ഭീകരവാദിയെന്ന് ചാപ്പകുത്തി വേട്ടയാടപ്പെട്ട പ്രവാസി യുവാവ്: പിന്നില്‍ കൊടുംചതി,പൊള്ളുന്ന അനുഭവം


എം.ബി.ബാബു

ജീവിത പ്രാരാബ്ധ ങ്ങൾക്ക്‌ പരിഹാരം തേടി ഗൾഫിലേക്കുപോയ റഹീമിനെ കുരുക്കിയത്‌ സമർത്ഥമായി ഒരുക്കിയ കെണിയായിരുന്നു

റഹീമിനെ എറണാകുളം സെൻട്രൽ പോലീസ്‌ കസ്റ്റഡിയിലെടുത്തപ്പോൾ

ഭീകരനെന്ന് ചാപ്പകുത്തി വേട്ടയാടപ്പെട്ട ഒരു യുവാവ്. നിരപരാധിയെന്ന് തെളിഞ്ഞിട്ടും കൈവിട്ടുപോകുന്ന ജീവിതം. ആരെയും നടുക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ഒരു സഞ്ചാരം...

തൃശ്ശൂര്‍: 2019 ഓഗസ്റ്റ് 22. അന്ന് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു വാര്‍ത്ത പരന്നു. അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഒരുപറ്റം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നു. ഭീകരരില്‍ ഒരാള്‍ ബഹ്‌റൈനിലെ മലയാളിയാണ്. ആ ദിവസത്തിന് പ്രത്യേകതയുണ്ടായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക് പുറപ്പെടുന്നത് അന്നായിരുന്നു. നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം. ഇന്ത്യയില്‍നിന്നാദ്യമായി ഒരു പ്രധാനമന്ത്രി ബഹ്‌റൈനിലെത്തുന്നത് ആഘോഷമാക്കാനിരിക്കുകയാണ് ആ രാജ്യം. ചരിത്രസംഭവത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവവും അവിടെ നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പരന്നത്.

തമിഴ്‌നാട് കേന്ദ്രീകരിച്ച് ഇന്ത്യയില്‍ വന്‍ അട്ടിമറിക്കായി വന്നിരിക്കുന്ന ഭീകരസംഘത്തിലെ മലയാളി കൊടുങ്ങല്ലൂരുകാരനാണ്. അയാളുടെ പാസ്‌പോര്‍ട്ടും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ലഷ്‌കറെ തൊയ്ബയുടേതായി പുറത്തുവന്നിട്ടുണ്ട്. മലയാളിയായ ഭീകരന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസ് വലവീശി. പലയിടങ്ങളില്‍നിന്നും അയാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

അപ്പോള്‍, പാതിരാത്രി അയാള്‍ കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലായിരുന്നു. ആലുവയിലെ മെക്കാനിക്കല്‍ സ്ഥാപനത്തില്‍നിന്ന് പോലീസിന് പിടികൊടുക്കാതെ കോഴിക്കോട്ടേക്ക് രക്ഷപ്പെട്ടതാണ്.

പോലീസ് തിരയുന്ന ഭീകരന്‍ ഒരടിപോലും മുന്നോട്ടുവയ്ക്കാനാകാതെ പോലീസിന് കൈയെത്തുന്ന അകലെ സ്റ്റാന്‍ഡില്‍ ഇരുട്ടിന്റെ മറവില്‍ നില്‍പ്പുണ്ട്. അബ്ദുള്‍ഖാദര്‍ റഹീം എന്നാണ് അയാളുടെ പേര്. എറണാകുളത്തേക്കുള്ള ബസ് എത്തിയതോടെ റഹീം പോലീസ് കാണാതെ ബസില്‍ കയറിപ്പറ്റി.

