ദോഹ: ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്ന ആദ്യ വിമാനത്തിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9ന് വൈകീട്ട് 7ന് ആണ് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെടുക. മെയ് 7ന് പുറപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന വിമാനത്തിന്റെ യാത്രാ തിയ്യതി ഇന്ന് നീട്ടുകയായിരുന്നു.
അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയാണ് ടിക്കറ്റുകള്‍ നല്‍കിയത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ടിക്കറ്റ് വിതരണം വൈകുന്നേരത്തോടെ പൂര്‍ത്തിയായി. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 200ഓളം പേര്‍ക്ക് ഇന്ത്യന്‍ എംബസി അറിയിപ്പ് നല്‍കിയിരുന്നു. ഐസിസി അശോക ഹാളില്‍ ഓരോ മണിക്കൂറിലും 35 പേരെ വീതം പ്രവേശിപ്പിച്ച് പ്രത്യേക നമ്പറുകള്‍ നല്‍കിയാണ് ടിക്കറ്റ് വിതരണം നടത്തിയത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ടിക്കറ്റുകള്‍ നല്‍കിയതെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ പറഞ്ഞു. 766 റിയാലാണ് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരാളുടെ ടിക്കറ്റ് നിരക്ക്.
കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോകേണ്ടവര്‍ക്ക് കൊച്ചിയിലേക്കാണ് ടിക്കറ്റ്. ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമീപപ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റുകള്‍ നല്‍കാത്തതിനെതിരേ പരാതി ഉയര്‍ന്നിട്ടുണ്ട്. നാട്ടിലെത്തിയാല്‍ ദീര്‍ഘദൂര യാത്ര ഇത്തരക്കാര്‍ക്ക് പ്രയാസമാവും. ഗര്‍ഭിണിയായ ഭാര്യയും മകളും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് അപേക്ഷ നല്‍കി ഭാര്യക്കും മകള്‍ക്കും മാത്രം ടിക്കറ്റ് നല്‍കിയതായും പരാതി ഉയര്‍ന്നു. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ കാര്യങ്ങള്‍ എങ്ങിനെയായിരിക്കുമെന്നതു സംബന്ധിച്ച ആശയക്കുഴപ്പവും യാത്രക്കാര്‍ പങ്കുവച്ചു. ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട രോഗികള്‍ എന്നിവര്‍ക്കാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്്.
യാത്രക്കാര്‍ക്ക് സാധാരണ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തുന്ന ശരീരത്തിന്റെ ചൂട് അളക്കുന്ന പരിശോധന മാത്രമേ ഉണ്ടാവൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കൂ എന്നാണ് ഇന്നലെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞത്. യാത്രക്കാരെ റാപിഡ് ടെസ്്റ്റ് നടത്തുമെന്ന് ഇന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എംബസികള്‍ക്ക് ഇതു സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
Content Highlights: Doha- Kochi Flight ticket


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..