മനാമ: ബഹ്റൈനില്‍ കോവിഡ് രോഗബാധ നിയന്ത്രണവിധേയമാണെങ്കില്ത്തന്നെയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്നത് തീര്‍ച്ചയായും പാലിക്കണം. നിയമലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. സാമൂഹിക അകലം പാലിക്കുകയെന്നതാണ് രോഗബാധ തടയുന്നതിന് പ്രധാനമായും ചെയ്യേണ്ടത്. എന്നാല്‍ പലരും ഇതു പാലിക്കുന്നില്ല.
നിയമം ലംഘിച്ചതിന് നിരവധി പേര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഇനിയും ഇതു തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കോവിഡ് രോഗബാധിതര്‍ ബഹ്റൈനില്‍ കുറവാണെന്നും എന്നാല്‍ത്തന്നെയും നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈയിടെയായി നിയമം അനുസരിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ സഹകരണം കുറവാണെന്നും കഴിഞ്ഞ ദിവസം നാഷണല്‍ ടാസ്ക് ഫോഴ്സ് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലും അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നുള്ള വാസ്തവം മനസ്സിലാക്കി പൊതുജനങ്ങള്‍ നിയമങ്ങള്‍ അനുസരിക്കണം. 6000 മുതല്‍ 9000 ടെസ്റ്റുകള്‍ വരെ ഓരോ ദിവസവും നടത്തുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടേക്കാം. എന്നാല്‍ ഇതുകൊണ്ടു രോഗബാധ നിയന്ത്രണവിധേയമല്ലെന്നു അര്‍ഥമില്ല. ടെസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ടു കൂടിയാണ് രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ സാമൂഹിക അകലം തീര്‍ച്ചയായും പാലിക്കണം. രോഗികളുടെ എണ്ണം വര്‍ധിച്ചാലും എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള ചികിത്സ സൗകര്യങ്ങള്‍ ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനം തടയേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, നാട്ടിലെത്താനായി ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതുവരെയായി ഇരുപത്തിനായിരത്തിലേറെപ്പേര് രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് നോര്‍ബു നേഗി മാതൃഭൂമിയോട് പറഞ്ഞു. എന്നാല്‍ ഇതില്‍ കുറച്ചുപേര്‍ രണ്ട് തവണ രജിസ്റ്റര്‍ ചെയ്തതിനാലും ചിലര്‍ യാത്ര റദ്ദാക്കിയതിനാലും യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നേക്കാം.
വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാമത്തെ ഫ്ലൈറ്റ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഇതിനുള്ള ടിക്കറ്റുകള്‍ ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ 162 യാത്രക്കാര്‍ക്കാണ് ടിക്കറ്റുകള്‍ കൊടുത്തത്. ബാക്കിയുള്ളവര്‍ക്ക് ഇന്ന് വിതരണം ചെയ്യും. 177 യാത്രക്കാരോടൊപ്പം അഞ്ചു കുഞ്ഞുങ്ങളും വെള്ളിയാഴ്ച തിരുവനന്തപുരം സെക്ടറിലേക്കു യാത്ര ചെയ്യുന്നു.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബഹ്റൈനിലേക്കുള്ള ഫ്ലൈറ്റില്‍ യാത്രക്കാര്‍ ഫുള്‍ ആണ്. എന്നാല്‍ ഇന്നലെ മുംബൈയില്‍നിന്നെത്തിയ ഫ്ലൈറ്റില്‍ 77 പേര് മാത്രമാണുണ്ടായിരുന്നത്. ഈ ഫ്ളൈറ്റ് ഇന്നലെ ഉച്ചക്ക് ഹൈദെരാബാദിലേക്കുള്ള യാത്രക്കാരുമായി പറന്നു. ഈ ഫ്ലൈറ്റില്‍ 177 പേര്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്തിരുന്നതെങ്കിലും നാലു പേര് അവസാന നിമിഷം യാത്ര റദ്ദാക്കിയത് അധികൃതര്‍ക്ക് ബുദ്ധിമുട്ടായി. കാരണം, ഇതിനു പകരമായി യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ സമയം ലഭിച്ചില്ല.
നിരവധി പേര് നാട്ടിലേക്കു യാത്ര ചെയ്യാനായി ലിസ്റ്റിലുള്ളപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ശുഭകരമല്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ആരെങ്കിലും യാത്ര ഒഴിവാക്കുകയാണെങ്കില്‍ നേരത്തെ തന്നെ എയര്‍ ഇന്ത്യയില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇരുപത്തിനായിരത്തിലേറെപ്പേര് നാട്ടിലേക്കു രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇനി അടുത്ത ഫ്ളൈറ്റ് ഇന്ത്യയിലേക്ക് എന്നാണെന്നു ഇനിയും അറിയില്ല. ഫ്ൈളറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന പൊതുജനാവശ്യത്തിലും തീരുമാനമൊന്നും ആയിട്ടില്ല.
ചൊവ്വാഴ്ച ബഹ്റൈനില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച 190 രോഗികളില്‍ 117 പേരും പ്രവാസി തൊഴിലാളികളാണ്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4410 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2952 ആയി. 9 പേര് ഒഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..