പമ്പാവാസൻ നായരും കെ.ജി ബാബുരാജനും
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ 13ാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ബിസിനസ്, സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗ്ലോബല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബിസിനസ് മേഖലയിലെ സമഗ്ര സംഭാവനക്ക് അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പമ്പാവാസന്‍ നായരും സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ബി.കെ.ജി ഹോള്‍ഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി ബാബുരാജനുമാണ് പുരസ്കാരത്തിന് അര്‍ഹരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തുനിന്നുള്ളവരെയാണ് അവാര്‍ഡിനായി പരിഗണിക്കാറുള്ളത്. ധര്‍മ്മാരം വിദ്യാക്ഷേത്രം, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രൊഫസര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡബ്ല്യു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ഡോ. പി.വി ചെറിയാന്, മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളിവേലില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ബഹ്റൈന്‍ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ജൂണ്‍ 23 മുതല്‍ 25 വരെ നടക്കുന്ന ഡബ്ല്യു.എം.സി ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വെച്ച് വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അവാര്‍ഡുകള്‍ സമ്മാനിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള പറഞ്ഞു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ബഹ്റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി, ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, കേരള വനം മന്ത്രി എ.കെ ശശീന്ദ്രന്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സെയ്ന് ബഹ്റൈന്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല് ഖലീഫ, ബഹ്റൈന്‍ ശുറാ കൗണ്‍സില്‍ അംഗവും ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് വൈസ് ചെയര്‍ പേഴ്സണുമായ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകന് ബിജു നാരായണന്, തിരക്കഥാകൃത്തും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ സുനീഷ് വാരനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ്, കര്‍ണാടക മുന്‍ ഡി.ജി.പി ജിജാ ഹരിസിങ്, ഷീല തോമസ് ഐ.എ.എസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് ഡോ. റാണാ സവായ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി മെഡിക്കല്‍ ഫോറം, യൂത്ത് ഫോറം, വിമന്‍സ് ഫോറം, എജുക്കേഷന്‍ ഫോറം, ബിസിനസ് ഫോറം എന്നിവയും നടക്കും. പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് (അഡ്മിന്) ജോണ്‍ മത്തായി, ബഹ്റൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്മാന് രാധാകൃഷ്ണന് തെരുവത്ത്, രക്ഷാധികാരി ഡോ. പി.വി ചെറിയാന്, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്മാന് ബാബു കുഞ്ഞിരാമന്, ജെയിംസ് ജോണ്‍ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..