റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ഭാഗികമായി ഒഴിവാക്കുവാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിനെതിരെ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുന്നു.
കര്‍ശന നിബന്ധനകളോടെ ഇന്നലെ മുതല്‍ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കുമിടയിലാണ് മക്കയും നേരത്തെ ലോക്ക് ഡൗണായി പ്രഖ്യാപിക്കപ്പെട്ട ഏതാനും സ്ഥലങ്ങളുമല്ലാത്ത സൗദിയുടെ മറ്റെല്ലാ ഭാഗത്തും കര്‍ഫ്യു നിയമം ഭാഗികമായി ഒഴിവാക്കിയത്.
രാജ്യം കൊറോണക്കെതിരെ സ്വീകരിച്ച പ്രധാന മുന്‍കരുതല്‍ നടപടികളുടെ നാള്‍വഴികള്‍:
1) 2020 ഫെബ്രുവരി 27: വിദേശികള്‍ ഉംറവിസയില്‍ രാജ്യത്തെത്തുന്നത് വിലക്കി, സ്വദേശികള്‍ക്ക് അവരുടെ നാഷണല്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചു രാജ്യത്തേക്ക് വരാനും പോകുവാനും അനുവദിച്ചു.
2) 2020 മാര്‍ച്ച് 4: സ്വദേശികളുടെയും വിദേശികളുടെയും ആഭ്യന്തര ഉംറയും നിര്‍ത്തിവെച്ചു.
3) മാര്‍ച്ച് 9: രാജ്യത്തെ എല്ലാ സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചു.
4) മാര്‍ച്ച് 9: സ്വദേശികള്‍ക്കും വിദേശികള്‍ക്കും അബൂദാബി, കുവൈത്ത്, ബഹ്റൈന്‍, ലബനാന്‍, സിറിയ, ദക്ഷിണ കൊറിയ ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഒമാന്‍, ഫ്രാന്‍സ്, ജര്‍മന്‍, തുര്‍ക്കി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി.
5) മാര്‍ച്ച് 9: സൗദിയിലെ റെസ്റ്റോറെന്റുകളില്‍ നിന്നും കഫേകളില്‍ നിന്നും ഹുക്ക വലിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
6) മാര്‍ച്ച് 12: യൂറോപ്യന്‍ ഐക്യനാടുകള്‍, ഏതാനും ഏഷ്യന്‍, ആഫ്രിക്കന്‍ നാടുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
7) മാര്‍ച്ച് 14: രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.
8) മാര്‍ച്ച് 14: കായികവിനോദങ്ങള്‍ നിര്‍ത്തിവെക്കുകയും ക്ളബ്ബുകളും സ്പോര്‍ട്സ് സെന്ററുകളും അടച്ചിടുകയും ചെയ്തു.
9) മാര്‍ച്ച് 15: മാളുകളും അതിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.
10) മാര്‍ച്ച് 16: സര്‍ക്കാര്‍ മേഖലകളിലെ തൊഴില്‍ കേന്ദ്രങ്ങളിലും ഓഫീസുകളിലും ജീവനക്കാര്‍ എത്തുന്നത് വിലക്കി
11) മാര്‍ച്ച് 17: പള്ളികളിലെ ജുമുഅ, ജമാഅത്തുകള്‍ നിര്‍ത്തിവെക്കുകയും ബാങ്ക് മാത്രം വിളിക്കുകയും ചെയ്യുക, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കോര്‍ണീഷുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്രമിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
12 മാര്‍ച്ച് 18: സ്വകാര്യ മേഖലകളിലെ മെയിന്‍ ഓഫീസുകളില്‍ ജീവനക്കാര്‍ വരുന്നത് നിര്‍ത്തി.
13. മാര്‍ച്ച് 20: ആഭ്യന്തര വിമാന സര്‍വീസുകള്‍, ട്രെയിന്‍ സര്‍വ്വീസുകള്‍, ടാക്സി വാഹനങ്ങള്‍, ബസുകള്‍ എന്നിവ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.
14. മാര്‍ച്ച് 22: വൈകുന്നേരം 7 മണിമുതല്‍ രാവിലെ ആറുമണിവരെ 21 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ രാജാവിന്റെ ഉത്തരവ്.
15. മാര്‍ച്ച് 25: ഓരോ പ്രവിശ്യയില്‍ നിന്നും പുറത്തേക്ക് പോവുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
16. മാര്‍ച്ച് 28: മദീനയിലെ ഏതാനും ഏരിയകളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കുകയും അതാത് ഏരിയകള്‍ വിട്ട് പോകുന്നതിനും കടക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ജിദ്ദയില്‍ രാത്രികാല കര്‍ഫ്യു വൈകുന്നേരം 3 മണിയോടെ തുടങ്ങണമെന്ന നിര്‍ദ്ദേശവും വന്നു.
17. ഏപ്രില്‍ 2: മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മക്ക മദീന സിറ്റികളില്‍ 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
18. ഏപ്രില്‍ 3: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലകളിലെ സൗദി ജീവനക്കാരുടെ 60 ശതമാനം ശമ്പളം സര്‍ക്കാര്‍ വഹിക്കുവാനും വിദേശികളുടെ ഇഖാമകള്‍ 3 മാസത്തേക്ക് ലെവി ഇല്ലാതെ ദീര്‍ഘിപ്പിക്കുവാനും തീരുമാനം വന്നു.
19. ഏപ്രില്‍ 6: റിയാദ്, തബൂക്, ദമ്മാം, ദഹ്റാന്‍, ഹുഫൂഫ് എന്നീ സിറ്റികളിലും, ജിദ്ദ, തായിഫ്, ഖത്തീഫ്, അല്‍ഖോബാര്‍ എന്നീ സിറ്റികളിലെ ഏതാനും ഏരിയകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
20. ഏപ്രില്‍ 10: മദീനയിലെ ആറു ഏരിയകളില്‍ കര്‍ഫ്യു കര്‍ശനമാക്കി. ഒരു നിലക്കും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും ആവശ്യങ്ങള്‍ അങ്ങോട്ട് വന്നു ചെയ്യാമെന്നും പ്രഖ്യാപിക്കപ്പെട്ടു.
21 ഏപ്രില്‍ 16: സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ നിലവിലുള്ള ക്ളാസുകളില്‍ നിന്നും തൊട്ടടുത്തുള്ള ക്‌ളാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..