സംഘടനകൾ തണലാകുമ്പോൾ


കെ.കെ. ശ്രീ. പിലിക്കോട്

ഒട്ടേറെ സഹായങ്ങൾക്കും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേദിയാവുന്ന ഗൾഫ് മലയാളി കൂട്ടായ്മകളെക്കുറിച്ച്...

.

വിതപ്പച്ചതേടി ഗൾഫ്‌രാജ്യങ്ങളിലേക്ക് ചേക്കേറിയവരിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. അതിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്നത് നമ്മൾ, മലയാളികളും. 1960-കളുടെ അവസാനത്തോടുകൂടിയാണ് മലയാളികൾ ഗൾഫിലേക്ക് എത്തിത്തുടങ്ങിയത്. കുടിയേറ്റത്തിന്റെ തുടക്കംമുതൽക്കുതന്നെ നാടിന്റെ സാമ്പത്തികവളർച്ചയിൽ പ്രധാന ഭാഗമായി മാറിയ പ്രവാസികൾ, കുടുംബത്തിന് താങ്ങുംതണലുമാകുന്നതോടൊപ്പം, സംഘബോധത്തിലും മുന്നിൽത്തന്നെയാണ്. ഇതാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണമറ്റ മലയാളിസംഘടനകളുടെ പിറവികൾക്ക് നിദാനമാകുന്നതും. മലയാളികളുടെ സ്വത്വബോധത്തിൽ അലിഞ്ഞുചേർന്നവയാണ് കലയും സംസ്കാരവും ജീവകാരുണ്യവുമൊക്കെ. സംഘടനകളുടെ പിൻബലത്തിൽ ഇവർ ഇതൊക്കെ പ്രാവർത്തികമാക്കുന്നു.

ചെറുതും വലുതുമായ ഒട്ടേറെ സംഘടനകളുടെ സംഗമഭൂമിയാണ് പ്രവാസലോകം. മറ്റൊരു ദേശക്കാർക്കും അവകാശപ്പെടാനില്ലാത്ത സംഘബോധമാണ് പ്രവാസി മലയാളികൾക്കിടയിൽ നിലകൊള്ളുന്നത്. പറിച്ചുനടപ്പെട്ട മണ്ണിലെ ഒറ്റപ്പെടൽ, മാനസികപിരിമുറുക്കങ്ങൾ തുടങ്ങിയവയൊക്കെ മറികടക്കാനുള്ള തിടുക്കം കൂട്ടായ്മകളായി മാറി. സംസ്ഥാനതലംമുതൽ വാർഡുതലംവരെയുള്ള സംഘടനകൾ പ്രവാസലോകത്തുണ്ട്. ഇതിൽ കുടുംബക്കൂട്ടായ്മകൾ, പൂർവവിദ്യാർഥികളുടെ സംഘടനകൾ, രാഷ്ട്രീയം, സാംസ്കാരികം, ജീവകാരുണ്യം തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. സഹജീവികളോടുള്ള സ്നേഹവും കരുണയുമൊക്കെ കാത്തുസൂക്ഷിക്കുന്നതിൽ ഇവിടെയുള്ള വിവിധ സംഘടനകളുടെ പങ്ക് വളരെ വലുതാണ് എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവനാണ് ഓരോ പ്രവാസിയും. അതുകൊണ്ടുതന്നെ, പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംഘടിതരൂപത്തിൽ നാട്ടിലെ അധികാരികളിലേക്ക് എത്തിക്കുവാനും പരിഹാരങ്ങൾ നേടിയെടുക്കുവാനും പ്രവാസിസംഘടനകൾ എന്നും മുൻപന്തിയിൽ നിൽക്കുന്നു. അതോടൊപ്പം നാടിന്റെ വികസനപ്രവർത്തനങ്ങളിലും സക്രിയമാണ് ഓരോ പ്രവാസി സംഘടനകളും. ഔദ്യോഗിക അംഗീകാരമുള്ള സംഘടനകൾ പ്രവാസലോകത്ത് ചുരുക്കമാണ്. ഗൾഫിലെ കൂട്ടായ്മകളിൽ ഏറ്റവും കൂടുതൽ പ്രാദേശികക്കൂട്ടായ്മകളാണ്. അതുകൊണ്ടുതന്നെ ഇത്തരം സംഘടനകളൊക്കെയും പ്രവർത്തിച്ചുവരുന്നത് ഔദ്യോഗിക അംഗീകാരമുള്ള സംഘടനകളുടെ കുടക്കീഴിലാണ്.

