-
മനാമ: കേരളത്തിലേക്ക് ആവശ്യവുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാരിലേക്ക് നേരിട്ട് എത്തിക്കുവാനായുള്ള 'കെയര്‍ ഫോര്‍ കേരള' പദ്ധതിയില്‍ ഭാഗമായി ബഹ്റൈന്‍ പ്രതിഭയും. ബഹ്റൈന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ 'ബഹ്റൈന്‍ പ്രതിഭ' കേരളത്തിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കുവാനുള്ള ദൗത്യത്തില്‍ നോര്‍ക്ക റൂട്‌സിനോടൊപ്പം പങ്കുചേര്‍ന്നു.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിധിക്കും അപ്പുറത്തേക്ക് രാജ്യത്തെ കോവിഡ് വ്യാപനം വളരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ സാധ്യതകളെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനായി, പ്രവാസികളുടെയും പ്രവാസ സംഘടനകളുടെയും സഹകരണത്തോടെ കേരള സര്‍ക്കാരും 'നോര്‍ക്ക റൂട്‌സും' ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കെയര്‍ ഫോര്‍ കേരള'.
ബഹ്റൈന്‍ പ്രതിഭ സമാഹരിച്ച 500 പള്‍സ് ഓക്സി മീറ്ററുകളും 10 ഓക്‌സിജന്‍ കോണ്‍സെന്റേറ്ററുകളുമാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബാച്ചില്‍ കേരളത്തിലേക്ക് എത്തിയത്. 'കെയര്‍ ഫോര്‍ കേരള'യിലൂടെ എത്തുന്ന ഉപകരണങ്ങള്‍ കേരള സര്‍ക്കാരിനുവേണ്ടി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് ഏറ്റുവാങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന്‍ ബഹ്റൈന്‍ പ്രതിഭ ഏറ്റെടുത്ത വാക്‌സിന്‍ ചലഞ്ചും വലിയ രീതിയില്‍ നിരവധിപേര്‍ ഏറ്റെടുത്തിരുന്നു. ഈ ഉദ്യമത്തില്‍ ബഹ്റൈന്‍ പ്രതിഭയോടൊപ്പം ചേര്‍ന്ന് നിന്ന് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃക സൃഷ്ടിച്ച മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ബഹ്റൈന്‍ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാറും പ്രസിഡണ്ട് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..