ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ
മനാമ: കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങള്‍ മൂലം ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം സൗദി പ്രവാസികളുടെ പ്രശ്നത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഇടപെടുന്നു. ഇതിനോടകം 300 പേര് സൗദിയില്‍ എത്തിക്കഴിഞ്ഞു. വിമാനമാര്‍ഗം ഇവരെ സൗദിയില്‍ എത്തിക്കുവാന്‍ ബന്ധപ്പെട്ട ട്രാവല്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് സൗദിയിലെത്താനായത്. ബാക്കിയുള്ളവരെയും സൗദിയിലെത്തിക്കുവാനുള്ള നടപടികളിലാണെന്നു ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ അറിയിച്ചു. മാസംതോറും ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസിന്റെ ഭാഗമായി വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസിലാണ് അംബാസഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും ബഹ്റൈനില്‍ കുടുങ്ങികിടക്കുന്നവര്‍ ഒരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ എംബസിയും ബഹ്റൈനിലെ സാമൂഹിക സംഘടനകളും ഇക്കാര്യത്തില്‍ ഇടപെട്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു. ഇവര്‍ക്ക് യഥാസമയം ആഹാരവും മരുന്നും എത്തിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. ബഹ്റൈന്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്നു എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നത്. സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപെട്ട് തുടര്‍നടപടിക്രമങ്ങളും ചെയ്തുവരുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യമില്ലാത്തതിനാല്‍ നിരവധി പേരാണ് ബഹ്റൈന്‍ വഴി സൗദിയിലെത്തുന്നത്. 14 ദിവസം ബഹ്റൈനില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് ഇതുവരെ കിംഗ് ഫഹദ് കോസ്വേ വഴിയായിരുന്നു പോയിരുന്നത്. എന്നാല്‍ സൗദി അംഗീകരിച്ച വാക്സിന് എടുത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ യാത്രാനുമതിയുള്ളൂ എന്ന സൗദി സര്‍ക്കാരിന്റെ നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണ് മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഒരാഴ്ചയായി ബഹ്റൈനില്‍ കുടുങ്ങിയത്. ഭക്ഷണത്തിനും താമസത്തിനും പൈസയില്ലാതെ ദുരിതത്തിലായ ഇവരെ സഹായിക്കാന്‍ ബഹ്റൈനിലെ സാമൂഹിക സംഘടനകള്‍ എത്തിയതോടെയാണ് ഇവര്‍ക്ക് അല്പമെങ്കിലും ആശ്വാസമായത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപെടുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..