-
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫിലെ പ്രധാന സംഘടനാ പ്രതിനിധികളുമായി സൂമില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വിപി ജോയി, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നോര്‍ക്ക സെക്രട്ടറി ഡോ. ഇളങ്കോവന് എന്നിവര്‍ പങ്കെടുത്തു. ഐ ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ് അല്ലെങ്കില്‍ ടാബ് നല്കുന്ന വിപ്ലവകരമായ പദ്ധതിയെക്കുറിച്ച് സംസാരിക്കാനും അതിനു പ്രവാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ചത്.
യോഗത്തില്‍ ബഹ്റൈനില്‍ നിന്നും സംഘടനകളെ പ്രതിനിധീകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയെയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. കേരള സര്‍ക്കാറിന്റെ പ്രസ്തുത പദ്ധതിക്ക് പിന്തുണ നല്‍കുകയും കഴിയാവുന്ന വിധത്തില്‍ ബഹ്റൈനില്‍ നിന്ന് സാമ്പത്തിക സമാഹരണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വിവിധ പ്രവാസി പ്രശ്നങ്ങളില്‍ അനുകൂല നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡും കോവിഡാനന്തര രോഗങ്ങളും മൂലം ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ പേരുകള്‍ നാട്ടില്‍ മരണപ്പെടുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക, ഗള്‍ഫില്‍ ശമ്പളം കിട്ടാതെയും ബിസിനസ് തകര്‍ന്നും കേസുകളില്‍പ്പെട്ടും കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ ഗവണ്മെന്റ് സത്വരമായി ഇടപെടുക, കോവിഡ് മൂലം യാത്രാനിബന്ധനകള്‍ ഉള്ളതിനാല്‍ കീം (കേരള എഞ്ചിനീയറിംഗ് & മെഡിക്കല്‍ പ്രവേശനപരീക്ഷ) പരീക്ഷാകേന്ദ്രങ്ങള്‍ എല്ലാ ഗള്‍ഫ് സ്റ്റേറ്റുകളിലും ഈ വര്‍ഷം തന്നെ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാധാകൃഷ്ണപിള്ള ഉന്നയിച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..