ജോൺ ഫിലിപ്പിനെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മെമെന്റോ നൽകി ആദരിക്കുന്നു
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്.) ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പിന് സംഘടനയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി. ആരോഗ്യ മന്ത്രാലയത്തില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറായി കഴിഞ്ഞ 37 വര്‍ഷമായി പ്രവര്‍ത്തിച്ച ജോണ്‍, നിസ്വാര്‍ത്ഥനായ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്.
തുടക്കം മുതല്‍ ഐ.സി.ആര്‍.എഫിന്റെ സജീവ അംഗമായിരുന്നു അദ്ദേഹം. 2019 ല്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഐ.സി.ആര്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയ അദ്ദേഹം വിവിധ ലേബര്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രശംസനീയമായ പങ്ക് വഹിച്ചു.
ഐ.സി.ആര്‍.എഫ് നടത്തിയ ആദ്യത്തെ നൂറോളം മെഡിക്കല്‍ ക്യാമ്പുകളുടെ കോര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കഴിഞ്ഞ 3 ദശകങ്ങളില്‍ സല്‍മാനിയ ആശുപത്രിയിലെക്ക് ചികില്‍സക്കായി എത്തിയ നിരവധി പേരെ ജോണ്‍ സഹായിച്ചിട്ടുണ്ട്, ഐ.സി.ആര്‍.എഫ് ഹോസ്പിറ്റല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം അര്‍ഹരായ വ്യക്തികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2016 മുതല്‍ 3 വര്‍ഷത്തോളം പ്രവാസി മലയാളി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു .
ഐ.സി.ആര്‍.എഫിന് ജോണ്‍ ഫിലിപ്പ് നല്‍കിയ വിലമതിക്കാനാവാത്ത പിന്തുണയെ അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ ഐ. സി. ആര്‍. എഫ് ചെയര്‍മാന്‍ അരുള്‍ ദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാന്‍ അസര്‍പൊട്ട, വൈസ് ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലുര്‍, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി ശങ്കര്‍ ശുക്‌ള എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..