കോഴിക്കോട്ടുനിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് എറണാകുളത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ രണ്ടുമണിയായതിനാല്‍ യാത്രക്കാരെല്ലാം നല്ല ഉറക്കത്തില്‍. റഹീമിനുമാത്രം ഉറങ്ങാന്‍ കഴിഞ്ഞില്ല.

കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ തേഞ്ഞിപ്പലത്ത് ബസ് എത്തിയതോടെ ആയുധധാരികളായ പോലീസുകാര്‍ വണ്ടി വളഞ്ഞു. ബസില്‍ കയറി ഓരോരുത്തരെയും പരിശോധിച്ചു. ഡ്രൈവറെയും കണ്ടക്ടറെയും പോലും ഒഴിവാക്കിയില്ല. ഒടുവില്‍ പോലീസുകാരന്‍ ഒരു ചിത്രവുമായി വന്നു. അതുകണ്ട് റഹീം ഞെട്ടി. സ്വന്തം ഫോട്ടോയാണത്. ആ ചിത്രം ഉയര്‍ത്തിക്കാണിച്ച് പോലീസ് യാത്രക്കാരോട് ചോദിച്ചു-ഈ ചിത്രത്തില്‍ കാണുന്നയാള്‍ അന്താരാഷ്ട്രഭീകരനാണ്. ആളെ എവിടെയെങ്കിലും കണ്ടത് ഓര്‍മയുണ്ടോ?

ആരും മറുപടി പറയാത്തതിനാല്‍ പോലീസ് ആ ഫോട്ടോയുമായി ഓരോ യാത്രക്കാരന്റെയും അടുത്തെത്തി ചോദിച്ചു. റഹീമിന്റെ ശരീരം വിറച്ചു. ഫോട്ടോയുമായി റഹീമിന്റെ അടുത്തെത്തിയ പോലീസ് ചോദിച്ചു-ഈ ഫോട്ടോയില്‍ കാണുന്ന ആളെ എവിടെയെങ്കിലും...? ഇല്ലെന്ന് റഹീം തലയാട്ടി.

റഹീമിന്റെ തൊട്ടടുത്തിരുന്ന ആളോടും പോലീസ് ഈ ചോദ്യം ആവര്‍ത്തിച്ചു. ഇല്ലെന്ന് അയാളും പറഞ്ഞു.

അതിനുശേഷം, ഉറക്കം പോയതിന്റെ പരിഭവത്തോടെ ഇതെന്തു കൂത്ത് എന്ന ഭാവത്തില്‍ അടുത്ത സീറ്റുകാരന്‍ റഹീമിനെ നോക്കി. ആ മുഖം വിളറാന്‍ അധികനേരം വേണ്ടിവന്നില്ല. പോലീസ് തേടുന്ന ലോകഭീകരനാണ് അടുത്തിരിക്കുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ അയാള്‍ ബസിന്റെ സീറ്റില്‍ മുഖം മറുഭാഗത്തേക്ക് തിരിച്ച് ഉറക്കം നടിച്ചുകിടന്നു.

പരിശോധന കഴിഞ്ഞ് ബസ് പുറപ്പെട്ടു. റഹീം വാച്ചില്‍ സമയം നോക്കി-പുലര്‍ച്ചെ രണ്ടര. സൈലന്റാക്കി വെച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിക്കുന്നുണ്ട്. ആരൊക്കെയോ വിളിക്കുന്നു. വിദേശത്തുനിന്ന് കൂടെയെത്തിയ കൂട്ടുകാരിയുടെ നിര്‍ത്താതെയുള്ള വിളി കണ്ടപ്പോള്‍ റഹീം ഫോണെടുത്തു.

അവള്‍ പറഞ്ഞു- 'എന്നെ പോലീസ് പിടിച്ചു'. നീ നേരെ ഇടപ്പള്ളിയിലേക്ക് വരുക. പോലീസില്‍ കീഴടങ്ങുക. ഒന്നും മിണ്ടാതെ റഹീം ഫോണ്‍ കട്ട് ചെയ്തു.

