-
മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നു ബഹ്റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍ദേശിച്ചു. പ്രത്യേകിച്ച് വിദേശ തൊഴിലാളികള്‍ക്കിടയില്‍ രോഗത്തിന്റെ ഗൗരവവും രോഗപ്രതിരോധം നടത്തേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായി വ്യാഴാഴ്ച ചേര്‍ന്ന ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയോടു അദ്ദേഹം നിര്‍ദേശിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളുടെ എണ്ണം കുറച്ചു ബാക്കിയുള്ളവരെ വേറെ സ്ഥലം കണ്ടെത്തി താമസിപ്പിക്കണം. സാമൂഹിക അകലം പാലിക്കലാണ് രോഗപ്രതിരോധത്തിനും ഏറ്റവും അത്യാവശ്യം.
തൊഴിലാളികളെ ജോലിസ്ഥലത്തെത്തിക്കുന്ന ബസുകളിലും ഇക്കാര്യം കൃത്യമായി പാലിക്കണം. തൊഴിലാളികള്‍ മാസ്‌കുകള്‍ ധരിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തേണ്ടതും തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കേണ്ടതും അതാതു സ്ഥാപനങ്ങളാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി തങ്ങളുടെ കെട്ടിടങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ അവസരമൊരുക്കിയ ബഹ്റൈനിലെ അല്‍ നമാല്‍ ഗ്രൂപ്പ്, സംഹന്‍ ഹോള്‍ഡിങ്, സമീര്‍ അബ്ദുല്ല നാസ്, മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ഗ്രൂപ്പ്, വെയര്‍ ഹൗസിംഗ് സൊല്യൂഷന്‍സ്, അല്‍ തല്‍ജീദ് കള്‍ച്ചറല്‍ സൊസൈറ്റി, സയ്ദ് അലി ഹബീബ് അലി ഹസ്സന്‍, ജമാല്‍ ഷൊവൈറ്റര്‍ സ്വീറ്‌സ്, ഷോബ്ര റെഡിമേഡ് ഗാര്‌മെന്റ്‌സ് എന്നിവയോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഷോപ്പിംഗ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടോയെന്നു ഉറപ്പു വരുത്തണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ ഊര്ജിതമാക്കാനും നിര്‍ദേശം നല്‍കി.
ഇതിനിടെ ബഹ്റൈനിലെ ലേബര്‍ ക്യാമ്പുകളുടെ വിഷയത്തില്‍ നിയന്ത്രണങ്ങള്‍ കര്ശനമാക്കണമെന്നു ഏതാനും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബാച്ലര്‍ ആയിട്ടുള്ള തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നത് പലതരത്തിലും ബാധിക്കുന്നുണ്ട്.
2015 ല്‍ ഇതു സംബന്ധിച്ച കരടുരേഖ എഴുതിയുണ്ടാക്കി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നെങ്കിലും ഇനിയും ഈ വിഷയം നിയമമാക്കിയിട്ടില്ല. കോവിഡ് രോഗബാധ വിദേശ തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഇക്കാര്യം ചര്‍ച്ചക്കെടുത്തത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കെതിരാവരുതെന്ന അഭിപ്രായത്തിലാണ് പിന്നീട് ഈ വിഷയത്തിന് പ്രാധാന്യം നല്‍കാതിരുന്നത്. എന്നാല്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഗൗരവമായി എടുക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
കൂടാതെ നിരവധി പ്രദേശങ്ങളില്‍ പഴകി ദ്രവിച്ച കെട്ടിടങ്ങളിലാണ് തൊഴിലാളികള്‍ താമസിക്കുന്നതെന്നതും അപകടകരമാണ്. തങ്ങളുടെ തൊഴിലാളികള്‍ക്ക് അര്‍ഹമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്ന് നേരത്തെ പല സന്ദര്ഭങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.
ഇതുവരെയായി ആയിരത്തോളം വിദേശ തൊഴിലാളികള്‍ക്കാണ് ബഹ്റൈനില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ലേബര്‍ ക്യാമ്പുകളില്‍ രോഗം വ്യാപിച്ചിട്ടില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇന്നലെ 40 പേരെ രോഗമുക്തി നേടി വിട്ടയച്ചപ്പോള്‍ പുതുതായി 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ആകെ 990 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേരുടെ പേരുടെ നില ഗുരുതരമായി തുടരുന്നു. .ഇതുവരെയായി 703 പേര് രോഗമുക്തി നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..