പ്രണയവും സൗഹൃദവും ഓര്‍മിപ്പിക്കുന്ന ഗുല്‍മോഹര്‍


ഇ.ടി. പ്രകാശ്

ഗുല്‍മോഹര്‍ വീണ്ടും പൂക്കുമ്പോള്‍

.

യു.എ.ഇ.യില്‍ ഗുല്‍മോഹര്‍ പൂത്തുനില്‍ക്കുന്ന കാലമാണ്. വേനലില്‍ പൂത്തുവിടര്‍ന്ന് വസന്തത്തോടെ കൊഴിഞ്ഞില്ലാതാവുന്ന പൂക്കള്‍ തീര്‍ക്കുന്നത് തീവ്രവിരഹത്തിന് തുല്യമായ വികാരമാണ്. പ്രണയവും സൗഹൃദവും ബാല്യ കൗമാരവും ഗൃഹാതുരതയും മാത്രമല്ല വിപ്ലവവും ഓര്‍മിപ്പിക്കുന്നതാണ് ഗുല്‍മോഹര്‍ പൂക്കള്‍ എന്ന വേനല്‍പ്പൂക്കള്‍. ആര്‍ക്കോവേണ്ടി വിരിഞ്ഞ് അനാഥത്വത്തോടെ കൊഴിഞ്ഞുപോകുന്നവ. കുരിശിലേറിയ യേശുവിന്റെ രക്തം പടര്‍ന്നാണ് ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പണിഞ്ഞതെന്നാണ് വിശ്വാസം. കുരിശിന് ചുവട്ടിലായി രാജകീയ പോയിന്‍സിയാന മരമുണ്ടായിരുന്നെന്നും യേശുവിന്റെ വിശുദ്ധരക്തം മരത്തില്‍വിരിഞ്ഞ പൂക്കളില്‍ ചൊരിയപ്പെട്ടാണ് രക്തവര്‍ണമായതെന്നും ക്രിസ്തീയസമൂഹം വിശ്വസിക്കുന്നു.

മഡഗാസ്‌കര്‍ എന്ന ആഫ്രിക്കന്‍ ദ്വീപ് പ്രദേശങ്ങളിലാണ് ഗുല്‍മോഹറിന്റെ ഉത്ഭവം. ഡെലോനിക്‌സ് റീജിയ എന്നതാണ് ശാസ്ത്രീയനാമം. അലസിപ്പൂമരമെന്നും വിളിക്കുന്ന വൃക്ഷത്തിലാണ് ഗുല്‍മോഹര്‍ പൂക്കളുണ്ടാവുന്നത്. ചുട്ടുപൊള്ളുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗള്‍ഫിലെങ്ങും ഗുല്‍മോഹര്‍ പൂക്കാലമാണ്. പൂക്കള്‍ പൊഴിഞ്ഞ് വഴിയോരങ്ങളില്‍ ചുവപ്പ് നിറയുന്ന കാലം. ഇന്ത്യയില്‍ ഗുല്‍മോഹര്‍മരങ്ങള്‍ വളരാന്‍ തുടങ്ങിയിട്ട് 100 വര്‍ഷമേ ആയിട്ടുള്ളൂ.

അധികം ബലമില്ലാത്ത ശാഖകളിലാണ് പൂക്കള്‍ വിരിയുന്നത്. മഴക്കാലത്ത് ഗുല്‍മോഹര്‍ ചില്ലകള്‍ താനെയടര്‍ന്ന് വഴികളില്‍ വീഴുമെന്നതും പ്രകൃതിയുടെ നിബന്ധനയാണ്. സൂര്യപ്രകാശം ആവശ്യമുള്ള ഗുല്‍മോഹറിന് ചെറുവരള്‍ച്ചയും അതിശൈത്യവുമെല്ലാം താങ്ങാനും സാധിക്കും. പരമാവധി 10 മീറ്ററാണ് ഗുല്‍മോഹര്‍ മരത്തിന്റെ വളര്‍ച്ച. കുഞ്ഞിലകളുള്ള ഈ മരം അലങ്കാരവൃക്ഷവുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. ചെറുകാറ്റിലും പൂക്കള്‍ കൊഴിയുന്നതും സാധാരണയാണ്. ആഴത്തില്‍ വേരുകളിറങ്ങാത്ത ഗുല്‍മോഹറിന്റെ ചുവടെ മറ്റ് മരങ്ങള്‍ വളരുകയുമില്ല. വേരില്‍നിന്ന് പുതു ഗുല്‍മോഹര്‍ ചെടികള്‍ ഉണ്ടാവുന്നതും പ്രത്യേകതയാണ്. സിസാല്‍ പിനിയേസി എന്ന സസ്യവര്‍ഗത്തില്‍പ്പെട്ട ഗുല്‍മോഹര്‍ ഗോള്‍ഡ് മോഹര്‍ എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ വാകപ്പൂമരമെന്നും വിളിക്കാറുണ്ട്.

