ഓംവതി, സാരി അഴിച്ചുകെട്ടിയപ്പോൾ | Photo: twitter/ @upcopsachin
ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് റെയില്‍വേ പാലത്തിന് കുറുകെ കെട്ടി നൂറു കണക്കിന് ജീവന് രക്ഷിച്ച് ഉത്തര്‍ പ്രദേശിലെ എഴുപത് വയസ്സുകാരി ഓംവതി. ഇറ്റ ജില്ലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കുസ്ബ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയ ഓംവതി സാരി അഴിച്ച് ട്രാക്കിന്റെ രണ്ട് അറ്റത്തും കെട്ടി ലോക്കോ പൈലറ്റിന് അപായ സൂചന നല്‍കുകയായിരുന്നു.
ഇറ്റാ ജില്ലയിലെ അവഗാര് ബ്ലോക്കിലെ ഗുലേരിയ ഗ്രാമത്തിലാണ് ഓംവതി താമസിക്കുന്നത്. പതിവുപോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടയില്‍ ട്രാക്കില്‍ വിള്ളല്‍ കണ്ടു. അപായ സൂചന നല്കാന് പറ്റുന്ന എന്തെങ്കിലും തൊട്ടടുത്തുണ്ടോ എന്ന് അന്വേഷിച്ചു. ഒന്നും കണ്ടെത്താനായില്ല. ഇതോടെ തന്റെ ചുവന്ന സാരി അഴിച്ച് ട്രാക്കിന് ഇരുവശത്തും കെട്ടുകയായിരുന്നു.
സമീപത്തെ മരത്തിലെ കമ്പുകള്‍ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തിനിര്‍ത്തി അതില്‍ സാരി കെട്ടുകയായിരുന്നു. നിമിഷനേരത്തിനുള്ളില്‍ ഇറ്റയില്‍ നിന്ന് തുണ്ട്ലയിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പാഞ്ഞെത്തി. എന്നാല്‍ അപകടം മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടി. ഇതോടെ വലിയ ദുരന്തം വഴിമാറി. അറ്റകുറ്റപ്പണി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.
'വിദ്യാഭ്യാസമില്ലെങ്കിലും ചുവപ്പു നിറത്തിലുള്ള കൊടി കാണിക്കുന്നത് അപായ സൂചനയാണെന്ന് എനിക്കറിയാം. ഇന്നു സാരിയുടുത്തത് നന്നായി'-ഓംവതി പറയുന്നു.
ലോക്കോ പൈലറ്റും ഉത്തര്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന് കൗശികും ഓംവതിയെ അഭിനന്ദിച്ചു. സച്ചിന് കൗശിക് തന്റെ ട്വിറ്റര്‍ പേജില്‍ ഓംവതിയുടെ ധീരതയെ പുകഴ്ത്തി ട്വീറ്റു ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിഞ്ഞത്.
Content Highlights: Village woman raises red saree flag to avert rail accident in Uttar Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..