പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
മനാമ: ബഹ്റൈനില്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) എന്ന പുതിയ കൂട്ടായ്മയുടെ ഉദ്ഘാടനം ജൂലായ് ഒന്നിന് നടക്കും. വൈകീട്ട് അഞ്ചരക്ക് സഗയ കെ.സി.ഏ.ഹാളില്‍ ഡോ. തോമസ് ഐസക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ആദ്യപടിയായി, 'കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം-സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണവും സംവാദവും ആയിരിക്കും ഉദ്ഘാടന ദിനത്തിലെ മുഖ്യ ആകര്‍ഷണമെന്ന് പിപിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പ്രൊഫഷണലുകളുടെ സാധ്യതകള്‍ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന് മനസിലാക്കാനും ഇത് സഹായിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളും അഭ്യുദയകാംക്ഷികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകരെ പ്രതീക്ഷിക്കുന്നു. പി പി എഫിന്റെ സ്വാഗത സംഘം ഉദ്ഘാടനം മെയ് 10 ന്, പി പി എഫിന് സമാനമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് (കെ പി എന്‍) പ്രസിഡന്റ് ആര്‍ക്കിടെക്ട് പത്മശ്രീ ജി. ശങ്കര്‍ ആണ് നിര്‍വഹിച്ചത്. ബഹ്റൈനില്‍ പി പി എഫിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ജൂലായ് ഒന്നിന് ഡോ. ടി എം തോമസ് ഐസക്ക് നിര്‍വഹിക്കുന്നത്
പുരോഗമനപരമായ സാമൂഹിക-രാഷ്ട്രീയ വീക്ഷണം പങ്കിടുന്ന ഡോക്റ്റര്‍മാര്‍, എഞ്ചിനിയര്‍മാര്‍ , നിയമവിദഗ്ധര്‍, കമ്പനി എക്സിക്യൂട്ടീവ്സ്, അധ്യാപകര്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് തുടങ്ങിയ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയാണ് പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം. കേരളത്തിലും ലോകത്തിലെ പല കോണുകളിലും ഇതേ രൂപത്തിലുള്ള കൂട്ടായ്മ രൂപം കൊണ്ടുവരികയാണ്. പുരോഗമന വീക്ഷണമുള്ള പ്രൊഫഷണലുകളുടെ വൈദഗ്ധ്യം ഒരുമിച്ച് കൊണ്ടുവരികയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നമ്മുടെ നാടിന്റെ വികസനത്തിനായി നല്‍കുകയും ചെയ്യുക എന്നതാണ് പി പി എഫിന്റെ പ്രധാന ലക്ഷ്യം. വ്യത്യസ്തങ്ങളായ പ്രൊഫഷണല്‍ മേഖലകളില്‍ നിന്നുള്ള വൈദഗ്ധ്യം സമാഹരിക്കാനും ഫലപ്രദമായ അക്കാദമിക് ഇവന്റുകളിലൂടെ അവ മെച്ചപ്പെടുത്താനും പി പി എഫ് ശ്രമിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സന്തുലിതമായ ഒരു സാമൂഹിക വികസനം ഉറപ്പാക്കുന്നതിന് മെച്ചപ്പെടുത്തിയ വൈദഗ്ധ്യം സംഭാവന ചെയ്യാന്‍ പി പി എഫ് ലക്ഷ്യമിടുന്നു.
ക്രിയാത്മകവും പുരോഗമനവും ആയ വികസന പ്രവര്‍ത്തനങ്ങളില്‍ കഴിയുന്നത് ചെയ്യുക എന്ന ദൗത്യവുമായി പിറവി കൊള്ളുന്ന പിപിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജൂലായ് ഒന്നാം തിയ്യതിയിലെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി പി പി എഫ് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്മാന് ഇ. എ. സലിം. സെക്രട്ടറി അഡ്വക്കേറ്റ് ശ്രീജിത് കൃഷ്ണന്, രക്ഷാധികാരി പി കെ ഷാനവാസ്, ഭാരവാഹികളായ ഡോ. കൃഷ്ണ കുമാര്‍, റാം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..