കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
മനാമ: കേരള ഫുട്ബോള്‍ അസോസിയേഷന് ബഹ്റൈന്‍ (കെ.എഫ്.എ.) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ''സൂപ്പര്‍ കപ്പ് 2022'' എന്ന പേരില്‍ മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2022 മെയ് 19, 20, 26, 27 ജൂണ്‍ 2, 3, 9, 10 എന്നീ തീയതികളില്‍ വ്യാഴം , വെള്ളി ദിവസങ്ങളിലായി ഹൂറയില്‍ ഗോസി കോംപ്ലക്സിനു പിന്‍വശമുള്ള ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രൊഫഷണല്‍ 8 ടീമും, സെമി പ്രൊഫഷണല്‍ 16 ടീമും, അമേച്ചര്‍ 32 ടീമും പങ്കെടുക്കും. ബഹ്റൈന്‍ മലയാളി പ്രവാസികള്‍ക്കിടയില്‍ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്ബോള്‍ അസോസിയേഷന് ബഹ്റൈന്‍. 2019 ല്‍ ഇരുപതോളം ക്ലബ്ബുകളുമായി തുടക്കമിട്ട പ്രസ്ഥാനം ഇന്ന് 54 ക്ലബ്ബുകളും 1200 ഓളം കളിക്കാരുമായി വളര്‍ന്നു. കഴിഞ്ഞ ചുരുങ്ങിയ കാലഘട്ടത്തില്‍ തന്നെ ഏകദേശം 23 ഓളം ചെറുതും വലുതുമായ ടൂര്‍ണമെന്റ് നടത്തിയിട്ടുണ്ട്.
ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിനു സാക്ഷിയാവാനും പ്രവാസി മലയാളികള്‍ക്ക് ഇടയില്‍ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവന്‍ പ്രവാസികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.എഫ്.എ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണ ദാസ്, ട്രഷറര്‍ തസ്ലീം തെന്നാടന്‍, ജോ.സെക്രട്ടറിമാരായ, അബ്ദുള്‍ ജലീല്‍, അരുണ്‍ ശരത്, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍മാര്‍ സജ്ജാദ് സുലൈമാന്‍, സവാദ് തലപ്പച്ചേരി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..