എൻഎസ്എച്ച് ലേബർ ക്യാമ്പിലെ തൊഴിലാളികൾ അവതരിപ്പിച്ച ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളിൽനിന്ന്
മനാമ: ബഹ്റൈന്റെ അന്‍പതാം ദേശീയ ദിനം ബഹ്റൈന്‍ നാസ്സര്‍ എസ്സ് അല്‍ ഹജ്രി കോര്‍പറേഷനിലെ (എന്‍എസ്എച്ച്) തൊഴിലാളികള്‍ സമുചിതമായി ആഘോഷിച്ചു. തങ്ങള്‍ക്കു അന്നം തരുന്ന നാടിനോട് കൂറ് പുലര്‍ത്തിക്കൊണ്ടു സംഗീത നൃത്ത പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് നാസ്സര്‍ അല്‍ ഹജ്രി കോര്‍പറേഷനിലെ തൊഴിലാളികള്‍ ഇത്തവണ ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചത്.
ദേശീയ ദിനം മികച്ച രീതിയില്‍ ആഘോഷിക്കണമെന്ന താല്പര്യം മാനേജ്മന്റ് മുന്നോട്ടുവെച്ചപ്പോള്‍ത്തന്നെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ആറായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന എന്‍എസ്എച്ച് ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ അതിനുള്ള ഒരുക്കങ്ങളിലായിരുന്നു. അങ്ങിനെ കഴിഞ്ഞ ദിവസം ഇവരുടെ കലാപരിപാടികള്‍ അരങ്ങേറിയപ്പോള്‍ അതിഥികളും അമ്പരന്നു. അത്രക്കും മികച്ച രീതിയിലുള്ളതായിരുന്നു തൊഴിലാളികളുടെ കലാ പ്രകടനങ്ങള്‍.
അവതരിപ്പിക്കപ്പെട്ട ഓരോ പരിപാടികളിലും ഓരോ സന്ദേശങ്ങളുണ്ടായിരുന്നുവെന്നത് പുതുമയായി. ദൈനംദിന ജീവിതത്തിനിടയിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്നതിനാവശ്യമായ പൊടിക്കൈകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള ചിത്രീകരണം മികവുറ്റതായി. ബഹ്‌റൈന്‍ ദേശീയഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയ ദിനാഘോഷങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളോടെ പഞ്ചാബി, ഭോജ്പുരി തുടങ്ങിയ വിവിധ നൃത്ത രൂപങ്ങളോടൊപ്പം വിവിധ ഭാഷകളില്‍നിന്നുമുള്ള ഗാനങ്ങള്‍ സ്റ്റേജില്‍നിന്നു മുഴങ്ങിയപ്പോള്‍ എല്ലാവര്ക്കും അതൊരു നവ്യാനുഭവമായി മാറി.

അക്ഷരാര്‍ഥത്തില്‍ വിവിധ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടതെന്നു കാണികളും അഭിപ്രായപ്പെട്ടു. ബഹ്റൈനും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ആശംസകളുമായി രാജ്യത്തിന്റെ ഉജ്ജ്വലമായ സംസ്‌കാരവും പൈതൃകവും ചിത്രീകരിക്കുന്ന നൃത്തങ്ങള്‍ അവതരിപ്പിച്ചത് കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഇന്ത്യയുടേയും ബഹ്‌റൈന്റേയും സംസ്‌കാരവും പൈതൃകവും സമ്പന്നമായ പാരമ്പര്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളായിരുന്നു അരങ്ങേറിയവയിലേറെയും.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കര്‍ ശുക്ല, ബഹ്റൈന്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം, ബാപ്കോ, ടിടിഎസ്‌ജെവി തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ തൊഴിലാളികളെയും ഇതിനു കളമൊരുക്കിയ മാനേജ്‌മെന്റിനെയും അഭിനന്ദിച്ചു. രവിശങ്കര്‍ ശുക്ല തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ബഹ്‌റൈന്റെയും ഇന്ത്യയുടെയും ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും സംസാരിച്ചു. ബഹ്റൈന്റെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച്, ബഹ്റൈനും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ആശംസകള്‍ നേര്‍ന്ന അദ്ദേഹം, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ജീവനക്കാരുടെ ക്ഷേമത്തിന് ഗുണം ചെയ്യുമെന്നും അവര്‍ ജോലി ചെയ്യുന്ന രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള അവസരംകൂടിയാണിതെന്നും അഭിപ്രായപ്പെട്ടു.
അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന മികവാര്‍ന്ന രീതിയിലുള്ള കലാപരിപാടികള്‍ ഒരുക്കി ബഹ്റൈന്‍ ദേശീയ ദിനാഘോഷം നടത്തിയ തൊഴിലാളികളെ മാനേജ്മന്റ് അഭിനന്ദിച്ചു. ദേശീയ ദിനവുമായി ബന്ധപെട്ട്, കഴിഞ്ഞ കുറെ ദിവസങ്ങളിലായി നടത്തിവന്ന കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. കൂടാതെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 'ബെസ്റ്റ് എംപ്ലോയീസ്' പുരസ്‌കാരങ്ങളും അവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..