Photo : Facebook
ദുബായ്: യു.എ.ഇയിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി. പുറത്തിറക്കി. ഉപഭോക്താക്കൾക്ക് നൽകിവരുന്ന ഏറ്റവും മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് 2022-ലെ യു.എ.ഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. യു.എ.ഇയിൽ വസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 89,000 -ലധികം ആളുകളുടെ അഭിപ്രായവും ഇതിൽ നിർണായകമായി.
പട്ടിക അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസ്, സ്വീഡൻ ആസ്ഥാനമായ ഫർണിച്ചർ റീട്ടെയിലറായ ഐക്കിയ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു എന്നിവയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ. എത്തിഹാദ് എയർവെയ്സ്, ആമസോൺ, വോക്സ് സിനിമാസ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഡിജിറ്റൽ രംഗത്തെ സേവനങ്ങളും നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും ആകർഷകവുമായ ഓഫറുകൾ നൽകുവാനുമുള്ള പ്രാപ്തിയും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളും മൂന്ന് സ്ഥാപനങ്ങൾക്കും പട്ടികയുടെ മുൻപന്തിയിൽ എത്താൻ സഹായകരമായി.
ഒന്നിലധികം മേഖലകളിൽ നൽകുന്ന വിവിധ സേവനങ്ങളെയും മറ്റ് സൗകര്യങ്ങളെയും ഉപഭോക്താക്കൾ ഏറെ വിലമതിക്കുന്നുവെന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നതെന്ന് കെ,പി.എം.ജി. ലോവർ ഗൾഫ് മേധാവി ഗോൺകാളോ ട്രാക്വീന അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെ ഇന്ന് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഇന്ന് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ മത്സരങ്ങൾ സ്ഥാപനങ്ങളെ കൂടുതൽ മേന്മയുള്ളതാക്കി മാറ്റുവാൻ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർ മാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65,000-ൽപരം ആളുകളാണ് ജോലി ചെയ്യുന്നത്. യു.എസ്. ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, തായ്‌ലാൻഡ്, ശ്രീലങ്ക ഉൾപ്പെടെ 23 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പിനുണ്ട്. അടുത്തുതന്നെ ഓസ്ട്രേലിയയിലെ മെൽബണിലും പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം ലുലു തുടങ്ങുന്നുണ്ട്.
യു.എ.ഇയിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ലുലു ഹൈപ്പർ മാർക്കറ്റും ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ നൽകുക എന്നതാണ് ഗ്രൂപ്പിൻ്റെ മുഖ്യലക്ഷ്യം.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെ സഹകരണത്തിൽ എന്നും നന്ദിയുള്ളവരാണ്. യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകിവരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.
Content Highlights: Best brands in the UAE has been released, Emirates Airlines, Lulu Hypermarket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..