കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് വാർത്താ സമ്മേളനത്തിൽ.
കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചൊവ്വാഴ്ച ഒരാള്‍ കൂടി മരിച്ചു. 61 വയസ്സുള്ള ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 23 ആയി. ഇതില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്.
64 ഇന്ത്യക്കാരടക്കം 152 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 67 പേരില്‍ 30 പേരുടെ നില ഗുരുതരമായി തുടരുന്നു. കൂടാതെ 6 പേരെ കൂടി ഐസിയൂവിലേക്കും 2 പേരെ കൊറോണ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 3440 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1668 ഇന്ത്യക്കാരും ഉള്‍പ്പെടും.
ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 164 പേര്‍ കൂടി ചൊവ്വാഴ്ച രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1176 ആയി. നിലവില്‍ 2241 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 67 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
അതേസമയം കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതില്‍ ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലാണ്. പ്രത്യേകിച്ചും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി നഴ്‌സുമാര്‍ക്കും കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
അതിനിടെ ചൈനയില്‍ നിന്നുള്ള കൊറോണ വിദഗ്ധ മെഡിക്കല്‍ സംഘം ചൊവ്വാഴ്ച്ച കുവൈത്തിലെത്തി. ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹും ആരോഗ്യ മന്ത്രാലയം ഉന്നത അധികൃതരും ചേര്‍ന്നു ചൈനീസ് വിദഗ്ധ സംഘത്തെ സ്വീകരിച്ചു. കൊറോണ പ്രതിരോധ നടപടികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലും കൊറോണ നിരീക്ഷണ കേന്ദ്രങ്ങളും ചൈനീസ് സംഘം സന്ദര്‍ശിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..