-
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ മരണം 300 കവിഞ്ഞു. ചൊവ്വാഴ്ച 85 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 527 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. 5 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 303 ആയി.
675 പേരാണ് ചൊവ്വാഴ്ച രോഗ വിമുക്തരായത്. രാജ്യത്തു ഇതുവരെ 36,958 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതില്‍ 28,206 പേരും രോഗവിമുക്തരായി. 194 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും, 8,449 പേര്‍ അല്ലാതെയും ചികിത്സയിലുമാണ്.
സ്വദേശികളാണ് പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തുന്നവരില്‍ കൂടുതലും. ചൊവ്വാഴ്ച 264 സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ അഹമ്മദി, ഫര്‍വാനിയ, ജഹറ, ഹവല്ലി മേഖലകളാണ് കൊറോണ ഹോട്ട് സ്‌പോട്ടുകളായി തുടരുന്നത്.
എന്നാല്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൌണ്‍ തുടരുന്ന പ്രദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ജനങ്ങള്‍ തയ്യാറാവണമെന്ന് ക്യാബിനറ്റിന്റെ അടിയന്തിര യോഗത്തില്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് ആവശ്യപ്പെട്ടു.
കൊറോണ മഹാമാരിയില്‍ നിന്നും രാജ്യം പൂര്‍ണ്ണമായും മോചിതമാകുന്നതുവരെ ജനങ്ങള്‍ സഹകരിക്കണമെന്നും, രാജ്യം സാവകാശം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി വിജയിക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജൂണ്‍ 21 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വ്യാഴാഴ്ച്ച ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനിക്കുമെന്നുമാണ് ലഭിക്കുന്ന സൂചന.
Content Highlights: COVID death in Kuwait 303
ചിത്രം : കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് ക്യാബിനറ്റ് യോഗത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..