.
പ്രവാസം എന്ന പ്രകാശം മുന്നിൽ നിറയുമ്പോൾ, പ്രത്യേകിച്ച് പോറ്റിപ്പുലർത്തുന്ന മണ്ണ് സുവർണപ്രഭയിൽ ശോഭിക്കുമ്പോൾ, കടലും ദേശവും കടന്ന് ഒരു പൗരാണികകാല സുഗന്ധം ഉള്ളിൽ ചേക്കേറും. അറേബ്യൻ-ഇന്ത്യൻ സംസ്കാരങ്ങൾ കൊടുത്തും വാങ്ങിയും മാനവികത പങ്കിട്ടും കഴിഞ്ഞിരുന്ന ഗതകാലം. സോളമന്റെ കൊട്ടാരത്തിലും ഫറവോയുടെ മുന്നിലും കൊച്ചുകേരളത്തിന്റെ ഗന്ധം നിറഞ്ഞു. ആ കാലത്ത് നമ്മുടെ നാടും വിദേശരാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തിന് ഇടനിലനിന്നത് അറേബ്യൻ മണ്ണാണ്. അവർ കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ പെരുമ നാനാഭൂവിഭാഗങ്ങളിൽ പരത്തുകയും ആ സുഗന്ധമേറ്റ് ഡച്ചുകാരും പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഭാരതത്തിൽ എത്തിച്ചേരുകയും ചെയ്തു എന്നത് ചരിത്രം.
സമുദ്രത്തിലെ ഓളങ്ങൾ പോലെയാണ് കാലചക്രത്തിന്റെ തിരിയൽ. നിലയ്ക്കാതെ ഉയർന്നും താണും കാലം അനവരതം ഒഴുകും. പെട്രോൾ സമ്പത്ത് അറബ് രാജ്യങ്ങളുടെ വിധി തിരുത്തിയതോടെ കാലത്തിന്റെ ഗതിയും തിരിഞ്ഞു. ലോഞ്ച് കയറിയും വിമാനത്തിലേറിയും നമ്മുടെ തലമുറകൾ മുത്തും പൊന്നും തേടി ഇവിടേക്ക് വരവായി.
രാഷ്ട്രീയ തർക്കവിതർക്കങ്ങളുണ്ടെങ്കിലും ഏവരും അംഗീകരിക്കുന്ന ചിലത് നമ്മുടെ കൊച്ചുകേരളത്തിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, പ്രതിശീർഷവരുമാനം, ജീവിതരീതി എന്നിവയിൽ നാം ഉയർന്നുനിൽക്കുന്നു. അതിൽ ഇന്ന് നാം അഭിമാനിക്കുമ്പോൾ, കേരളത്തിന്റെ അവസ്ഥയെ ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചതും ആ ദുരവസ്ഥ കണ്ട് ഒരു ജാതി ഒരു മതം എന്ന് ശ്രീനാരായണഗുരു പഠിപ്പിച്ചതും ഓർക്കേണ്ടതുണ്ട്. ജീർണിച്ച സാംസ്കാരിക, ജാതിവ്യസ്ഥയിൽനിന്നുമാണ് ഇന്ന് നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെ പടവുകൾ ചവിട്ടിയത്.
കൈപിടിച്ച് നാടിനെ ഉയർത്തിയ പല ഘടകങ്ങളിൽ വിദേശത്തുനിന്ന് ഒഴുകിയ സമ്പത്ത് സുപ്രധാനമാണ്. പേർഷ്യ, ഗൾഫ് എന്നീ വാക്കുകൾ നമ്മുടെ ഗ്രാമങ്ങളിലും കവലകളിലും ചർച്ചാവിഷയമായി. ഒരു എൻ.ഒ.സി. സംഘടിപ്പിക്കുക എന്നത് വീടുകളിൽ രക്ഷയ്ക്കായുള്ള അവസാന പിടിവള്ളിപോലെ യുവാക്കൾ ഉരുവിട്ടു. അവർ കടൽ കടന്നു, വീട്ടിലെ പട്ടിണിക്ക് അറുതിയായി. വിദേശവസ്ത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ ഒക്കെ ഗ്രാമങ്ങളിൽ അറേബ്യൻ ഗന്ധം പേറിവന്നു. കുടിലുകൾ മാറി, ഓടിട്ടതും കോൺക്രീറ്റും മൊസെയ്ക്കും പാകിയ കെട്ടിടങ്ങൾ ഉയർന്നു. സഹോദരിമാർ മാന്യമായി വിവാഹം കഴിച്ചുപോയി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചു. സമ്പത്ത് കുറേ കൈകളിൽമാത്രം കേന്ദ്രീകരിച്ചിരുന്ന അവസ്ഥയിൽനിന്ന് ആർക്കും വിയർപ്പൊഴുക്കിയാൽ വിദേശത്തുനിന്ന് സമ്പത്ത് കരസ്ഥമാക്കാം എന്നൊരു സ്ഥിതി നാടിന്റെ സാമ്പത്തിക അസമത്വത്തെ വേരോടെ പിഴുതെറിഞ്ഞു. വലിയൊരു മാറ്റം; അതാണ് എഴുപതുകൾ മുതൽക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്.