പ്രാദേശികസംഘടനകളെ പാടെ തള്ളിപ്പറയുന്നവരും കൂട്ടത്തിലുണ്ട്. പ്രാദേശിക വാദം ബലപ്പെടും എന്നാണ് ഇവരുടെ വിലയിരുത്തൽ. ഇതൊക്കെ വെറും ബാലിശമായ വാദങ്ങൾമാത്രമാണ് എന്ന് ചിലർ വാദിക്കുന്നു. വിവിധ പ്രാദേശിക സംഘങ്ങൾ രൂപവത്കരിക്കുന്നതുവഴി പ്രവാസികൾക്കിടയിൽ കൂടുതൽ സംഘബോധം ഉടലെടുക്കുകയും താഴെത്തട്ടുമുതൽ സമൂഹത്തിൽ ഒട്ടേറെ ഗുണകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രാദേശികസംഘടനകളെ അനുകൂലിക്കുന്നവർ പ്രധാനമായും മുന്നോട്ടുവെക്കുന്ന കാര്യം.

ജോലികഴിഞ്ഞുള്ള ഇടവേളകളിലാണ് പ്രവാസലോകത്തെ നിസ്സ്വാർഥമായ സംഘടനാപ്രവർത്തനം. ഇത്തരം ഇടവേളകളെ വളരെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ സംഘടനാപ്രവർത്തകർക്ക് സാധിക്കുന്നു. ജോലിയിലെ പിരിമുറുക്കവും മറ്റും അയവുവരുത്തുവാനും ഒട്ടേറെപ്പേർക്ക് തണലാകുവാനും ഇത്തരം ഇടവേളകൾ സഹായകമാകുന്നു എന്നത് ജീവിതയാത്രയിൽ വളരെ പ്രധാനപ്പെട്ട ഒരുകാര്യംതന്നെയാണ്. സർഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ പ്രവാസിസംഘടനകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ സംഘടനകളുടെയും പ്രവർത്തനമേഖലകൾ അതിന്റെ സ്വഭാവവും രീതിയും അനുസരിച്ച് വ്യസ്തമായിരിക്കും. തത്ത്വത്തിൽ പ്രവാസിസമൂഹത്തിന്റെ മാനസികവും സാംസ്കാരികവുമായ ഉന്നമനം തന്നെയാണ് പ്രവാസിസംഘടനകളുടെ പ്രവർത്തനങ്ങളുടെ കാതൽ.

ആയിരക്കണക്കിന് സംഘടനകൾ പ്രവാസിസമൂഹത്തിനിടയിലുണ്ട്. ഇത്രയും സംഘടനകൾ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. നാലുപേർ ചേർന്നാൽ ഒരുസംഘടന എന്ന് ചിലർ കളിയാക്കിപറയാറുണ്ട്. ഓരോ വിഭാഗത്തിന്റെയും പലവിധ കാര്യങ്ങൾക്കായി ഏതൊരു ചെറിയ സംഘടനയായാലും സഹായത്തിനായി എത്താറുണ്ട് എന്നത് തള്ളിക്കളയുവാൻ സാധിക്കില്ല. വലിയ ആരവങ്ങളോടെ ചില സംഘടനകൾ പ്രവാസലോകത്ത് പിറന്നുവീഴാറുണ്ടെങ്കിലും കൂണുകളുടെ ആയുസ്സുമാത്രമേ ഇത്തരം ചില സംഘടനകൾക്ക് ഉണ്ടാകാറുള്ളൂ എന്നത് സത്യമാണ്. ‘പിളർപ്പ്’ മിക്ക പ്രവാസിസംഘടനകളെയും പിടികൂടുന്ന ഒരു ‘രോഗ’മാണ്.