കാലങ്ങളായി മലയാളികളുടെ പ്രണയസങ്കല്പങ്ങളില്‍ ഗുല്‍മോഹര്‍ പൂക്കള്‍ക്ക് സ്ഥാനമുണ്ട്. കേരളത്തിന്റെ പരമ്പരാഗത കാമ്പസ് മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പൂക്കള്‍ ഓരോ കാലത്തേയും ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഗുല്‍മോഹര്‍പൂക്കള്‍ക്ക് സംഗീതമുണ്ടെന്ന് എഴുതിയത് മാധവിക്കുട്ടിയാണ്. പ്രണയത്തെയും വിപ്ലവത്തെയുംപോലെ എഴുത്തുഭംഗിക്കും കൂട്ടുനിന്നിട്ടുണ്ട് ഗുല്‍മോഹര്‍ പൂക്കള്‍. അത്രയും വശ്യസൗന്ദര്യമാണ് അറബ് നാടുകളിലെ പൂക്കള്‍ക്കും പറയാനുള്ളത്. വേനല്‍ക്കാലത്ത് ഗള്‍ഫുനാടുകളിലെത്തുന്ന സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്നതും ഗുല്‍മോഹര്‍ തന്നെ. അവരുടെ ക്ലിക്കുകളിലും മനസ്സിലും അത്രയും വേഗത്തിലാണ് പൂക്കള്‍ നിറയുന്നത്. കൊഴിയുമെന്നത് നിശ്ചയമാണെങ്കിലും പൂക്കള്‍ക്ക് വിടരാതിരിക്കാന്‍ സാധിക്കില്ലെന്നതും പൂമരങ്ങളുടെ നിര്‍ബന്ധം.

ഗുല്‍മോഹര്‍ പൂക്കള്‍ വിരിച്ചിട്ട വഴികളില്‍ വീണുറങ്ങുന്ന തൊഴിലാളികളെ കാണാം. ചുട്ട വേനലില്‍ അവര്‍ ആശ്വാസം തേടുന്നത് ഈ പൂക്കളിലാണ്. മലയാളികളുടെ ശരാശരി പ്രണയസങ്കല്പങ്ങളില്‍ മാത്രമല്ല പ്രവാസത്തിന്റെ ദുഃഖങ്ങളിലും വിരഹത്തിലും വേര്‍പാടിലുമെല്ലാം ഗുല്‍മോഹര്‍ പൂക്കള്‍ തൊട്ടുനില്‍ക്കുന്നു.

വേനല്‍ക്കാലത്ത് ഗള്‍ഫുനാടുകളിലെത്തുന്ന സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്ന് ഗുല്‍മോഹര്‍ പൂക്കളാണ്. അവരുടെ ക്ലിക്കുകളിലും മനസ്സിലും അത്ര വേഗത്തിലാണ് പൂക്കള്‍ നിറയുന്നത്. ഗുല്‍മോഹര്‍ പൂക്കള്‍ വിരിച്ചിട്ട വഴികളില്‍ ഉറങ്ങുന്ന തൊഴിലാളികളെ കാണാം. ചുട്ട വേനലില്‍ അവര്‍ ആശ്വാസം തേടുന്നത് ഈ പൂക്കളിലാണ്.

പ്രവാസവും ചുവന്ന പൂക്കളും

പ്രവാസ എഴുത്തുകളില്‍ പ്രണയവും വിരഹവുമെല്ലാം പ്രതിഫലിപ്പിക്കുന്നത് ഗുല്‍മോഹറിലൂടെയാണ്. ചുവന്ന ഗുല്‍മോഹര്‍ പൂക്കള്‍ വേദനയുടെ ഉഷ്ണമായും വേവലാതിയായും ആശങ്കയായുമെല്ലാം എഴുത്തുകാര്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. മഴപോലെ ഗുല്‍മോഹര്‍ പൂക്കളും പ്രവാസത്തെ അത്രയും ആകര്‍ഷിക്കുന്നു. നാട്ടിലെ സ്‌കൂള്‍മുറ്റത്ത് വീണുകിടന്ന ഗുല്‍മോഹര്‍ പൂക്കളുടെ ഓര്‍മയില്‍ ബാല്യവും കൗമാരവും തിരിച്ചുപിടിക്കുന്നവരാണവര്‍. മദ്രസയുടെ ചുറ്റിലും വിരിച്ചിട്ട ഗുല്‍മോഹര്‍ പൂക്കള്‍ കാണാനും വാരിയെടുത്ത് കൈവെള്ളയില്‍ ഞെരിക്കാനും ഒരിക്കല്‍കൂടി കഴിയുമോ എന്ന പ്രവാസത്തിലെ ബ്ലോഗെഴുത്തുകാരന്റെ വേവലാതിത്തന്നെ ഓരോ പ്രവാസിയുടേയും മനസ്സിലുള്ളത്.