ബസ് ചങ്ങരംകുളത്ത് എത്തിയപ്പോഴേക്കും മറ്റൊരു പോലീസ് സംഘം വീണ്ടും ബസ് തടഞ്ഞു. ഫോട്ടോ കാണിച്ച് 'ഇയാളെ അറിയുമോ?' എന്ന ചോദ്യത്തിന് അറിയില്ല എന്നുതന്നെ റഹീം മറുപടി പറഞ്ഞു. തൊട്ടടുത്ത സീറ്റിലിരുന്നയാളുടെ മറുപടിയിലും മാറ്റമുണ്ടായില്ല.

ഇറങ്ങുംമുമ്പ് പോലീസ് യാത്രക്കാരോട് പറഞ്ഞു- ''ഈ ഫോട്ടോയിലുള്ളയാള്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ആളാണ്. ഇയാള്‍ ഈ ബസിലുണ്ടെന്ന വിവരം കിട്ടിയാണ് പരിശോധിച്ചത്. അസൗകര്യത്തിന് ക്ഷമിക്കുക. ഇയാളെപ്പറ്റി വിവരം കിട്ടിയാല്‍ പോലീസില്‍ അറിയിക്കുക. നല്ല സമ്മാനം തരും.''

റഹീമിന്റെ തൊട്ടടുത്ത സീറ്റില്‍ ഉറക്കം നടിച്ച് കിടന്നയാള്‍ ഒരു കണ്ണിന്റെ പാതി തുറന്ന് റഹീമിനെ നോക്കി. റഹീം അത് കണ്ടെന്നറിഞ്ഞതോടെ അയാള്‍ കണ്ണടച്ച് കിടന്നു.

ചതിയില്‍ നെയ്ത വലയില്‍

പോലീസിന്റെ രണ്ടാം പരിശോധനയില്‍ റഹീം ഒരു കാര്യം മനസ്സിലാക്കി. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ബസിലുണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നത്. ഉടന്‍തന്നെ റഹീം സിം കാര്‍ഡ് ഊരിക്കളഞ്ഞു. ഫോണിന്റെ ബാറ്ററിയും ഊരി.

നേരം വെളുത്തപ്പോള്‍ ബസ് ഇടപ്പള്ളിയിലെത്തി. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ തയ്യാറായി ബസില്‍നിന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും അവിടെയും പരിസരത്തും നൂറുകണക്കിന് പോലീസുകാരെ കണ്ട് ഭയന്ന് അടുത്ത സ്റ്റോപ്പിലാണിറങ്ങിയത്.

കടകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പത്രങ്ങളില്‍ റഹീമിന്റെ ഫോട്ടോയും വാര്‍ത്തയും വലുതായി നല്‍കിയിരുന്നു. അവിടത്തെ കടയില്‍നിന്ന് ഒരു സിഗരറ്റ് വാങ്ങി. കടയുടെ പിന്നിലേക്ക് നീങ്ങി അത് കത്തിച്ച് വലിച്ചു. ആരോ തോളില്‍ തട്ടിയപ്പോള്‍ തിരിഞ്ഞുനോക്കി. രണ്ട് പോലീസുകാരായിരുന്നു അത്.

തന്നെ തിരിച്ചറിഞ്ഞെന്ന് കരുതി കീഴടങ്ങാന്‍ റഹീം തയ്യാറായി. പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് അറിയില്ലേയെന്ന് ചോദിച്ച് മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി അവര്‍ പോയി.

ഏതുസമയവും പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ റഹീം കോടതിയില്‍ കീഴടങ്ങാനായി സുഹൃത്തായ അഭിഭാഷകനെ കാണാന്‍ തീരുമാനിച്ചു. അഭിഭാഷകന്‍ പറഞ്ഞ പ്രകാരം എറണാകുളം ജില്ലാ കോടതിയില്‍ ഉച്ചയോടെ കീഴടങ്ങി.

എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ചാനലുകാര്‍ പൊതിഞ്ഞു. കൊടുംഭീകരനെന്ന് മുദ്രകുത്തപ്പെട്ട റഹീം പ്രാര്‍ഥിച്ചു- 'സര്‍വ്വശക്താ, എന്തിനാണിങ്ങനെയൊരു പരീക്ഷണം.'

സെന്‍ട്രല്‍ ഐ.ബി., ക്രൈം ബ്രാഞ്ച്, തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച്, എന്‍.ഐ.എ., മിലിറ്ററി ഇന്റലിജന്‍സ്, കേരള പോലീസ്... 33 മണിക്കൂറായിരുന്നു േചാദ്യംചെയ്യല്‍. ചോദ്യംചെയ്യലില്‍ റഹീമിന്റെ ചിന്തകള്‍ ഓര്‍മയുറയ്ക്കുന്ന കാലംമുതലുള്ള, 33 വര്‍ഷം പിന്നോട്ടുപോയി. ആ കാലംമുതലുള്ള എല്ലാ കാര്യങ്ങളും ഒന്നും മറയ്ക്കാതെ പറഞ്ഞു.

പിന്തുടര്‍ന്ന പ്രതികാരം

കൊടുങ്ങല്ലൂര്‍ എറിയാട് റോഡിലെ കൊച്ചുകൂരയില്‍ എന്നും പ്രാരബ്ധമായിരുന്നു. പിതാവ് അബ്ദുള്‍ഖാദര്‍ ഓലമെടഞ്ഞ് തോണിയില്‍ കയറ്റി ആലപ്പുഴ കൊണ്ടുപോയി വിറ്റായിരുന്നു വീട് പുലര്‍ത്തിയിരുന്നത്. മാതാവ് സുബൈദയ്ക്ക് പണിയൊന്നുമില്ല.

വീട്ടിലെ പ്രാരബ്ധം കാരണം റഹീം എട്ടില്‍ പഠനം നിര്‍ത്തി വീടിനടുത്തുള്ള വര്‍ക്ഷോപ്പില്‍ പണിക്കുപോയി. പണി പഠിച്ചശേഷം 2000-ത്തില്‍ ബഹ്റൈനിലേക്ക്. 18 വര്‍ഷം അവിടെ വര്‍ക്ഷോപ്പില്‍ പണിയെടുത്തു. സ്വന്തമായി വര്‍ക്ഷോപ്പ് നടത്തി.

2018-ലെ പ്രളയത്തിന് തൊട്ടുമുമ്പാണ് വിദേശവാസം പൂര്‍ത്തിയാക്കി നാട്ടിലെത്തിയത്. പ്രളയത്തില്‍ വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാന്‍ കഴിയുന്നതുകൊണ്ട് നല്ലരീതിയില്‍ പണമുണ്ടാക്കി. ആലുവയില്‍ വര്‍ക്ഷോപ്പ് തുടങ്ങി. എന്നാല്‍ വരുമാനം, കുറഞ്ഞതോടെ വീണ്ടും വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചു.

2019 ജൂലായില്‍ ബഹ്റൈനിലെ സ്‌പോണ്‍സര്‍ ബിലാല്‍ അഹമ്മദ് അല്‍അസാനി അവിടേക്ക് ക്ഷണിച്ചു. വിസിറ്റിങ് വിസയില്‍ ബഹ്റൈനിലെത്തിയത് 2019 ജൂലായ് ഏഴിന്. അവിടെ ഇറങ്ങിയ ഉടന്‍ റഹീമിനൊരു ഫോണ്‍ വന്നു. ബഹ്റൈനില്‍ മുമ്പ് ഗാരേജില്‍ ഒപ്പം ജോലിചെയ്തിരുന്ന വയനാട്ടിലുള്ള കൂട്ടുകാരിയുടെ വിളിയാണ്. അവര്‍ ഇപ്പോള്‍ ജോലിചെയ്യുന്ന ബാര്‍ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങാനാകാത്ത വിധം പൂട്ടിയിട്ടിരിക്കുകയാണ്. സഹായത്തിനായാണ് വിളി.

എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായ സുഹൃത്തിന്റെ സഹായത്താല്‍ പോലീസില്‍ പരാതി നല്‍കി. യുവതിയെ പോലീസ് രക്ഷിച്ച് ഷെല്‍റ്ററിലേക്ക് മാറ്റി. ഹോട്ടലിന്റെ നടത്തിപ്പിനെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമയായ അറബിയില്‍നിന്ന് ബാര്‍ ഹോട്ടല്‍ വാടകയ്‌ക്കെടുത്ത് നടത്തിയിരുന്നത് മലയാളികളായിരുന്നു.

കേസ് രൂക്ഷമായതോടെ അന്വേഷിക്കാനെത്തിയ പോലീസിനെ ഹോട്ടല്‍ നടത്തിപ്പുകാര്‍ തല്ലി. അതോടെ ഗ്രൂപ്പിന്റെ 18 ഹോട്ടലുകളുടെയും ലൈസന്‍സ് നഷ്ടമായി.

പ്രശ്‌നത്തിന് പിന്നില്‍ റഹീം ആണെന്ന് മനസ്സിലാക്കിയ ഹോട്ടല്‍ നടത്തിപ്പുകാര്‍ താക്കീത് നല്‍കി- ''നിന്നെ ഞങ്ങള്‍ ഊരാന്‍ വയ്യാത്ത രീതിയില്‍ ലോക്കാക്കും, നോക്കിക്കോ.''

ഒരുമാസത്തോളം റഹീം അവിടെ തങ്ങിയെങ്കിലും സ്ഥിരം വിസ ശരിയായില്ല. അതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കൂട്ടുകാരിക്കും നാട്ടിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. നാട്ടിലുള്ള ഏക ആങ്ങളയുടെ വിവാഹമാണ് അടുത്തയാഴ്ച. നാട്ടിലേക്ക് മടങ്ങാനായി കേസ് തീര്‍പ്പാക്കി.

ഇരുവരും ഒരുമിച്ച് മടങ്ങാന്‍ തീരുമാനിച്ചു. നാട്ടിലുള്ള വര്‍ക്ഷോപ്പിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു റഹീമിന്. പരമാവധി സാധനങ്ങള്‍ വാങ്ങണം. വില കൂടിയ വാഹനങ്ങള്‍ക്കുള്ള പാര്‍ട്സുകളാണ് ഏറെയും. ദുബായ് വഴി മടങ്ങിയാല്‍ കൂടുതല്‍ ലഗേജ് കൊണ്ടുവരാം. റഹീമിനുള്ള ലഗേജ് കൂട്ടുകാരിക്കും കൊണ്ടുവരാമെന്നതിനാല്‍ യാത്ര ദുബായിലൂടെയാക്കി.

യാത്രയ്ക്ക് തലേന്ന് റഹീമിനെ ബഹ്റൈനിലെ സി.ഐ.ഡി. പിടികൂടി. അതിലൊരാള്‍ കനേഡിയന്‍ പൗരത്വമുള്ള പാകിസ്താനി ആയിരുന്നു. അവര്‍ റഹീമിന്റെ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങി. അതിന്റെ ഫോട്ടോയെടുത്തു. റഹീമിന്റെ ഫോണിലെ കൂട്ടുകാരുടെ വിവരങ്ങളും എടുത്തു. റഹീമിന്റെ ഫോണില്‍ കുറേ ഫോട്ടോയെടുത്തു. ആ ഫോട്ടോകള്‍ എങ്ങോട്ടെല്ലാമോ അയച്ചു. ഏതൊക്കെയോ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തു.

