അവസാനമായൊന്നുകാണാന്‍ രണ്ടരമാസം കാത്തിരുന്നു... ഒടുവില്‍ മൃതദേഹമെത്തി; സംസ്‌കരിച്ചു, ആളുമാറി


ചേതനയറ്റ ശരീരത്തിനായി രണ്ടരമാസത്തെ കാത്തിരിപ്പ്...

ഷാജി രാജൻ

വള്ളികുന്നം: സൗദിയില്‍ മരിച്ച ഷാജിരാജനെ അവസാനമായൊന്നുകാണാന്‍ ഭാര്യ രാഗിണിയും മക്കളായ അനഘയും അപര്‍ണയും അനുഷയും കാത്തിരുന്നത് രണ്ടരമാസം. വിസയുടെയും പാസ്പോര്‍ട്ടിന്റെയും കുരുക്കുകള്‍ നീക്കി വിമാനത്തില്‍ മൃതദേഹമെത്തിക്കാന്‍ അവരും ബന്ധുക്കളും സഹിച്ച പ്രയാസം ചില്ലറയല്ല. ഒടുവില്‍ മൃതദേഹം നാട്ടിലെത്തിച്ച് കണ്ണീരോടെ വിടനല്‍കിയപ്പോഴും അവരറിഞ്ഞില്ല, അത് ഷാജി രാജന്റേതല്ലെന്ന്. ഒരുദിവസത്തിനുശേഷമാണ് യു.പി. സ്വദേശി അബ്ദുള്‍ ജാവേദിന്റെ മൃതദേഹമാണു വീട്ടുവളപ്പില്‍ സംസ്‌കരിച്ചതെന്ന് അവരറിഞ്ഞത്.

സൗദിയില്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്ന ഷാജിരാജന്റെ മരണവിവരം ബന്ധുക്കളറിഞ്ഞത് ജൂലായ് 18-നായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാംകഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചപ്പോഴാണ് പാസ്പോര്‍ട്ട് കാണാനില്ലെന്ന വിവരമറിഞ്ഞത്. നാട്ടിലേക്കുമടങ്ങാനായി 2019-ല്‍ ഷാജിരാജന്‍ എക്‌സിറ്റ് വിസ എടുത്തതായുമറിഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിച്ചു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. കാണാതായ പാസ്പോര്‍ട്ടിന്റെ വിവരങ്ങളും മറ്റുരേഖകളും ശേഖരിച്ചു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 30-ന് രാവിലെ മൃതദേഹം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചു.

ബന്ധുവായ രതീഷാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എല്ലാരേഖകളും പരിശോധിച്ചശേഷമാണ് അവര്‍ മൃതദേഹം നല്‍കിയത്. എംബാം ചെയ്തതും അഴുകിയതുമായ മൃതദേഹം തുറക്കാതെ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഭാര്യ രാഗിണിയുടെ വള്ളികുന്നം കാരാഴ്മ കണിയാവയലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിറ്റേന്നാണു മൃതദേഹംമാറിയ വിവരമറിയുന്നത്.

പിന്നീട്, ഷാജിരാജന്റെ മൃതദേഹം യു.പി.യില്‍നിന്ന് തിരികെയെത്തിക്കാനുള്ള ഓട്ടത്തിലാണ് ആ കുടുംബം. ആകെ മൂന്നുസെന്റ് സ്ഥലമാണിവര്‍ക്കുള്ളത്. വ്യാഴാഴ്ച ഉച്ചയോടെ യു.പി.യില്‍നിന്നെത്തിക്കുന്ന ഷാജിരാജന്റെ മൃതദേഹവും ഇവിടെയായിരിക്കും സംസ്‌കരിക്കുക. സാമ്പത്തികമായി ഏറെ പിന്നാക്കമാണ് ഷാജിരാജന്റെ കുടുംബം.

വള്ളികുന്നം സ്വദേശിയുടെ മൃതദേഹം യു.പി.യിൽനിന്ന് ഇന്നെത്തും


വള്ളികുന്നം: സൗദിഅറേബ്യയിൽ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനുപകരം നാട്ടിലെത്തിച്ച് സംസ്കരിച്ചതു ഉത്തർപ്രദേശുകാരന്റെ മൃതദേഹം. വിമാനത്തിലെത്തിച്ചപ്പോൾ മൃതദേഹങ്ങൾ മാറിപ്പോയതാണു രണ്ടുകുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയത്.

വള്ളികുന്നം കാരാഴ്മവാർഡിൽ കണിയാംവയലിൽ ഷാജിരാജന്റെ (50) മൃതദേഹത്തിനുപകരമാണ് ഉത്തർപ്രദേശ് വാരാണസി ഛന്തോലിയിലെ അബ്ദുൾ ജാവേദിന്റെ മൃതദേഹം എത്തിച്ചത്. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്നു സംസ്കരിക്കുയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിർദേശവുമുണ്ടായിരുന്നു. എന്നാൽ, പിറ്റേദിവസമാണു കാർഗോ അധികൃതർ മൃതദേഹം മാറിപ്പോയെന്ന വിവരമറിയിച്ചത്.

ഉത്തർപ്രദേശിൽ അബ്ദുൾ ജാവേദിന്റെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കം നടക്കുമ്പോഴാണു മാറിപ്പോയവിവരം അവരറിയുന്നത്. ഉടൻ യു.പി. പോലീസ് ഷാജിരാജന്റെ കുടുബത്തെ ബന്ധപ്പെട്ടു. അപ്പോഴേക്കും മൃതദേഹം ഇവിടെ സംസ്കരിച്ചുകഴിഞ്ഞിരുന്നു. പിന്നീട്, ഷാജിരാജന്റെ മൃതദേഹം അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽനിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പി. എംബസിയുമായും അവിടത്തെ ജില്ലാഭരണകൂടവുമായും ബന്ധപ്പെട്ട് ഷാജിരാജന്റെ മൃതദേഹം വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലൻസ് ഉത്തർപ്രദേശിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ എത്തും.

സൗദിയിൽ നിർമാണമേഖലയിലായിരുന്നു ഷാജി രാജൻ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ജൂലായ് 18-നാണു മരണവിവരം ബന്ധുക്കളറിയുന്നത്. പാസ്പോർട്ട് കാണാതായതും നേരത്തെ എക്സിറ്റ് വിസ എടുത്തതുമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകാൻ കാരണം. സൗദിയിലെ അൽഹസ ആശുപത്രിയിലായിരുന്നു മൃതദേഹം.

സെപ്റ്റംബർ 30-നാണ് ബന്ധുവായ രതീഷിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹമെത്തിയത്. ബന്ധുക്കൾ മൃതദേഹമേറ്റുവാങ്ങി കണിയാംവയലിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒക്ടോബർ ഒന്നിനാണു മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാരറിയുന്നത്.

ഇന്ത്യൻ എംബസിക്കുണ്ടായ പിഴവാണു മൃതദേഹങ്ങൾ മാറിപ്പോകാനിടയാക്കിയതെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.

ഷാജി രാജന്‍റെ ഭാര്യ: രാഗിണി. മക്കൾ: അനഘ, അപർണ, അനുഷ.

Content Highlights: dead body changed cremation-alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented