-
മനാമ: ബഹ്റൈന്‍ കെ.എം.സി.സിയുടെ കോവിഡ് സേവന-പ്രതിരോധ രംഗത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ നൂറുദിനം പിന്നിട്ടു. ബഹ്റൈനിലെ പ്രവാസികള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും സാധ്യമാക്കിയാണ് ഈ മഹാമാരിക്കാലത്തും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുരിതക്കയത്തിലായവരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് കൂട്ടായ്മ. കൂടാതെ മൂന്ന് ചാര്‍ട്ടേഡ് വിമാനംകൂടി ബഹ്റൈന്‍ കെഎംസിസിക്ക് അനുമതി കിട്ടിയതുകൊണ്ട് തന്നെ അടുത്ത ആഴ്ച്ച കൂടുതല്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനുള്ള അന്തിമ പ്രവര്‍ത്തനത്തിലാണ്.
ബഹ്റൈനില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായാണ് കെ.എം.സി.സിയുടെ കോവിഡ് കാല കരുതല്‍ സ്പര്‍ശത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും കോവിഡ് മഹാമാരിയെ കുറിച്ച് ബോധവാന്‍മാരാക്കുകയും അവര്‍ക്ക് വേണ്ട മാസ്‌ക്കുകള്‍ ലഭ്യമാക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.
കോവിഡ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സിയുടെ പ്രവര്‍ത്തനം സഹായകമായി. ബഹ്‌റൈന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ് സൗകര്യവും സാനിറ്റൈസര്‍ സൗകര്യവുമാണ് ഇതിനായി സജ്ജീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ ഈ കാംപയിന്‍ വിജയിപ്പിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടുന്നതില്‍ കെ.എം.സി.സി ഹെല്‍പ്പ് ഡെസ്‌ക് നിര്‍വഹിച്ച പങ്ക് വലുതാണ്. ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങളൊരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ കീഴില്‍ നടന്നുവരുന്നത്.
സഹജീവികളുടെ വിശപ്പകറ്റാന്‍ കെ.എം.സി.സി ആരംഭിച്ച കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ നാലായിരത്തിലധികം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല, ഏരിയ കെ.എം.സി.സികള്‍ ഏറ്റെടുത്തത്. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായവും ലഭിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പിലാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. 11 വര്‍ഷത്തിലധികമായി നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പര്‍ശം കൊവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവര്‍ത്തനം.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നല്‍കാനും കെ.എം.സി.സിയുടെ കീഴില്‍ പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നു. രോഗ ബാധിതര്‍ക്ക് വസ്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികകള്‍ തുടങ്ങിയവ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നതോടൊപ്പം മാനസിക കരുത്ത് പകര്‍ന്ന് കരുതലാവുകയാണ് കെ.എം.സി.സി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി കാരുണ്യത്തിന്റെ ഇഫ്താര്‍ ഒരുക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്തവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുന്‍പന്തിയിലുണ്ട്.
കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെ രോഗികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും മറ്റു അര്‍ഹരായ പ്രവാസികള്‍ക്കും 'കാരുണ്യ യാത്ര' പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിവരുന്നു. ഇതിനകം 15 ഓളം ടിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു. വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ നല്‍കിയ സേവനം മഹത്തരമാണ്. ബഹ്റൈന്‍ കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം 169 യാത്രക്കാരുമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രനിമിഷങ്ങള്‍ക്കാണ് ബഹ്റൈനിലെ പ്രവാസലോകം സാക്ഷിയായത്. ഇത്തരത്തില്‍ സഹജീവികള്‍ക്ക് സാന്ത്വനമേകുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നൂറുദിനം പിന്നിടുമ്പോള്‍ അഭിമാന മുഹൂര്‍ത്തത്തിലാണ് നേതാക്കളും...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..