പത്തുവര്‍ഷത്തെ അലച്ചിലിനു ശേഷം വരപ്രസാദ് സ്വന്തം അമ്മയെ കണ്ടെത്തി. ഒടുവില്‍ അമ്മയില്ലാതെ സ്വദേശമായ ആന്ധ്രയിലേക്ക് തിരിച്ചു പോയി. സ്വന്തമായി വീടില്ലാത്ത ഇയാള്‍ അമ്മയെ എങ്ങോട്ടു കൊണ്ടു പോകും? മാനസികരോഗിയായി തെരുവില്‍ അലഞ്ഞു നടന്ന തന്റെ അമ്മയ്ക്ക് ആശ്രയം നല്‍കി ശുശ്രൂഷിച്ച കൊട്ടാരക്കരയിലെ കലയപുരം ആശ്രയയിലെ ജീവനക്കാരോട് അന്യസംസ്ഥാനക്കാരനായ ഈ ചെറുപ്പക്കാരന് ഹൃദയം നിറഞ്ഞ നന്ദി മാത്രം. 

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ എടക്കൂര്‍ സ്വദേശിയായ വരപ്രസാദിന് പന്ത്രണ്ടാം വയസ്സിലാണ് അമ്മയെ നഷ്ടപ്പെട്ടത്. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ആശ്രയയിലെത്തിയ ഇവരുടെ പേര് മേരിയമ്മ എന്നാണെന്നും സ്വദേശം ആന്ധ്ര
ആണെന്നുമൊന്നും ആരും അറിഞ്ഞിരുന്നില്ല. ഇവര്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്. 

Asraya

പേരും നാടും ഓര്‍മയില്ലാതെ അലഞ്ഞു നടന്ന ഇവര്‍ക്ക് അഭയം നല്‍കിയ ആശ്രയ സെക്രട്ടറി കലയപുരം ജോസ് തന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നു- '
മാനസിക രോഗിയായി തെരുവില്‍ അലഞ്ഞു നടന്ന ഇവരെ നാട്ടുകാരാണ് ആശ്രയയിലെത്തിച്ചത്. ഇവര്‍ യഥാര്‍ത്ഥത്തില്‍ എച്ച്.ഐ.വി രോഗിയാണ്. ഞങ്ങള്‍ അഭയം നല്‍കുന്ന എല്ലാവര്‍ക്കും ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ എച്ച്.ഐ.വി രോഗിയാണെന്ന് കണ്ടെത്തിയിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ചികിത്സ ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അതു പരിഹരിക്കാനുള്ള ചികിത്സയും നല്‍കുന്നുണ്ട്. മകന്റെ കൂടെ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത അവസ്ഥയില്‍ അമ്മയെ തിരികെ കൊണ്ടുപോകാന്‍ കഴിയാതെ മകന്‍ നിസ്സഹായനായി തിരിച്ചു പോകുകയായിരുന്നു.'

Asraya


വരപ്രസാദിന്റെ അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. അമ്മാവന്റെ കൂടെയാണ് വളര്‍ന്നത്. ഒന്‍പതാം ക്‌ളാസില്‍ പഠനം നിര്‍ത്തി. ജീവിക്കാനായി മരപ്പണി തൊഴിലായി സ്വീകരിച്ചു. ദിവസവും ജോലി ഇല്ലാത്തതിനാല്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ഇയാള്‍. നഷ്ടപ്പെട്ടു പോയ അമ്മയെത്തേടി പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒരു ഫലവുമുണ്ടായില്ല.  നാലു മാസം മുമ്പ് പഠനത്തിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ കലയപുരം ആശ്രയയിലെത്തിയപ്പോഴാണ് അധികൃതര്‍ മേരിയമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ വരപ്രസാദിലേക്കെത്തിച്ചേരുകയായിരുന്നു. 

ഇവരുടെ സമാഗമ നിമിഷങ്ങള്‍ വികാര നിര്‍ഭരമായിരുന്നുവെന്ന് ജോസ് പറയുന്നു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ വരപ്രസാദ് കരയുകയായിരുന്നു. തന്റെ മുന്നില്‍ നില്‍ക്കുന്നത് സ്വന്തം അമ്മയാണെന്ന് മകന്‍ മനസ്സിലാക്കിയെങ്കിലും അമ്മ മകനെ തിരിച്ചറിഞ്ഞില്ല. 'നീ എന്റെ മകനല്ല'  എന്നു പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു അമ്മ. ഒടുവില്‍ കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടതിനു ശേഷമാണ് കണ്‍മുന്നില്‍ നില്‍ക്കുന്നത് സ്വന്തം മകനാണെന്ന് അവര്‍ സ്ഥിരീകരിച്ചത്. 

Asraya

1994 ലാണ് ആരോരുമില്ലതെ തെരുവുകളില്‍ അലയുന്നവര്‍ക്ക് ആശ്രയമായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തില്‍ ഏഴു ജില്ലകളില്‍ ഇവരുടെ സേവനം ലഭ്യമാണ്.

മാനസിക രോഗികള്‍,മക്കള്‍  ഉപേക്ഷിച്ചഅച്ഛനമ്മമാര്‍, മാറാരോഗികള്‍ എന്നിവരെയെല്ലാം ശുശ്രൂഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആശ്രയ നടത്തുന്നുണ്ട്. 1000 ല്‍ കൂടുതല്‍ അന്തേവാസികള്‍ ഇൗ സ്ഥാപനത്തില്‍ ഉണ്ട്. 'അനാഥരില്ലാത്ത ഭാരതം'  എന്നൊരു പദ്ധതി കേരളത്തിലെ 14 ജില്ലകളിലും ഇവര്‍ നടപ്പിലാക്കി.  ഈ പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ നിരവധി ആളുകള്‍ ആശ്രയയില്‍ അഭയം തേടിയെത്തി. 

തന്നെ തിരികെ കൊണ്ടു പോകാന്‍ എന്നെങ്കിലും മകന്‍ വരുമെന്ന പ്രതീക്ഷയിലാണ് മേരിയമ്മ. ഒരാഴ്ച മുമ്പാണ് വരപ്രസാദ് ആന്ധ്രയിലേക്ക് മടങ്ങിയത്.  ആന്ധ്രയിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയ്ക്കും മകനും ഒരുമിച്ചു താമസിക്കാന്‍ കേരളത്തില്‍ ഒരു വീട് ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞെങ്കിലെന്ന പ്രതീക്ഷ കൈവിടുന്നില്ല ആശ്രയയിലെ ജീവനക്കാര്‍.