അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ലിങ്ക് പ്രകാശനം ചെയ്തു
മനാമ: ബഹ്റൈന്‍ കെഎംസിസി മെമ്പര്‍മാര്‍ക്കുള്ള അല്‍ അമാന സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിലെ അംഗത്വ കാലാവധി പരിശോധിക്കുന്നതിനുള്ള ലിങ്കിന്റെ പ്രകാശനം കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര നിര്‍വഹിച്ചു. പ്രവാസ ജീവിതം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏകാന്തതയാണ്. ഒരുപാട് വര്‍ഷങ്ങള്‍ പ്രവാസിയായ ഒരാളുടെ നേട്ടമെന്ത് എന്ന് ചോദിക്കുമ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ ഒന്നും ബാക്കിയുണ്ടാകില്ല. അവര്‍ക്കൊരു കൈത്താങ്ങാവുകയാണ് എന്നും പ്രവാസിയെ ചേര്‍ത്തു പിടിച്ച ബഹ്റൈന്‍ കെഎംസിസി.
തന്റെ നല്ല നാളുകളില്‍ തന്റെ ജീവിതം നോക്കാതെ പണിയെടുത്തു എല്ലും തൊലിയുമായി ഒരുപാട് രോഗങ്ങളുമായി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ആ പ്രവാസിക്ക് സാന്ത്വനമാകാന്‍, അതല്ലെങ്കില്‍ പ്രവാസി ജീവിതത്തിനിടയില്‍ പെട്ടെന്നുള്ള വേര്‍പാട് ഒരു കുടുംബത്തെ അനാഥമാക്കപ്പെടുമ്പോള്‍ അതിന് ചെറിയ രൂപത്തിലെങ്കിലുമുള്ള ഒരു കൈതാങ് ഇതൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബഹ്റൈന്‍ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ സ്‌കീം.
അംഗങ്ങളെ പരമാവധി സഹായിക്കാന്‍ ഒരു ഫണ്ടും പദ്ധതിയും വേണമെന്ന ഒരു കാഴ്ചപ്പാടില്‍ നിന്നാണ് ബഹ്‌റൈന്‍ കെ.എം.സി.സി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നല്കിയത്. അംഗങ്ങളില്‍ നിന്നു തന്നെ ശേഖരിക്കുന്ന സംഖ്യകള്‍ മാത്രമാണ് ഇതിന്റെ മൂലധനം.
മറ്റേതെങ്കിലും രീതിയില്‍ കലക്ഷനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ സഹായമോ ഫണ്ട് സ്വരൂപിക്കാന്‍ അവലംബമാക്കാതെ സഹപ്രവര്‍ത്തകനെ സഹായിക്കുക എന്ന ഏക ഉദ്ദേശത്തോടെ കമ്മിറ്റിയുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി അംഗങ്ങള്‍ വര്‍ഷാന്തം നിശ്ചിത സംഖ്യ അമാനഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്. അത് പോലെ തന്നെ ലിഖിതമായ നിയമാവലിയുടെ പിന്‍ബലത്തില്‍ മാത്രമാണ് അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി വരുന്നതും. നിശ്ചിത കാലാവധി കഴിഞ്ഞവര്‍ നിര്‍ബന്ധമായും നിശ്ചയിക്കപ്പെട്ട വാര്‍ഷിക സംഖ്യ അടച്ചു കാലാവധി പുതുക്കിയാല്‍ മാത്രമെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാവുകയുള്ളൂ എന്ന കാര്യം അടിവരയിടുകയാണ്.
പ്രകാശന ചടങ്ങില്‍ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, അല്‍ അമാന ജനറല്‍ കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, അല്‍ അമാന വൈസ് ചെയര്‍മാന്‍ അഷ്റഫ് കാക്കണ്ടി, അല്‍ അമാന കണ്‍വീനര്‍ അസീസ് പേരാമ്പ്ര, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..