വേങ്ങര: നാടിനെ ഒന്നടങ്കം പിടിച്ചുലച്ച പ്രളയത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേരള ജനത. ഇതിനിടെ മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യം ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 

മലപ്പുറം വേങ്ങര മുതലമാട് പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി നല്‍കിയ ജയ്‌സലാണ് വീഡിയോ ദൃശ്യത്തിലെ താരം. 

32-കാരനായ ജയ്‌സല്‍ താനൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം വേങ്ങരയിലെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ജയ്‌സല്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കാണ് ഇയാള്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി നല്‍കിയത്.