ആദ്യകാലപ്രവാസത്തില്‍ നാട്ടിലേക്കുള്ള 'വിരഹ കത്തുകളില്‍' ഏറ്റവുമധികമെഴുതിയ വാക്കും ഗുല്‍മോഹര്‍ പൂക്കളെക്കുറിച്ചായിരിക്കും. യു.എ.ഇ.യിലെ അല്‍ഖൂസിലും സോനാപൂരിലും സജയിലുമുള്ള ചില ലേബര്‍ക്യാമ്പുകള്‍ക്ക് സമീപങ്ങളില്‍ വീണുകിടക്കുന്ന ചുവന്നപൂക്കളെ കാണാം. വേനലും വര്‍ഷവും ഓര്‍മിപ്പിക്കുന്ന ഗുല്‍മോഹറില്‍ പ്രവാസത്തിലെ കണ്ണീരും പുഞ്ചിരിയും ഒത്തുേചരുന്നു.

1960 കളുടെ തുടക്കത്തില്‍ ഷാര്‍ജയില്‍ ഒറ്ററോഡ് മാത്രമാണുണ്ടായിരുന്നത്. പ്രധാന നഗരവുമായി ബന്ധപ്പെടാനും ദുബായിലേക്ക് പോകാനുമായി ആ റോഡാണ് ആശ്രയം. അന്നത്തെ താമസയിടങ്ങള്‍ മരമോ ഇഷ്ടികയോ കൊണ്ട് ആയിരുന്നു നിര്‍മിച്ചിരുന്നത്. താത്കാലിക ഷെഡുകള്‍ എന്നുവേണം പറയാന്‍. ഒന്നോ രണ്ടോ സര്‍ക്കാര്‍ മന്ദിരങ്ങള്‍ മാത്രമായിരുന്നു ആക്കാലത്ത് ഷാര്‍ജയിലുണ്ടായിരുന്നത്. 100 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന സൂഖുകളെക്കുറിച്ച് അറബ് ചരിത്രങ്ങളില്‍ പരാമര്‍ശമുണ്ട്. ഒമാന്‍, ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍നിന്ന് കടലുതാണ്ടിയെത്തി സൂഖുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിപ്പോയ കാലം. അന്നത്തെ സൂഖ് മുറ്റങ്ങളിലും കടലോരങ്ങളിലും ഗുല്‍മോഹര്‍ മരങ്ങളും പൂക്കളും ഉണ്ടായിരുന്നതും പ്രധാനമാണ്. അന്നത്തെ കാലത്ത് റോഡിനുസമീപവും പൂത്തുവിടര്‍ന്ന മേയ്മാസ പൂക്കളെക്കുറിച്ച് പലരും പ്രതിപാദിക്കുന്നു.

45 വര്‍ഷം മുന്‍പ് ദുബായില്‍ ആദ്യമായി വിമാനമിറങ്ങിയ ഗ്രാമീണരായ മലയാളികളും തമിഴരുമെല്ലാം റോഡിനിരുവശവും ആദ്യമായിക്കണ്ട കാഴ്ചകളില്‍ ഈന്തപ്പനപോലെ ഗുല്‍മോഹര്‍ മരങ്ങളുണ്ട്. അന്നുതൊട്ട് പ്രവാസജീവിതങ്ങളില്‍, യു.എ.ഇ.യുടെ കാഴ്ചകളില്‍ ആദ്യം തെളിയുന്ന ചിത്രങ്ങളില്‍ ഗുല്‍മോഹര്‍ മരങ്ങളുമുണ്ടായിരുന്നു. ഗുല്‍മോഹര്‍ പൂക്കള്‍ക്കിടയില്‍നിന്നുകൊണ്ട് അവര്‍ ഫോട്ടോയെടുത്ത് നാട്ടിലേക്കയച്ചു. 'നാട്ടിലെപൂക്കള്‍ അന്നാട്ടിലുമുണ്ടോ' എന്ന് കുടുംബത്തില്‍നിന്നുള്ള നിഷ്‌കളങ്ക ചോദ്യങ്ങളുടെ കത്തുകള്‍ ഇന്നും സൂക്ഷിച്ചുവെച്ച മലയാളികളുണ്ട്.

പ്രവാസമൊരുപാട് മാറി, അന്നത്തെ തൊഴില്‍സാഹചര്യമോ ജീവിതമോ അല്ല ഇന്നുള്ളത്. പ്രവാസത്തിലെ കാഴ്ചകളും മാറി. എങ്കിലും മുറതെറ്റാതെ ഒരു ഗുല്‍മോഹര്‍ മരമെങ്കിലും പൂക്കളായ് വീണുമയങ്ങുന്നത് കാണാന്‍ ചന്തം തന്നെ...

Content Highlights: Gulf feature

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented