-
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട 26 രോഗികളെയും ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലാക്കി.
ഇറാനിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് 700-ഓളം കുവൈത്ത് പൗരന്മാരെ തിരികെയെത്തിക്കാൻ ഫെബ്രുവരി 22-ന് കുവൈത്ത് എയർവേസിന്റെ ആറു വിമാനങ്ങളാണു പുറപ്പെട്ടത്. വിമാനത്തിൽ കയറുന്നതിനുമുമ്പേ പ്രാഥമിക പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്നു ഉറപ്പുവരുത്തിയവരെയാണു ആദ്യ അഞ്ച് വിമാനങ്ങളിൽ കൊണ്ടുവന്നത്.
രോഗലക്ഷണങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്നവരടക്കം 126 പേർ സഞ്ചരിച്ചത് അവസാന വിമാനത്തിലാണ്. കുവൈത്തിൽ എത്തിയശേഷം ആദ്യ അഞ്ചു വിമാനങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻപേരേയും വീണ്ടും പരിശോധിച്ചശേഷം, രണ്ടാഴ്ച നിരീക്ഷണവിധേയരാക്കുമെന്ന നിബന്ധനയിലാണ് വീട്ടിലേയ്ക്കയച്ചത്. അവസാന വിമാനത്തിലെത്തിയ 126 പേരെയും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേകകേന്ദ്രത്തിൽ ശക്തമായ സുരക്ഷാസന്നാഹങ്ങളൊരുക്കി പാർപ്പിക്കുകയും കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുകയുംചെയ്തു. പരിശോധനയിൽ ആദ്യ മണിക്കൂറിൽത്തന്നെ അഞ്ചുപേർക്ക് വൈറസ് ബാധ കണ്ടെത്തുകയുംചെയ്തു. തുടർന്നിങ്ങോട്ട് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മുഴുവൻപേരും ഇതേ കേന്ദ്രത്തിൽനിന്നുള്ളവരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. ഇക്കാരണത്താൽ കോവിഡ്-19 പുറത്ത് പടരാനുള്ള സാധ്യത വിരളമാണെന്നാണു വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
അതിനിടെ, ദേശീയദിന അവധിദിവസങ്ങൾ ചെലവഴിക്കുന്നതിനായി നാലുലക്ഷത്തോളംപേരാണു രാജ്യത്തുനിന്നു പുറത്തുപോയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന ഇവർ 29-നേ തിരിച്ചുവരാൻതുടങ്ങൂ. കോവിഡ്-19 ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും ഇവരെ താമസസ്ഥലത്തേക്ക് മടങ്ങാൻ അനുവദിക്കുക. രോഗം സംശയിക്കപ്പെടുന്ന മുഴുവൻപേരെയും മാറ്റിപ്പാർപ്പിക്കുന്നതിനു രാജ്യത്തിന്റെ തെക്കൻ അതിർത്തിപ്രദേശമായ ഖൈറാനിലുള്ള വൻ പാർപ്പിടസമുച്ചയം ഒഴിപ്പിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. അവധി കഴിഞ്ഞു തിരിച്ചെത്തുന്ന നാലുലക്ഷത്തോളംപേർക്ക് വൈറസ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. അതേസമയം, രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാർച്ച് 14 വരെ അവധി പ്രഖ്യാപിച്ചെങ്കിലും സി.ബി.എസ്.ഇ.യുടെ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകൾ നേരത്തെ നിശ്ചയിച്ചതുപ്രകാരം നടക്കുമെന്ന് വിവിധ ഇന്ത്യൻ സ്കൂളുകൾ അറിയിച്ചു.
Content Highlights: coronavirus cases rises in Kuwait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..