-
മനാമ: ബഹ്റൈനില്‍ ഈയിടെയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. ഇതനുസരിച്ചു മെയ് 27 ന് രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ മാളുകള്‍ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തു കോവിഡ് വ്യാപനം കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയായിട്ടുണ്ടെങ്കിലും ആഗോളതലത്തിലെ കണക്കു വെച്ച് നോക്കുമ്പോള്‍ ബഹ്റൈനില്‍ മരണനിരക്ക് കുറവാണ്. എന്നാല്‍ത്തന്നെയും കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടക്കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം.
സ്വകാര്യ ജിമ്മുകള്‍, വിനോദ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലാ മാളുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കും. റസ്റ്റോറന്റുകളിലെ എല്ലാ സേവനങ്ങളും ഡെലിവറിയില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും അടയ്ക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, ഫിഷ് ഷോപ്പുകള്‍, ബേക്കറി, ഗ്യാസ് സ്റ്റേഷനുകള്‍, സ്വകാര്യ ആശുപത്രി, എ.ടി.എമ്മുകള്‍ ബാങ്കുകളും മണി എക്സ്ചേഞ്ച് സെന്ററുകളും ഇറക്കുമതി / കയറ്റുമതി ബിസിനസുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫാക്ടറികള്‍ അഡ്മിനിസ്ട്രേഷന് ഓഫീസുകള്‍ (ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തത്) ടെലികമ്മ്യൂണിക്കേഷന്‍, ഫാര്‍മസികള്‍ എന്നിവ തുറന്നിരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില കുറയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദൂര പഠനം തുടരും. മെയ് 21 മുതല്‍ ജൂണ്‍ 3 വരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം രണ്ടു വാക്സിനും പൂര്‍ത്തീകരിച്ച് 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കും കോവിഡ് രോഗ മുക്തി നേടിയവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും രോഗവ്യാപനവും മരണവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടക്കുന്നത്. പുതിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന്് ബഹ്റൈനില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. സന്ദര്‍ശകവിസയില്‍ പ്രവേശനം അനുവദനീയമല്ല. എല്ലാവര്ക്കും വാക്സിന് നല്‍കുകയെന്ന ലക്ഷ്യത്തോടെ ദിവസേനയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ ശേഷി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. പ്രതിദിനം 31,000 ഡോസ് വാക്സിന് നല്കുവാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തെ കോവിഡ് രോഗികളില്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ് വാക്സിന് എടുത്തവരായി കണ്ടെത്തിയിട്ടുള്ളതെന്നതിനാല് വാക്സിന് എടുക്കേണ്ടതിന്റെ പ്രാധാന്യം ഇനിയെങ്കിലും ജനങ്ങള്‍ മനസ്സിലാക്കണം. വാക്സിനേഷന് എതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. ആഗോളതലത്തില്‍ത്തന്നെ ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതും ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളതുമായ വാക്സിന് തന്നെയാണ് ബഹ്റൈനിലും നിലവിലുള്ളത്. അതിനാല്‍ വാക്സിന് സ്വീകരിക്കാന്‍ തയ്യാറായി ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും തുടര്‍ന്നും പാലിക്കണം. വാക്സിന് ഫലപ്രാപ്തിയിലെത്താന്‍ രണ്ട് ഡോസുകള്‍ പൂര്‍ത്തീകരിക്കണം. ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പനി എന്നിവയുള്‍പ്പെടെ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 444 എന്ന നമ്പറില്‍ വിളിച്ച് വിവരം ധരിപ്പിക്കണം.
ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയും കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ.വലീദ് ഖലീഫ അല്‍ മനിയ, ബിഡിഎഫ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റും മൈക്രോബയോളജിസ്റ്റും ദേശീയ മെഡിക്കല്‍ ടാസ്ക്ഫോഴ്സ് അംഗവുമായ ലഫ്റ്റനന്റ് കേണല്‍ ഡോ.മനാഫ് അല്‍ ഖഹ്താനി, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ സാംക്രമികവും ആന്തരികവുമായ രോഗങ്ങളുടെ ഉപദേഷ്ടാവും ദേശീയ മെഡിക്കല്‍ ടാസ്ക്ഫോഴ്സ് അംഗവുമായ ഡോ. ജമീല അല്‍ സല്മാന് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..