-
മനാമ: കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ആസ്റ്റര്‍ ഗ്രൂപ്പ് പേരാമ്പ്രയില്‍ മൂന്ന് വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും. ബഹ്‌റൈനിലെ ഫഹദാന്‍ ഗ്രൂപ്പ് സംരംഭകനും പ്രവാസിയുമായ പി. മുഹമ്മദ് നൊച്ചാട് സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
ചെരുപ്പുകുത്തി ഉപജീവനം നടത്തുന്ന പേരാമ്പ്രയുടെ കാരുണ്യമുഖമായ ഡയാന ലിസിക്കായിരുന്നു ആദ്യവീട് നല്‍കിയത്. ഈ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു.
ലിസിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഹോംസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും കെയര്‍ ഫൗണ്ടേഷന്‍ പേരാമ്പ്രയുമായിരുന്നു ഈ വീടിനാവശ്യമായ സ്ഥലം ലഭ്യമാക്കിയത്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന് കീഴിലാണ് മറ്റ് വീടുകളും ഒരുങ്ങുക. അപേക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ പരിഗണിക്കും.
കഴിഞ്ഞ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാട് പനമരം നീരട്ടാടിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഈ കൂട്ടായ്മ വില്ലേജ് എന്ന പേരില്‍ നിര്‍മ്മിച്ച 20 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റര്‍ ഡി എം. ഫൗണ്ടേഷന്റെ കീഴില്‍ മലപ്പുറത്തും ഈ കൂട്ടായ്മ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..