നാട്ടിലേക്കുള്ള മടക്കം ഏതുവഴിക്കാണെന്നും, എന്നാണെന്നും തിരക്കി. ശ്രീലങ്കന്‍ വിമാനത്തില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങാനായിരുന്നു റഹീം ലക്ഷ്യമിട്ടത്. അക്കാര്യം അവരോട് പറഞ്ഞു.

വേട്ടയാടിയ മരണഭയം

ദുബായില്‍നിന്ന് നേരെ നെടുമ്പാശ്ശേരിയിലേക്ക് വിമാനം കിട്ടിയതിനാല്‍ ആ വഴിയായിരുന്നു റഹീമിന്റെ യാത്ര. നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ഉടന്‍ സാധനങ്ങളുമായി ആലുവയിലെ വര്‍ക്ഷോപ്പിലെത്തി.

വാഹനങ്ങള്‍ക്കായി വാങ്ങിയ ഇനങ്ങള്‍ കൃത്യമാണോയെന്ന് നോക്കി ഉറപ്പിക്കണം. കൃത്യമല്ലെങ്കില്‍ 10 ദിവസത്തിനകം മാറ്റിവാങ്ങാം. സാധനങ്ങള്‍ ഓരോന്ന് തുറന്നു പരിശോധിക്കുന്നതിനിടെ ഒരു ഫോണ്‍ വന്നു. വിദേശത്തുനിന്നാണ്. അയാള്‍ പറഞ്ഞു- ''റഹീം നിന്റെ വാര്‍ത്തയുണ്ടല്ലോ ടെലിവിഷനുകളില്‍... ലിങ്ക് ഇട്ടിട്ടുണ്ട്, നോക്ക്...''

റഹീം ലിങ്ക് തുറന്നുനോക്കി. താന്‍ ഒരു ലഷ്‌കറെ തൊയ്ബ ഭീകരനായിരിക്കുന്നുവെന്ന് നടുക്കത്തോടെ 'തിരിച്ചറിഞ്ഞു'. പാസ്‌പോര്‍ട്ടിന്റെ ചിത്രം, താടി നീട്ടിവളര്‍ത്തിയ കാലത്തെ ഫോട്ടോ എന്നിവയുമുണ്ട്.

ശ്രീലങ്ക വഴി ഭീകരസംഘം കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും അതിലെ മലയാളിയാണ് താനെന്നും വാര്‍ത്ത പറയുന്നു. റഹീമിന് തലചുറ്റി. പുറത്തേക്ക് നോക്കിയപ്പോള്‍ വര്‍ക്ഷോപ്പിനു മുന്നില്‍ ഒരുപറ്റം പോലീസുകാര്‍ നില്‍ക്കുന്നതു കണ്ടു. ചിലരുടെ കൈയില്‍ തോക്കുമുണ്ട്. പോലീസുകാര്‍ വര്‍ക്ഷോപ്പ് വളയുകയാണ്.

ആദ്യമായി, മരണഭയം റഹീമിനെ പിടികൂടി. വര്‍ക്ഷോപ്പിനു പിന്നില്‍ കിടന്ന ഒരു പഴയ കാറില്‍ കയറി പിന്നിലെ റോഡിലൂെട അയാള്‍ ലക്ഷ്യമില്ലാതെ പാഞ്ഞു. ജീവന്‍ കൈയില്‍ ചുരുട്ടിപ്പിടിച്ച് പായുന്നപോലെ...

നെടുമ്പാശ്ശേരി വഴി മൂവാറ്റുപുഴയിലെത്തി. അവിടെയുമുണ്ട് പോലീസ്. കാര്‍ ഉപേക്ഷിച്ച് ഓട്ടോയിലായി യാത്ര. പിന്നെ, ഒരു ബസില്‍ കയറി. അത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട്ട് റഹീം വന്നിറങ്ങിയത് അങ്ങനെയാണ്.

***********

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നടന്ന 33 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ പോലീസിന് അറിയേണ്ടതിതായിരുന്നു-'കുറ്റവാളിയല്ലെങ്കില്‍പ്പിന്നെ ഒളിച്ചോടിയത് എന്തിന്?'

