ഡിഫ സൂപ്പർ കപ്പിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ ചലചിത്ര നിർമ്മാതാവ് ജോളി ലോനപ്പൻ കളിക്കാരുമായി പരിചയപ്പെടുന്നു
ദമാം: കഴിഞ്ഞ ഒരു മാസക്കാലമായി ദമാംഇന്ത്യന് ഫുട്ബോള്‍ അസോസിയേഷന്, റാക്കയിലെ സ്പോര്‍ട്ട് യാര്‍ഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് വരുന്ന ഡ്രീം- ഡെസ്റ്റിനേഷന്‍സ് ഡിഫ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ കംഫര്‍ട്ട് ട്രാവല്‍സ് ബദര്‍ എഫ്.സി ദമാം, അല്‍-അന്ഷാത് സ്ക്രാപ്പ് ഡീലേഴ്സ് ഇ.എം.എഫ് റാക്ക എഫ്.സിയുമായി ഏറ്റുമുട്ടും.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ കളം നിറഞ്ഞ് കളിച്ച ഫ്ലൈസഡ് ട്രാവല്‍സ് മാഡ്രിഡ് എഫ്.സിയെ സഡന്‍ ഡത്തില്‍ മറികടന്നാണ് ഇ.എം.എഫ് റാക്ക ഫൈനലിലേക്ക് കടന്നത്. ആദ്യ പകുതിയില്‍ പ്ലേമേക്കര്‍ അബുവും, ഇര്‍ഫാനും നേടിയ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന മാഡ്രിഡിനെതിരെ രണ്ടാം പകുതിയില്‍ ദില്ഷാദിന്റയും, ക്യാപ്റ്റന്‍ ജാബിറിന്റെയും ഗോളുകളുടെ ബലത്തില്‍ ഇ.എം.എഫ് സമനില പിടിച്ചു. തുടര്‍ന്ന് ടൈബ്രേക്കറില്‍ ഇരു ടീമുകളും അഞ്ച് വീതം ഗോളുകള്‍ നേടി വീണ്ടും പോരാട്ടം ഒപ്പത്തിനൊപ്പം പിടിച്ചു. എന്നാല്‍ സഡന്‍ ഡത്തില്‍ ആദ്യകിക്കെടുത്ത അബുവിന് പിഴച്ചപ്പോള്‍ നിര്‍ഭാഗ്യത്തെ പഴിച്ച് മാഡ്രിഡ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. നിര്‍ണ്ണായ കിക്ക് ഗോളാക്കി ദില്‍ഷാദിലൂടെ തന്നെ ഇ.എം എഫ്, തുടര്‍ച്ചയായി രണ്ടാം തവണയും ഡിഫ സൂപ്പര്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിലേക്ക് പൊരുതി കയറി. ഇ.എം.എഫിനായി കളം നിറഞ്ഞ് കളിച്ച ദില്‍ഷാദ് തന്നെയായിരുന്നു മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
ആവേശകരമാവുമെന്ന് കരുതിയ രണ്ടാം സെമിയില്‍ ഗാലോപ്പ് യുണൈറ്റഡ് എഫ്.സി യെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മറികടന്നാണ് കംഫര്‍ട്ട് ട്രാവല്‍സ് ബദര്‍ എഫ്.സി ഡിഫ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ ലെഫ്റ്റ് വിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന തന്‍വീറിന്റെ അഭാവം യു.എഫ്.സിക്ക് വിനയായപ്പോള്‍, മികച്ച ആക്രമണത്തിലൂടെ അനീഷും, ഉനൈസും, ഫവാസും, സനൂജുമടങ്ങിയ ബദര്‍ മുന്നേറ്റ നിര യു.എഫ്.സി. ഗോള്‍മുഖത്ത് നിരന്തരം പരിഭ്രാന്തി പടര്‍ത്തി. ഉനൈസിന്റെ മികച്ച പാസ് പിടിച്ചെടുത്ത് ഒന്നാന്തരം ഫിനിഷിങ്ങിലൂടെ ഫവാസ് കിഴിശ്ശേരി ബദറിന് ആദ്യ ലീഡ് നല്കിയപ്പോള്, ഉനൈസിന്റെ ഫ്രീ കിക്കില്‍ ബദര്‍ രണ്ടാം ഗോളും നേടി. മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങളിലൂടെ ഹാട്രിക് നേടിയ സനൂജ് ബിച്ചു ബദര്‍ എഫ്.സി യുടെ വിജയം അരക്കെട്ടുറപ്പിച്ചു. സനൂജ് തന്നെയായിരുന്നു മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ചലചിത്ര നിര്‍മ്മാതാവ് ജോളി ലോനപ്പന്, പ്രമുഖ സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്, കെ.എം.സി.സി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍, നവോദയ സ്പോര്‍ട്സ് വിങ്ങ് കണ്‍വീനര്‍ നൗഫല്‍ പൊന്നാനി, നവയുഗം പ്രതിനിധി മണിക്കുട്ടന്, കസവ് കൂട്ടായ്മ പ്രതിനിധി അമീറലി, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി മൂസ്സക്കോയ, ഷിജിയുടെ നൗഫല്‍ തെക്കേപ്പുറം തുടങ്ങിയവര്‍ കളിക്കാരുമായി പരിജയപ്പെട്ടു. അലന് ഗ്രൂപ്പ് ഡയറക്ടര്‍ കെ.പി.ഹുസൈന്, യനാമ ട്രേഡിങ്ങ് ജനറല്‍ മാനേജര്‍ അമീര്‍ സുല്‍ത്താന്‍, റോമാ കാസ്റ്റില്‍ ട്രേഡിങ്ങ് ജനറല്‍ മാനേജര്‍ സുലൈമാന്‍ രാമനാട്ടുകര, സീബ്രിസ് കാര്‍ഗോ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ഫിര്‍ദൗസ്, ചോക്കോ നട്ട് സ്വീറ്റ്സ് പ്രതിനിധി ഷെയ്ക് മുഹമ്മദ്, സാജിദ് ചേന്ദമംഗല്ലൂര്‍, തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഡിഫ പ്രസിഡണ്ട് മുജീബ് കളത്തില്‍, ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി, ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികളായ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി, മന്‍സൂര്‍ മങ്കട, ലിയാഖത്തലി, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍, ഖലീല്‍ റഹ്മാന്, സഫീര്‍ മണലോടി, റിയാസ് പറളി, ജാബിര്‍ ഷൗക്കത്ത്, ആശി നെല്ലിക്കുന്ന്, തുടങ്ങിയവര്‍ നേതൃത്വം നല്കി. വരുന്ന വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന കലാശപ്പോരാട്ടത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികള്‍ക്ക് കൂടി റാക്ക സ്പോര്‍ട്ട് യാര്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..