മോനിപ്പള്ളി താന്നിമൂട്ടിൽ സ്റ്റോഴ്സിന്റെ ഉടമ ഷിജി ജോസിൽനിന്ന് ചങ്ങനാശ്ശേരി ഫാത്തിമപുരം പടിഞ്ഞാറേമറ്റത്തിൽ നസീമ റഷീദ് പഴ്സ് ഏറ്റുവാങ്ങുന്നു.
മോനിപ്പള്ളി: വഴിയില്‍ കളഞ്ഞുകിട്ടിയ പഴ്സിലെ റിയാല്‍ കണ്ട് മോനിപ്പള്ളി താന്നിമൂട്ടില്‍ സ്റ്റോഴ്സിന്റെ ഉടമ ഷിജി ജോസിന്റെ (48) കണ്ണ് മഞ്ഞളിച്ചില്ല. രണ്ട് ആഴ്ച നീണ്ട തിരച്ചിലിനൊടുവില്‍ ഉടമയെ കണ്ടെത്തി പഴ്സ് തിരികെ നല്‍കി.
നഷ്ടപ്പെട്ടെന്ന് കരുതിയ പണവും രേഖകളും തിരികെ കിട്ടിയപ്പോള്‍ ഷിജിയുടെ നല്ലമനസ്സിനെ നന്ദിയോടെ കണ്ട ചങ്ങനാശ്ശേരി ഫാത്തിമപുരം പടിഞ്ഞാറേമറ്റത്തില്‍ നസീമ റഷീദിന്റെ കണ്ണ് നിറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് എം.സി. റോഡരികിലെ കടയ്ക്ക് മുന്നില്‍നിന്ന് ഷിജിക്ക് പഴ്സ് ലഭിച്ചത്. ഇതിന് തൊട്ടുമുമ്പ് അപരിചിതനായ ഒരാള്‍ കടയില്‍ എത്തിയിരുന്നു. പഴ്സ് പരിശോധിച്ചപ്പോള്‍ 1100 റിയാല്‍, 500 രൂപ, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കിട്ടി. ആദ്യദിനം ഉടമ അന്വേഷിച്ചുവരുന്നതും കാത്തിരുന്നു.
വിലാസം സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞു. പ്രയോജനം ഉണ്ടായില്ല. ചങ്ങനാശ്ശേരിയിലെ ബന്ധുവിനെ ഫോട്ടോ കാണിച്ചു. ബന്ധു വഴി ചങ്ങനാശ്ശേരി മേഖലയിലെ സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി. ഇങ്ങനെയറിഞ്ഞ ചങ്ങനാശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് നസീമയെ വിവരം അറിയിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം മോനിപ്പള്ളിയിലെത്തി പഴ്സ് ഏറ്റുവാങ്ങി.
നസീമയുടെ മകന്‍ അന്‍ഷാദ് സൗദിയില്‍ ജോലി തേടി പോകുംവഴിയാണ് പഴ്സ് നഷ്ടമായത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ സുഹൃത്താണ് മോനിപ്പള്ളിയലെ കടയില്‍ ഇറങ്ങിയത്.
ഇതിനിടയിലാണ് പഴ്സ് നഷ്ടമായത്. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിയുന്നത്. അവിടെ ഏറെ തിരഞ്ഞു. സൗദിയില്‍ ചെലവഴിക്കുന്നതിന് റിയാലാക്കിയ പണമായിരുന്നു അത്. അവിടെ എത്തിയ മകന്‍ ദൈനംദിന ചെലവിന് കഷ്ടപ്പെട്ടതോടെ അയല്‍വാസിയുടെ സ്വര്‍ണം വാങ്ങി പണയംെവച്ചാണ് നസീമ പണം അയച്ചുനല്‍കിയത്.
Content Highlights: woman returns purse to owner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..