സംഘടനകൾ ചിലരിലേക്കുമാത്രം ഒതുങ്ങുന്നു എന്ന പരാതി പൊതുവായുണ്ട്. വളരെ പരിമിതമായ ജീവിത ചുറ്റുപാടിലുള്ള ഒട്ടേറെപ്പേർ പ്രവാസിസമൂഹത്തിലുണ്ട്. ലേബർക്യാമ്പുകളിലും മറ്റും അന്തിയുറങ്ങുന്നവർക്ക് സാംസ്കാരികസംഘടനകൾ എന്നും അന്യംതന്നെയാണ്. ഇവർക്കിടയിലേക്ക് എത്തിപ്പെടുവാൻ ഒരു സംഘടനയും തുനിയാറില്ല. വളരെയധികം മാനസികപിരിമുറുക്കങ്ങളിലൂടെ ജീവിതം നീക്കുന്ന ഇവർക്ക് സംഘടനകൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഇത് ഓരോ സാംസ്കാരികസംഘടനയും വളരെ പ്രാധാന്യത്തോടുകൂടി പരിഗണിക്കേണ്ടുന്ന ഒരുകാര്യമാണ്. സംഘടനകളെ ആക്ഷേപിക്കുകയല്ല ചെയ്യുന്നത്, മറിച്ച് പോരായ്മകളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക.

കേവലം ആഘോഷപരിപാടികളിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ല പ്രവാസിസംഘടനകളുടെ പ്രവർത്തനമേഖല. അന്നംതേടി കടൽ കടന്നെത്തിയ സഹോദരങ്ങൾ ജോലിസംബന്ധമായും മറ്റും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കൈത്താങ്ങാകുവാൻ പ്രവാസിസംഘടനകൾക്ക് സാധിക്കുന്നുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയത്ത് ഗൾഫ്നാടുകളിലെ അധികൃതരുടെയും ഇന്ത്യൻ എംബസിയുടേയുമൊക്കെ ശ്രദ്ധയിൽ എത്തിക്കുവാനും പരിഹാരങ്ങൾ ഉണ്ടാക്കുവാനും സംഘടനകൾ പ്രധാന പങ്കുവഹിക്കുന്നു. അതുപോലെ ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലെത്തിക്കുന്നതിനുമൊക്കെ പ്രവാസിസംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ മഹനീയമാണ്. കേരളസർക്കാർ നടപ്പാക്കിയ നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസിക്ഷേമനിധി തുടങ്ങിയവ പ്രവാസിസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ സംഘടനകൾ മുഖ്യപങ്ക് വഹിക്കുന്നു.

യു.എ.ഇ.യിലെ വിവിധ സംഘടനകളുടെ പ്രവർത്തകൻ എന്ന നിലയിൽ ഇവിടുത്തെ സംഘടനകളുടെ പ്രവർത്തനങ്ങൾ വളരെ ക്രിയാത്മകമായിട്ടാണ് മുന്നോട്ടുനീങ്ങുന്നതെന്ന് നിസ്സംശയം പറയുവാൻ സാധിക്കും. ശ്രേഷ്ഠഭാഷയായ മലയാളം ഗൾഫിലെ കുട്ടികൾക്ക് കീറാമുട്ടിയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മിക്ക സംഘടനകളും കുട്ടികൾക്ക് മലയാളഭാഷ സ്വായത്തമാക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്. അമ്പതുവർഷം പിന്നിട്ട അബുദാബി കേരള സോഷ്യൽസെന്റർ, മലയാളിസമാജം തുടങ്ങിയ സംഘടനകൾ തുടക്കംമുതൽക്കുതന്നെ കുട്ടികൾക്ക് സൗജന്യ മലയാളം ക്ലാസുകൾ നടത്തിവരുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികൾ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളം മിഷന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സൗജന്യ മലയാളം ക്ലാസുകളാണ് വിവിധ സംഘടനകൾ ഏറ്റെടുത്ത് നടത്തുന്നത്. വളരെ ചിട്ടയോടെയുള്ള ഈ പദ്ധതി കുട്ടികൾക്ക് ഒരു അനുഗ്രഹംതന്നെയാണ്. അതോടൊപ്പം സംഘടനകളുടെ പരിശീലനം ലഭിച്ച പ്രവർത്തകർ അധ്യാപകരായി നിസ്സ്വാർഥ സേവനം ചെയ്യുന്നു എന്നതും സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധതയാണ്.

കലയെയും സംസ്കാരത്തെയും ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റു സംഘടനകൾ പ്രവാസലോകത്തല്ലാതെ മറ്റെവിടെയും കാണുവാൻ കഴിയില്ല എന്നത് ഒരു സത്യാവസ്ഥയാണ്. നാടകം, കഥകളി, സംഗീതം, നൃത്തം തുടങ്ങി എല്ലാ കലകളെയും അകമഴിഞ്ഞ് സംഘടനകൾ പ്രോത്സാഹിപ്പിക്കുന്നു. അബുദാബി കേരള സോഷ്യൽ സെന്റർ ആതിഥ്യമരുളുന്ന ഭരത് മുരളി നാടകോത്സവം കേരളത്തിന് പുറത്തുനടക്കുന്ന നാടകോത്സവങ്ങളിൽ ഏറ്റവുംവലുതാണ്.

