ഇ-സ്കൂട്ടറുകൾക്ക് ദുബായിൽ അനുവദിച്ച പുതിയ സ്റ്റേഷൻ
ദുബായ് : എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി.
13 മുതൽ ഇവിടെയുള്ള സൈക്ലിങ് ട്രാക്കുകളിലൂടെ ഇ-സ്‌കൂട്ടറുകൾ ഓടിക്കാം. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ പരീക്ഷണയോട്ടത്തിന്റെ വൻ വിജയത്തിന് ശേഷമാണ് പുതിയനീക്കമെന്ന് ആർ.ടി.എ.യും ദുബായ് പോലീസും അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജുമൈര ലേക്ക് ടവേഴ്‌സ്, ദുബായ് ഇന്റർനറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈര, സിറ്റി വോക്ക് എന്നിവിടങ്ങളിലായിരിക്കും അനുമതിയെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഇതിൽ ഖിസൈസ്, മൻഖൂൾ, കരാമ എന്നിവിടങ്ങളിലെ പ്രത്യേക പാതകളും ഉൾപ്പെടും. നിർദിഷ്ടയിടങ്ങളിൽ 2000-ത്തോളം ഇ-സ്കൂട്ടറുകൾ ഉണ്ടാകുമെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.
ഇ-സ്കൂട്ടർ ഓടിക്കാൻ പെർമിറ്റ് നിർബന്ധമാക്കും
ദുബായിൽ ഈ മാസം അവസാനം മുതൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഇനിമുതൽ ഓടിക്കാനാകില്ല. ഇ-സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് നടപടി. അശ്രദ്ധയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായി ദുബായ് പോലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ഇ-സ്‌കൂട്ടറുകൾക്കായുള്ള ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നൽകുന്നത്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.
ലൈസൻസ് ലഭിക്കാതെ ഇലക്ട്രിക് സ്കൂട്ടറുകളോ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ബൈക്കുകളോ ഓടിക്കരുതെന്ന് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ആവശ്യമാണെന്നും ഉത്തരവിലുണ്ട്. ഇതിനായുള്ള ലൈസെൻസ് ആർ.ടി.എ. നൽകും.
ഇ-സ്കൂട്ടറിന്റെ പരമാവധി വേഗതാ പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറുകളിൽ സഹയാത്രികരെ ഉൾപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ റിഫ്‌ളക്ടറീവ് വെസ്റ്റുകളും ഹെൽമെറ്റും ധരിക്കണം. മറ്റ് വാഹനങ്ങളിൽനിന്നും കാൽനടയാത്രക്കാരിൽ നിന്നും മതിയായ അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. 16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഓടിക്കാൻ അനുവാദമില്ല.
നിയമലംഘനം നടത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. അപകടത്തിന്റെയും നിയമ ലംഘനത്തിെന്റ തോതനുസരിച്ച് ഒരുമാസം വരെയുള്ള വാഹനത്തിന്റെ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയാണ് ശിക്ഷ. 18 വയസ്സ് തികയാത്ത വ്യക്തിയാണെങ്കിൽ രക്ഷാകർത്താവിനെതിരേയും നടപടി സ്വീകരിക്കും.
ഇ-സ്കൂട്ടറുകൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തണം
ദുബായ് : ഇ-സ്കൂട്ടറുകൾ നിശ്ചിതസ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഓർമിപ്പിച്ചു. അനുവദനീയമായ സ്ഥലങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മികച്ച പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. അവ പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്കും സമീപമാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ താമസക്കാരെയും സന്ദർശകരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണ് ആർ.ടി.എ.ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാകുന്ന വിധത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ലഭിക്കും.
Content Highlights: Dubai, E-Scooter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..