കൊച്ചി: വിവാഹത്തിലെ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ പണം ജനറല്‍ ആസ്​പത്രിക്ക് സംഭാവന ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് മനു ജേക്കബ്. വലിയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി അത്യാവശ്യം ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായിരുന്നു കല്യാണം. കല്യാണത്തിന് ഭക്ഷണത്തിനു ചെലവു വരുമായിരുന്ന തുക മിച്ചംപിടിച്ച് ജനറല്‍ ആശുപത്രിക്ക് സംഭാവന നല്‍കി.

മുന്‍ മന്ത്രി എ.എല്‍. ജേക്കബ്ബിന്റെ കൊച്ചുമകനും കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്ബിന്റെയും ഷീലയുടെയും മകനുമാണ് മനു. കല്യാണത്തിനു മുമ്പ് മനു ഈ ആശയം ബന്ധുക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പിന്തുണയ്ക്കുകയായിരുന്നു.

എറണാകുളം സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന വിവാഹ ചടങ്ങിനു ശേഷം വധൂവരന്മാര്‍ ചേര്‍ന്ന് ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ. എ. അനിതയ്ക്ക് ചെക്ക് കൈമാറി.ബെംഗളൂരുവില്‍ താമസിക്കുന്ന തൃശ്ശൂര്‍ ആലപ്പാട്ട് വര്‍ഗീസിന്റെയും ഷാജിലയുടെയും മകളായ ഗീതുവാണ് വധു. പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാവുന്ന പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, പ്രൊഫ. കെ.വി. തോമസ് എം.പി., ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജെയിന്‍ എന്നിവരും എത്തിയിരുന്നു. അവര്‍ വധൂവരന്മാരെ തുളസിമാല അണിയിച്ച് ആദരിച്ചു.

വിവാഹ വിവരം മനു എല്ലാവരെയും കത്തിലൂടെ അറിയിച്ചിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നു മാത്രമേ വിവാഹ കത്തില്‍ പറയുന്നുള്ളൂ. ജനറല്‍ ആശുപത്രിയില്‍ പ്രസവവാര്‍ഡിലെ സിസേറിയന്‍ വാര്‍ഡിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് പണം നല്‍കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടറിയായ മനു എറണാകുളത്ത് ബിസിനസ് നടത്തുകയാണ്. ഗീതു െബംഗളൂരുവില്‍ യാഹൂവില്‍ സീനിയര്‍ അനലിസ്റ്റാണ്.

content highlights: Youth congress leader avoids extravagance in marrige donates money to hospital, manu jacob youth congress leader