പത്തുവർഷം പിന്നിട്ട ഈ നാടകോത്സവത്തിൽ കേരളത്തിലെ മുൻനിര സംവിധായകരുടെ കീഴിൽ ഇതുവരെ 130-ൽ അധികം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളിലെയും നാടകപ്രവർത്തകർ ഇതിന്റെ ഭാഗമാകുന്നു. അബുദാബി മലയാളിസമാജവും നാടകോത്സവം സംഘടിപ്പിച്ചുവരാറുണ്ട്. കഥകളി മഹോത്സവം, കായികമത്സരങ്ങൾ തുടങ്ങിയവയൊക്കെ സംഘടനകൾ ഏറ്റെടുത്തുനടത്തുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ഒട്ടേറെ വിദ്യാർഥികൾക്ക് ചുരുങ്ങിയ ഫീസിനത്തിൽ പഠനം നടത്തുവാൻ ഉപകരിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂൾ ഷാർജ ഇന്ത്യൻ അസോഷിയേഷന്റെ നേതൃത്വത്തിൽ ഉള്ളതാണ്. വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്നതിൽ എല്ലാ സംഘടനകളും താത്‌പര്യം കാണിക്കാറുണ്ട്. യു.എ.ഇ.യിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ സോഷ്യൽ സെന്റർ അബുദാബി, കേരള സോഷ്യൽ സെന്റർ അബുദാബി, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി മലയാളിസമാജം തുടങ്ങിയവയിലൊക്കെ വായനയുടെ വാതായനം തുറന്ന് മികച്ച ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിനുപുറത്ത് ഏറ്റവുംകൂടുതൽ മലയാളപുസ്തകങ്ങളുള്ള ലൈബ്രറി സ്ഥിതിചെയ്യുന്നത് അബുദാബി കേരള സോഷ്യൽ സെന്ററിലാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി 15,000-ത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ജീവകാരുണ്യമേഖലയിലും സംഘടനകൾ ഉണർന്നുപ്രവർത്തിക്കുന്നു. കോവിഡ്കാലത്ത് എല്ലാ സംഘടനകളും ഉണർന്നുപ്രവർത്തിച്ചു. കെ.എം.സി.സി. പോലുള്ള സംഘടനകൾ കോവിഡ്കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അങ്ങനെ സംഘടനകൾ പലരീതിയിൽ പ്രവാസിസമൂഹത്തിന് ഗുണകരമായി വർത്തിക്കുന്നു എന്നത് ശ്ലാഘനീയമായ കാര്യമാണ്.

പലവിധ സംഘടനകൾ ഉണ്ടായിട്ടും പ്രവാസിസമൂഹം എത്രയോ കാലങ്ങളായി മുറവിളികൂട്ടുന്ന പൊതുവായ ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരം കാണുവാൻ സാധിച്ചിട്ടില്ല എന്നത് നിരാശാജനകമായ കാര്യമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പ്രവാസി വോട്ടവകാശം എങ്ങുമെത്താതെ നിൽക്കുന്നു. തൊഴിലിടങ്ങളിലെ പ്രശ്നപരിഹാരങ്ങൾക്ക് എംബസി മുഖാന്തരം സ്ഥിരംസംവിധാനം എന്ന ഏറെക്കാലത്തെ ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല. എല്ലാ പ്രവാസിസംഘടനകളും യോജിച്ചുകൊണ്ട് നീങ്ങിയാൽ പ്രവാസിസമൂഹം നേരിടുന്ന അവഗണനകൾക്ക് പരിഹാരംകാണുവാൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുവാൻ പലതുമുണ്ടാകാമെങ്കിലും സംഘടനകൾ പ്രവാസിസമൂഹത്തിന് നൽകുന്ന സേവനങ്ങളെ പ്രകീർത്തിക്കുകതന്നെ വേണം. കൂട്ടായപ്രവർത്തനത്തിലൂടെ പ്രവാസിസമൂഹത്തിന് ഗുണകരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്ന് സംഘടനകൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. ആ സംഘബലത്തിന് നാം ഓരോരുത്തരും പൂർണ പിന്തുണ നൽകുകതന്നെ വേണം.

Content Highlights: Gulf feature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented