.
മനാമ: ഐഎംസിസി ജിസിസി കമ്മിറ്റി സംഘടിപ്പിച്ച യു. റൈസല്‍ അനുസ്മരണ യോഗം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. സുഹൃത്തുക്കള്‍ക്കെല്ലാം വലിയ ആഘാതമായാണ് കഴിഞ്ഞ ദിവസം വടകര മാക്കൂല്‍പീടിക സ്വദേശി റൈസലിന്റെ അപ്രതീക്ഷിതമായ മരണവാര്‍ത്ത വന്നത്. ഖത്തര്‍ ഐഎംസിസിയിലും നാഷണല്‍ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും ദീര്‍ഘകാലം ഭാരവാഹിയായിരുന്നു. ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും വടകര മണ്ഡലം സെക്രട്ടറിയും എംഎംസിടി ഗള്‍ഫ് ചാപ്റ്റര്‍ കോര്‍ഡിനേറ്ററുമായിരുന്നു. നാട്ടിലേയും ആറ് ഗള്‍ഫ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത് ഓണ്‍ലൈനായി നടന്ന അനുസ്മരണ യോഗത്തില്‍ ജിസിസി ഐഎംസിസി ചെയര്‍മാന്‍ എഎം അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.
പ്രകടനപരതയില്ലാതെ, വളരെ നിശബ്ദമായും സൗമ്യതയോടെയും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയും തന്നിലേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കുന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായിരുന്നു റൈസലെന്ന് എപി അബ്ദുല്‍ വഹാബ് അനുസ്മരിച്ചു.
തങ്ങളുടെ തിരഞ്ഞെടുപ്പ് മത്സര ഘട്ടങ്ങളിലെല്ലാം ഐഎന്‍എല്‍ പ്രതിനിധി എന്നതിലുപരി, ഒരു സഹോദരനെപ്പോലെ ആദ്യാവസാനം, അഹോരാത്രം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച, നിസ്വാര്‍ത്ഥനായ വ്യക്തിത്വമായിരുന്നു റൈസലെന്ന് മുന്‍ മന്ത്രിയും മുന്‍ വടകര എംഎല്‍എയും ജനതാദള്‍-എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സികെ നാണുവും എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രനും അനുസ്മരിച്ചു.
ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സൗഹൃദമായിരുന്നു സഹോദര തുല്യനായ റൈസലിനെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ കേരള പി.എസ്.സി മെമ്പര്‍ വിടികെ സമദ് മാസ്റ്റര്‍ പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും വിജയത്തിലും കൗണ്‍സിലര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളിലും വലിയ പിന്‍ബലമാകുകയും, സ്വന്തം കാര്യങ്ങളില്‍ ഒരിക്കല്‍പോലും വ്യാകുലപ്പെടാതെ നാട്ടുകാരുടെ പലവിധ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നയാളുമാണ് റൈസലെന്ന് വടകര മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെകെ വനജ അനുസ്മരിച്ചു.
ദീര്‍ഘകാലമായി റൈസലുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് സംസാരിച്ചു. കുറഞ്ഞകാലത്തെ പരിചയത്തില്‍നിന്നുതന്നെ വലിയ ആത്മബന്ധം റൈസലുമായി ഉണ്ടാക്കാനായെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍ പറഞ്ഞു. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി വളരെ വൈകിയും റൈസലിനൊപ്പം ഒരുമിച്ചിരിക്കുകയും രാഷ്ട്രീയ, പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെന്നു വടകര കുറുമ്പയിലെ സിപിഐഎം നേതാവ് ദിനേശന്‍ മലയില്‍ അനുസ്മരിച്ചു.
ഐഎംസിസി ജിസിസി ജനറല്‍ കണ്‍വീനര്‍ പിപി സുബൈര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഐഎന്‍എല്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബഡേരി, ഐഎംസിസി മുന്‍ ജിസിസി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍മ്മദ്ഖാന്‍, ഐഎന്‍എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎംസിസി മുന്‍ ജിസിസി കണ്‍വീനറുമായ റഫീഖ് അഴിയൂര്‍, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ കരുവന്തുരുത്തി, വടകര മണ്ഡലം പ്രിസിഡണ്ട് കെപി മൂസ ഹാജി, ഇകെകെ റഷീദ് പടന്നക്കാട്, സിഎം റഷീദ് കുറുമ്പയില്‍, റൈസലിന്റെ സഹോദരന്‍ റിയാസ്, ഐഎംസിസി ഭാരവാഹികളായ ഹമീദ് മധൂര്‍, ഷരീഫ് കൊളവയല്‍, കാസിം മലമ്മല്‍, മന്‍സൂര്‍ കൊടുവള്ളി, മുഫീദ് കൂരിയാടന്‍, അബ്ദുല്‍ ഗഫൂര്‍ എപി, നവാഫ് ഒസി, ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. ഐഎംസിസി ജിസിസി ട്രഷറര്‍ മൊയ്തീന്‍കുട്ടി പുളിക്കല്‍ നന്ദി പറഞ്ഞു.
Content Highlights: bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..