ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനം
മനാമ: ബഹ്റൈനില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെ അരങ്ങേറുന്ന ഫോര്‍മുല വണ്‍ കാര്‍ റെയ്സിന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഒരുക്കങ്ങളായി. 2022 ഗ്രാന്റ്പ്രീ കായികരംഗത്ത് ഒരു നാഴികക്കല്ലാണ്. 'ഒരു പുതിയ യുഗം' എന്ന മുദ്രാവാക്യത്തിന് കീഴില്‍ നടക്കുന്ന ഈ മത്സരം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണെന്ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഈസ അല്‍ ഖലീഫ, ഗള്‍ഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലവി, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഷെരീഫ് അല്‍ മഹ്ദി, ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മുഹമ്മദ് ജംഷീര്‍ എന്നിവര്‍ മാധ്യമങ്ങളെയും അതിഥികളെയും അഭിസംബോധന ചെയ്തു.
ഈ വര്‍ഷത്തെ ബഹ്റൈന്‍ ഗ്രാന്പ്രീയിലേക്കുള്ള ടിക്കറ്റുകള്‍ ഇതിനകം തന്നെ വേഗത്തില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലമരുമ്പോഴും മാനസികോല്ലാസത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നുവെന്ന രീതിയില്‍ ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ടിന് കീഴില്‍ സീറ്റുകള്‍ ഇതിനകം തന്നെ വേഗത്തില്‍ വിറ്റഴിയുന്നുവെന്നത് പ്രതീക്ഷാജനകമാണ്. സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റ് യാത്ര, ഹോട്ടല്‍ താമസം, റേസിലേക്കുള്ള 3 ദിവസത്തെ പാസ്, സര്‍ക്യൂട്ടിലേക്കും തിരിച്ചുമുള്ള സൗജന്യ യാത്ര എന്നിവയുള്‍ക്കൊള്ളിച്ച് ഗള്‍ഫ് എയറും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റിയും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടും കൈകോര്‍ത്ത് പ്രഖ്യാപിച്ചിട്ടുള്ള എക്സ്ക്ലൂസീവ് ഫോര്‍മുല വണ്‍ പാക്കേജുകള്‍ ഇത്തവണത്തെ ആകര്‍ഷണമാണ്.
പുതിയ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് - മാര്‍ച്ച് 10 മുതല്‍ 12 വരെ ഫോര്‍മുലാ വണ്‍ പ്രീ-സീസണ് ടെസ്റ്റിംഗ് നടത്തും. പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ പുതിയ കാറുകളുടെ പ്രകടനം വിലയിരുത്തുന്നതിന് ടീമുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഈ ടെസ്റ്റുകള്‍ ഒരു നിര്‍ണായക അവസരമായിരിക്കും. ഫോര്‍മുലാ വണ്‍ പ്രേമികള്‍ക്ക് 2022-ലെ കാറുകളുടെ പ്രിവ്യൂ നല്‍കിക്കൊണ്ട് സെഷനുകള്‍ കാണികള്‍ക്കായി തുറന്നിരിക്കും. ആരാധകര്‍ക്കുള്ള ടിക്കറ്റിംഗ് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ടെസ്റ്റിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
ട്രാക്കിലെ ആവേശത്തിന് പുറമേ, എല്ലാ പ്രായത്തിലുമുള്ള ആരാധകര്‍ക്ക് അനുയോജ്യമായ സംഗീതകച്ചേരികളുടെയും വിനോദങ്ങളുടെയും ഒരു മിശ്രിതം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ഇതില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്, ആഗോളതലത്തില്‍ പ്രശസ്തനായ ഡി.ജെ.യും ഗ്രാമി അവാര്‍ഡുജേതാവും നിര്‍മ്മാതാവുമായ അഫ്രോജാക്കിന്റെ മാര്‍ച്ച് 18നു നടക്കുന്ന പരിപാടിയായിരിക്കും. ബിയോണ്‍സ്, പിറ്റ്ബുള്‍, വില്‍.ഐ.എം, ഡേവിഡ് ഗ്വെറ്റ തുടങ്ങിയ കലാകാരന്മാര്ക്കായി നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള, ഡച്ചില് ജനിച്ച സംഗീതജ്ഞന് കാണികളെ കയ്യിലെടുക്കാന്‍ മിടുക്കനാണ്. ഏതൊരു പ്രധാന റേസിംഗ് ഇവന്റിന്റെയും വലിയൊരു ഭാഗം എപ്പോഴും ഓഫ്-ട്രാക്ക് വിനോദമാണ്.
മാത്രമല്ല, ഈ വര്‍ഷത്തെ ബഹ്റൈന്‍ ഗ്രാന്ഡ്പ്രിയിലും ഇത് വ്യത്യസ്തമായിരിക്കില്ല. ആരാധകര്‍ക്ക് 42 മീറ്റര്‍ ഉയരമുള്ള ഫെറിസ് വീലിലേക്ക് ചുവടുവെക്കാനും കറൗസല്‍ പോലെയുള്ള ഗോസ്റ്റ് റൈഡര്‍ സ്പീഡ് റൈഡില്‍ കയറുകയും ചെയ്യാം. റേസ് വാരാന്ത്യത്തില്‍ മറ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്റ്റേജ് ആക്ടുകളും റോമിംഗ് പെര്‍ഫോമേഴ്സും, പ്രശസ്ത തെരുവ് പെര്‍ഫോമര്‍ എബ്രഹാം തില്‍, ലൈഫ് സൈസ് ടോയ് ബ്രിഗേഡ്, ഇറ്റലിയില്‍ നിന്നുള്ള ഫങ്കി സ്റ്റൈല്‍ ബാന്‍ഡ്, സ്പെയിനില്‍ നിന്നുള്ള ജാം ബറ്റുകാഡ മ്യൂസിക്കല്‍ ഷോ, കൂടാതെ നിരവധി വിനോദപരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഫോര്‍മുലാ വണ്‍ ഗ്രാന്‍പ്രീ പ്രഖ്യാപനം വന്നതോടെ ബഹ്റൈനിലെ മോട്ടോര്‍ പ്രേമികള്‍ ആഹ്ളാദഭരിതരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..