വേളം: വളയംപിടിച്ച് വിയര്‍ത്ത കൈകള്‍, ഇല്ലായ്മയുടെ വിയര്‍പ്പില്‍ ഉരുകുന്ന ജീവിതം.. പരുപരുത്ത ജീവിതയാഥാര്‍ഥ്യങ്ങളോടു പൊരുതുമ്പോഴും അഭിനയകലയെ നെഞ്ചോടു ചേര്‍ത്ത ബസ്‌ഡ്രൈവര്‍ക്ക് അംഗീകാരത്തിളക്കം.

വടകര -വേളം- ഗുളികപ്പുഴ റൂട്ടിലെ ബസ് ഡ്രൈവര്‍ വി.പി. റിജേഷാണ് ജേസി ഫൗണ്ടേഷന്റെ 2016-ലെ സംസ്ഥാനത്തെ മികച്ച നാടകനടനുള്ള അവാര്‍ഡ് നേടി നാടിന്റെ അഭിമാനമായത്. വേളം പഞ്ചായത്തിലെ പൂളക്കൂല്‍ സ്വദേശിയാണ് തളിയില്‍ റിജേഷ്. വേളം ഹൈസ്‌കൂള്‍, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളില്‍ പഠിക്കുമ്പോള്‍ത്തന്നെ അഭിനയത്തില്‍ തിളങ്ങിയ റിജേഷ് ജില്ലാ, സംസ്ഥാന സ്‌കൂള്‍ കോളജ് കലോത്സവങ്ങളില്‍ ഒട്ടേറെത്തവണ മികച്ച മികച്ച നടനായി. കൊച്ചിന്‍ ആദിത്യ എന്ന നാടകസമിതിയിലൂടെയാണ് റിജേഷ് ഫ്രൊഫഷണല്‍ നാടകരംഗത്ത് നിലയുറപ്പിച്ചത്. 2011-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡിന് അര്‍ഹമായ 'സൂര്യ ഹൃദയം' എന്ന നാടകത്തിലെ ഷമീര്‍ എന്ന കഥാപാത്രം ഇന്നും ആസ്വാദകരില്‍ ജീവിക്കുന്നു. കോഴിക്കോട് സങ്കീര്‍ത്തന, രംഗമിത്ര, അങ്കമാലി അഞ്ജലി തുടങ്ങിയ നാടകസമിതികളിലൂടെ കേരളത്തിനകത്തും പുറത്തുമായി 1500-ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അഭിനേതാവ് എന്നതിലപ്പുറം സംവിധായകന്‍ കൂടിയാണ്. ആറ് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നാട്ടിലെ കലാകാരന്മാരെ കണ്ടെത്തി അവരെ അണിനിരത്തി സംവിധാനം ചെയ്ത 'ദി ഗെയിം ഓഫ് ചെസ്' എന്ന നാടകം സംസ്ഥാന കേരളോത്സവത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്.

പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളോട് പടപൊരുതുമ്പോഴും റിജേഷ് തന്നിലെ അഭിനേതാവിനെയും നാടകത്തെയും കൈവിട്ടില്ല. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട റിജേഷിന് റിഥമിക് കലാ കായികവേദിയുടെ ആഭിമുഖ്യത്തില്‍ നാട് സ്വീകരണം നല്‍കി. കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പി. സനൂപ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ മാണിക്കോത്ത് ബഷീര്‍, വാര്‍ഡ് മെമ്പര്‍ ഒ.പി. രാഘവന്‍, വി.പി. ശശി, എ.കെ. സുജിത്ത്, കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍, അനസ് കടലാട്ട്, പി.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.