റഹീം പറഞ്ഞതിങ്ങനെയാണ്-പോലീസും തോക്കും കണ്ട് ഭയന്നു. ഭീകരനാണ് ഞാനെന്ന് കണ്ടപ്പോള്‍ ചിന്തപോലും മരവിച്ചു. പിന്നെ എന്റെ പേര്, അത് തെറ്റുകാരനല്ലെന്ന് സ്വയം തെളിയിക്കേണ്ടിവരുന്ന, തെളിയിച്ചാല്‍ത്തന്നെ ആരും വിശ്വസിക്കാതെ വരുന്ന ഒന്നായിമാറിയ കാലത്ത്... ആദ്യമായി റഹീം സ്വന്തം പേരിനോട് പിണങ്ങി. ഒരു പേരില്‍ മറ്റുപലതുമുണ്ടെന്ന് അന്നെനിക്ക് തോന്നിയെന്ന് റഹീം പറയുന്നു.

*********

സംശയങ്ങളെല്ലാം തീര്‍ന്ന് കേസ് അവസാനിപ്പിച്ച അന്വേഷണസംഘം റഹീമിന്റെ പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറി. കോടതി അത് റഹീമിനും. റഹീമിന് വീട്ടിലെത്താനുള്ള യാത്രക്കൂലിയും ഭക്ഷണത്തിനുള്ള പണവും പോലീസ് നല്‍കി. സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് താമസിപ്പിച്ചിരുന്ന മാതാപിതാക്കളെയും ഭാര്യയെയും കാണിച്ചുകൊടുത്തു. അയാള്‍ പൊട്ടിക്കരഞ്ഞുപോയി. കൂടെ ഭാര്യയും മാതാപിതാക്കളും.

റഹീമിന്റെ കൂടെ യാത്രചെയ്‌തെന്ന പേരില്‍ പിടിയിലായ യുവതിയെ പ്രത്യേക വാഹനം വരുത്തി പോലീസ് വയനാട്ടിലെ വീട്ടിലെത്തിച്ചു. സഹോദരന്റെ കല്യാണത്തലേന്ന് യുവതി വീട്ടിലെത്തി. യുവതിയെപ്പറ്റി ഒരു കാര്യംപോലും പുറത്തുവിടാതെ പോലീസ് ആ രഹസ്യം സൂക്ഷിച്ചു.

റഹീമിന്റെ കൂട്ടാളികളെന്ന് കരുതി പിടികൂടിയ ആറുപേരെയും വിട്ടയച്ചു. അവരുടെ അറസ്റ്റ് വിചിത്രമായിരുന്നു.

റഹീം സഹായം അഭ്യര്‍ഥിച്ച് ഫോണില്‍ വിളിച്ച വിേദശത്തെ ഒരാളുണ്ടായിരുന്നു അതില്‍.

റഹീമിനെപ്പറ്റി ടെലിവിഷനില്‍ കണ്ട് പ്രശ്‌നമറിയാനായി ഫോണില്‍ വിളിച്ച ചെന്നൈയിലെ ഒരു കൂട്ടുകാരനുണ്ടായിരുന്നു.

റഹീം വിദേശത്തുനിന്ന് അയച്ച സാധനം കിട്ടിയതില്‍ നന്ദിയറിയിക്കാന്‍ വിളിച്ച കോയമ്പത്തൂരിലെ ഒരാളുണ്ടായിരുന്നു.

വര്‍ക്ഷോപ്പില്‍ കൊടുത്ത വണ്ടി എന്ന് കിട്ടുമെന്നറിയാന്‍ വിളിച്ച നെടുമ്പാശ്ശേരിയിലെ കസ്റ്റമറുമുണ്ടായിരുന്നു.

നമ്പര്‍ തെറ്റി റഹീമിനെ വിളിച്ച ചങ്ങനാശ്ശേരിയിലെ ഒരാളുമുണ്ടായിരുന്നു.

