
മനാമ: ബഹ്‌റൈനില്‍ ചൂട് വര്‍ദ്ധിക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ജോലിസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് ഇത്തവണ 99.8 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴില്‍കാര്യമന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. ജൂലായ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയായിരുന്നു നിയന്ത്രണം. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു പ്രതിബദ്ധത എന്ന നിലയിലാണ് നിയമം കര്‍ക്കശമാക്കിയത്. ചൂട് വര്‍ദ്ധിക്കുന്ന മാസങ്ങളില്‍ ഉച്ചക്ക് നാലുമണിക്കൂറാണ് പുറത്തെ സൈറ്റുകളില്‍ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. ഇത്തവണയും ബഹുഭൂരിപക്ഷം തൊഴിലുടമകളും തൊഴിലാളികളും ഇതുമായി സഹകരിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബഹ്‌റൈനില്‍ വിദേശത്തൊഴിലാളികളുടെ സുരക്ഷക്ക് തൊഴില്‍ മന്ത്രാലയം പ്രഥമസ്ഥാനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയം എപ്പോഴും ശ്രദ്ധാലുവായിരിക്കും. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. തൊഴിലാളികളുടെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍വരെ ഈ നിയന്ത്രണം സഹായകരമായെന്നും മന്ത്രി പറഞ്ഞു. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അതേസമയം, നിയന്ത്രണം ചൊവ്വാഴ്ച അവസാനിച്ചുവെങ്കിലും രാജ്യത്ത് ചൂടിന് യാതൊരു ശമനവുമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..