-
മനാമ: ബഹ്റൈനില്‍ പുതുതായി 3 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതോടെ ആകെ 36 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇറാനില്‌നിന്നെത്തിയ ഇവരെ ഉടന്‍ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരോടൊപ്പം യാത്ര ചെയ്തവരും നിരീക്ഷണത്തിലാണ്. ദുബായ്, ഷാര്‍ജ ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായി ബഹ്റൈന്‍ വ്യോമയാന വകുപ്പ് അറിയിച്ചതിനു മുന്‍പ് യാത്ര ചെയ്തവരാണ് ഇവരെല്ലാവരും. അതേസമയം, ചികില്‍സയില്‍ കഴിയുന്ന രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. രോഗബാധ തടയുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ 444 എന്ന നമ്പറില്‍ വിളിച്ചു മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നു ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
ഇറാനിലേക്ക് താത്കാലികമായി യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നു ബഹ്‌റൈനിലേക്കു യാത്ര ചെയ്യാനുള്ളവര്‍ 00973 17227555 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തു കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്ധിച്ചതിനെത്തുടര്‍ന്നാണ് ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബഹ്റൈന്‍ വിമാനത്താവളത്തിലെത്തുന്ന ഫ്‌ലൈറ്റുകളുടെയും പുറപ്പെടുന്നവയുടെയും സമയത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ യാത്ര വിമാനത്താവളവുമായി ബന്ധപ്പെട്ടു വീണ്ടും ഉറപ്പു വരുത്തേണ്ടതാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതിനായി യാത്രക്കാര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി കാള്‍ സെന്ററുമായി 80007777 എന്ന നമ്പറിലോ 80114444 എന്ന ഇന്റര്‍നാഷണല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഇതിനിടെ രാജ്യത്തെ മിക്കവാറും എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. പ്രവാസി സംഘടനകള്‍ നടത്താനിരുന്ന പരിപാടികളും രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവെച്ചു. ഐവൈസിസി സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലക്‌സില്‍ നിശ്ചയിച്ചിരുന്ന രക്തദാന ക്യാമ്പു മാറ്റി വെച്ചു, കൂടാതെ ഐവൈസിസി പ്രസംഗ പരിശീല കളരിയും മാറ്റി വെച്ചു, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി ഏരിയ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കുകയും നാട്ടില്‍ നിന്നു വരുന്ന ഐവൈസിസി പ്രവര്‍ത്തകരോടു മാസ്‌കുകള്‍ അടക്കമുളള സാമഗ്രികള്‍ കൊണ്ട് വരുവാനായി നിര്‍ദേശം കൊടുക്കുകയും ചെയ്തതായി ഐവൈസിസി സെന്റ്രല്‍ കമ്മിറ്റി അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്താനിരുന്ന പൊതുപരിപാടികള്‍ രണ്ടാഴ്ച്ചത്തേക്ക് നിര്‍ത്തിവെച്ചതായി ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാനും ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടില്‍ നിന്നും ബഹ്‌റൈിനലേക്ക് വരുന്ന അസോസിയേഷന്‍ അംഗങ്ങളോട് മാസ്‌ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വെള്ളിയാഴ്ച നടക്കാനിരുന്ന ഐ. സി.ആര്‍.എഫ് വര്‍ക്കേഴ്‌സ് ഡേ വിന്റര്‍ ഫെസ്റ്റ് 2020 പരിപാടി മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..