ഗൾഫിൽനിന്ന് എയർമെയിലും അതിലടക്കംചെയ്ത ചെക്കും ഡ്രാഫ്റ്റും കാത്തിരുന്ന തലമുറ നമ്മുടെ തൊട്ടുമുന്നിലുണ്ട്. ഉച്ചനീചത്വം ഒരുപരിധിവരെ ഇല്ലാതായി. സാമ്പത്തിക സാമൂഹിക, സാംസ്കാരിക അടിത്തറ സൃഷ്ടിക്കാൻ ഗൾഫ് വഹിച്ച പങ്ക് വലുതാകുന്നു. മരുഭൂമിയിൽ വിയർപ്പു നീരാക്കി കുടുംബത്തെ പോറ്റിപ്പുലർത്തിയവരുടെ രണ്ടും മൂന്നും തലമുറകൾ പിന്നിടുമ്പോൾ ഈ നാടും നമ്മുടെ നാടും പാടേ മാറിയിരിക്കുന്നു. ആധുനികസൗകര്യങ്ങൾ, സേവനവ്യവസ്ഥകൾ ഇ-ഗവൺമെന്റ്, നിർമിതബുദ്ധി ഒക്കെയായി ഗൾഫ് തുറന്നിടുന്ന അവസരങ്ങളുടെ വാതിൽ വലുതാണ്. അധ്വാനശീലമുള്ളവർക്ക് ലോകത്ത് ഏതു കോണിലും പോയി മാന്യമായി ജീവിക്കാം എന്നൊരു ഉറച്ച ചിന്ത പിൻതലമുറയ്ക്ക് നൽകുവാൻ നമ്മുടെ ആദ്യ പ്രവാസ തലമുറയ്ക്ക് കഴിഞ്ഞു എന്നത് വിസ്മരിക്കാനാകില്ല.
കോവിഡ് പോലെയുള്ള മഹാമാരിക്കാലത്ത് ഈ നാട്ടിൽ വസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒന്നുപോലെ ആരോഗ്യസംരക്ഷണം നൽകാനും കോവിഡ് പോരാളികളെ അഭിനന്ദിക്കുവാനും യു.എ.ഇ. പോലെയുള്ള രാജ്യങ്ങൾചെയ്ത ആത്മാർഥത ശ്ലാഘനീയമാകുന്നു. നാട്ടിൽ ഒരു വാക്സിൻപോലും ലഭിക്കാതെ ബന്ധുക്കൾ വലയുമ്പോൾ മൂന്നും നാലും വാക്സിനുകൾ പ്രവാസത്തിലുള്ള നമുക്ക് ലഭിച്ചു. ആരോഗ്യരംഗത്ത് ശക്തമായി കാലുറപ്പിക്കുവാൻ ഈ രാജ്യത്തിന് സാധിച്ചുവെന്നത് മറക്കാവുന്നതല്ല.
എത്രയോ രാജ്യക്കാർ ജാതി-മത ഭേദമില്ലാതെ യു.എ.ഇ.യിൽ ജോലിചെയ്യുന്നു. ഇന്ത്യക്കാരും പാകിസ്താനികളും ഫിലിപ്പീനികളും ആഫ്രിക്കക്കാരും വെള്ളക്കാരും അറബികളോടൊത്ത് ഈ മണ്ണിൽ ജോലിചെയ്യുകയും ജീവിതസൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. ലോകം ഒരു പക്ഷിക്കൂട് എന്ന് ടാഗോർ വിശേഷിപ്പിച്ചപോലെ ഇവിടെ രാജ്യഭേദമില്ലാതെ മനുഷ്യർ വസിക്കുന്നു. മാളുകളിലും മെട്രോയിലും ഷാർജപോലെയുള്ള ലോകപുസ്തകമേളയിലും മാനുഷർ എല്ലാരും ഒന്നുപോലെ. ഏത് പാതിരാത്രിയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പുറത്തിറങ്ങി നടക്കാനും ജോലിക്കുപോകാനും കുട്ടികൾക്ക് സുരക്ഷിതരായി സ്കൂളിൽ പോകാനും ഇവിടെ തടസ്സമില്ല.
ചെറുതോ വലുതോ ആയ ബിസിനസ് തുടങ്ങാൻ ചുവപ്പുനാടകളില്ലാത്ത വ്യവസായ വികസന മാതൃകകൾ. ഓരോ ദിവസവും ഗോൾഡൻ വിസ ലഭിക്കുന്ന മലയാളികളുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയും ഗൾഫ് മോഡൽ കടകളും മാളുകളും ഹോട്ടലുകളും കേരളത്തിൽ ഉയരുകയും ചെയ്യുന്നു. പ്രതീക്ഷയുടെ ദിനങ്ങൾ മരുപ്പച്ചപോലെ മലയാളികൾ മുന്നിൽക്കാണുന്നു, അനുഭവിക്കുന്നു. നാടിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വളമേകുകയും സാംസ്കാരിക ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ സുവർണജൂബിലി നിറവിൽ, പോറ്റമ്മയ്ക്ക് മുന്നിൽ ശിരസ്സ് വണങ്ങുന്നു.
Content Highlights: Gulf Feature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..