-
മനാമ: ബഹ്‌റൈനില്‍ രണ്ടമതൊരാള്‍ക്കു കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് ദുബായ് വഴി ബഹ്‌റൈനിലെത്തിയ ബഹ്റൈനി വനിതക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. അവരെ ഉടന്‍ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു ചികിത്സ നല്‍കുകയാണ്. ഇവര്‍ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമൊപ്പം ഇറാന്‍ സന്ദര്‍ശനത്തിന് ശേഷം ബഹറിനില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ രോഗം തെളിഞ്ഞത്. എന്നാല്‍ ഈ വനിതക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു രണ്ടു പേരെയും വൈറസ് ബാധിച്ചിട്ടില്ലെന്നു തെളിഞ്ഞുവെങ്കിലും ഇവരെയും നിരീക്ഷണത്തിനായി പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കക്കും ഇടയില്ലെന്നും എന്നാല്‍ ജാഗ്രതയിലാണ് മന്ത്രാലയമെന്നും അധികൃതര്‍ അറിയിച്ചു. അസുഖബാധിതമായ ഓരോ രാജ്യത്തുനിന്നും വന്നിറങ്ങുന്ന ഓരോരുത്തരെയും വളരെ കര്‍ക്കശമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ അവരെ പരിശോധനക്ക് വിധേയമാക്കി രോഗം ബാധിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു ഒരു പ്രത്യേക മെഡിക്കല്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ നിരന്തരം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലുമായും ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വൈറസ് സംശയിക്കുന്നവരെ ലബോറട്ടറി ടെസ്റ്റ് കഴിഞ്ഞു ഫലം വരുന്നതുവരെ മാറ്റിപാര്‍പ്പിച്ചശേഷമാണ് വിടുന്നത്. പിന്നീട് 14 ദിവസത്തേക്ക് വീട്ടില്‍ കഴിയണമെന്നും പ്രതിരോധത്തിന്റെ ഭാഗമായി അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും സുരക്ഷ നല്‍കാന്‍ മന്ത്രാലയം ബാധ്യസ്ഥരാണെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അസുഖം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ 444 എന്ന നമ്പറില്‍ വിളിച്ചു മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
ഇതിനിടെ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നുള്ള എല്ലാ ഫ്‌ലൈറ്റുകളും 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കിയതായി ബഹ്റൈന്‍ വ്യോമയാന വകുപ്പ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തു സ്ഥിരീകരിച്ച 2 പേരും ഇറാനില്‌നിന്നു ദുബായ് വഴി രാജ്യത്തെത്തിയിട്ടുള്ളതിനാലാണിത്. രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നു ബഹ്‌റൈനിലേക്കു യാത്ര ചെയ്യാനുള്ളവര്‍ 00973 17227555 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. രാജ്യത്തു വന്നിറങ്ങുന്നവരെ നിരീക്ഷിക്കാനായി ആധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍ വ്യോമയാന വകുപ്പിന്റെ ഉത്തരവ് കണക്കിലെടുത്തു ദുബായില്‍നിന്നും ദുബായിലേക്കുമുള്ള എല്ലാ ഫ്‌ലൈറ്റുകളും 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കിയതായി ഗള്‍ഫ് എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഗള്‍ഫ് എയര്‍ വെബ് സൈറ്റ് പരിശോദിക്കുകയോ 00973 17373737 എന്ന ഗള്‍ഫ് എയറിന്റെ കോണ്ടാക്ട് നമ്പറില്‍ ബന്ധപ്പെടുകയോ വേണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം വൈറസിനെതിരേ രാജ്യം അതീവ ജാഗ്രതയിലാണെന്നും ഇതുസംബന്ധിച്ച് രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും അസുഖത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്ന രോഗികള്‍ ചികില്‍സക്കെത്തുകയാണെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരോട് ഉപദേശിച്ചു. മാസ്‌ക് ഉപയോഗിക്കുകയും ചികില്‍സ പൂര്‍ത്തിയായ ശേഷം കൈ വൃത്തിയായി കഴുകുകയും വേണം. പൊതുജനാരോഗ്യ പരിപാലനത്തില്‍ മന്ത്രാലയം വളരെ ശ്രദ്ധാലുക്കളാണെന്നും യാതൊരാശങ്കക്കും ഇടനല്‍കാത്ത വിധത്തില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഏതു വൈറസുകളേയും പ്രതിരോധിക്കാന്‍ കഴിവുള്ള അത്യാധുനികമായ ലാബറട്ടറികളാണ് ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..