിരുന്നു. ഒമാനിലുള്ള ഇന്ത്യക്കാർക്ക് അത് വലിയ കരുതലായിരുന്നു. ഒമാനിലെ 48 ലക്ഷം ജനസംഖ്യയിൽ എട്ടുലക്ഷത്തോളംപേരും ഇന്ത്യക്കാരാണ്. ഒരുകാലത്ത് ഒമാനിലെ ആരോഗ്യരക്ഷാമേഖലയിൽമുഴുവൻ ഇന്ത്യക്കാരായിരുന്നു. വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയും ഒമാനും കൈകോർത്തിട്ടുണ്ട്. ഇന്ത്യ പുറംരാജ്യത്ത് നടത്തിയ ആദ്യത്തെ വലിയ നിക്ഷേപങ്ങളിലൊന്ന് ഒമാൻ- ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയിലേതായിരുന്നു.
1970-കളിലുണ്ടായ ‘ഓയിൽ ബൂം’ ഒമാന്റെ കുതിപ്പിന് വലിയ സഹായം നൽകി. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ രണ്ടാമത്തെ വലിയ സ്രോതസ്സ് ഒമാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-ൽ ഒമാൻ സന്ദർശിച്ചപ്പോൾ സുൽത്താൻ പ്രത്യേകം താത്പര്യമെടുത്ത് കൊട്ടാരത്തിലുണ്ടാക്കിയ ഭക്ഷണം ഹോട്ടലിൽ എത്തിച്ചിരുന്നത് ഓർക്കുന്നു. അത്രത്തോളമാണ് ഇന്ത്യയോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹവും കരുതലും.
ഒമാന്റെ ഏറ്റവും വലിയ ദേശീയ സൈനികേതര ബഹുമതി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കൈകളിൽനിന്ന് വാങ്ങാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി ഞാൻ കാണുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ കാലത്ത് ഒമാനിൽ ചെല്ലാനും വ്യവസായം നടത്താനും കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പുതിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദുമായും എനിക്ക് നല്ല ബന്ധം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്. അദ്ദേഹം ഏതാനും തവണ കേരളത്തിലെത്തിയിട്ടുണ്ട്.
അനുശോചനം അറിയിക്കാന്‍ സുല്‍ ഹൈതമിനെ സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനായിരുന്നു പി.മുഹമ്മദാലി
Content Highlights: gulfar p mohammed ali writes about oman sultan qaboos bin said
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..