ഫോണ്‍ റീചാര്‍ജ് ചെയ്തത് ശരിയായോ എന്നറിയാന്‍ റഹീമിനെ വിളിച്ചുചോദിച്ച ആലുവയിലെ പെട്ടിക്കടക്കാരനുമുണ്ടായിരുന്നു.

ഓരോ ഫോണ്‍വിളിയും ഓരോ 'പ്രതി'യെ സൃഷ്ടിച്ചു.

ഇവിടെ എല്ലാവരുടെയും മോചനം നടക്കുമ്പോള്‍ അങ്ങകലെ ബഹ്റൈനിലും അപ്പോള്‍ കുറെയേറെപ്പേര്‍ മോചിപ്പിക്കപ്പെട്ടിരുന്നു.

ബഹ്‌റൈനിലെ ജയിലുകളില്‍ കാലങ്ങളായി ശിക്ഷിക്കപ്പെട്ടുകിടന്ന 250 ഇന്ത്യക്കാരെ അന്ന് ആ രാജ്യം മോചിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്ത് നല്‍കിയ മോചനമായിരുന്നു അത്. ബഹ്‌റൈനിലേക്ക് ആദ്യമായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആ രാജ്യം നല്‍കിയ സ്‌നേഹാദരം. ഒരു മതാധിഷ്ഠിത രാഷ്ട്രം, ലോകത്തെ ഏറ്റവും വലിയ മതേതരരാഷ്ട്രത്തോട് കാഴ്ചവെച്ച അടുപ്പത്തിന്റെ തുടക്കം.


റഹീം ഇപ്പോള്‍
കൊടുങ്ങല്ലൂര്‍ എറിയാട് റോഡിലെ ചെറിയ വീടിന്റെ തിണ്ണയിലിട്ട പ്ലാസ്റ്റിക് കസേരയിലിരുന്നാണ് റഹീം ജീവിതകഥ പറഞ്ഞത്- അന്നത്തെ ആ അനുഭവം ജീവിതത്തെ അഗ്‌നിയില്‍ സ്ഥുടം ചെയ്‌തെടുത്തതുപോലെയാക്കി.

റഹീം

എന്റെ പാസ്‌പോര്‍ട്ട് എല്ലാ രാജ്യങ്ങളിലും അയച്ച് പരിശോധന നടത്തിയിരുന്നു അന്വേഷകസംഘം. അതോടെ സത്യാവസ്ഥ എല്ലാവര്‍ക്കും ബോധ്യമായി. പല വിദേശരാജ്യങ്ങളിലേക്കും അതിനുശേഷം പോയി. ഇപ്പോള്‍ ദുബായിലാണ്.

അന്ന് എന്റെ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ എടുത്ത് തീവ്രവാദിയാക്കാന്‍ ശ്രമിച്ച കനേഡിയന്‍ പൗരത്വമുള്ള പാകിസ്താനി സി.െഎ.ഡി.യെ ബഹ്റൈന്‍ നാടുകടത്തി. പക്ഷേ, എന്നെ തീവ്രവാദിയാക്കാനായുള്ള ശ്രമം കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുന്നു. വിദേശരാജ്യങ്ങളില്‍ ജോലിക്കെത്തുമ്പോള്‍ മുന്‍പത്തെ കള്ളക്കഥകള്‍ പറഞ്ഞ് തൊഴില്‍ ഇല്ലാതാക്കുകയാണ്. അന്ന് വന്ന പത്രവാര്‍ത്തകളും ചാനല്‍ ക്ലിപ്പിങ്ങുകളും അയച്ചാണ് പകപോക്കല്‍. ഇതിനു പിന്നില്‍ മലയാളികളാണ്. അന്ന് എന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചവര്‍..


Content Highlights: fake terrorisT case-pravasi youth-journey through experiences-raheem

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented